- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരുംകൊലയിലും ആത്മഹത്യയിലും കലാശിച്ചത് ഭക്ഷണത്തെച്ചൊല്ലി ഉണ്ടായ തർക്കം
പറവൂർ: മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന ശേഷം ഭർതൃപിതാവ് വീടിനുള്ളിലെ ജനാലയിൽ തൂങ്ങി മരിച്ച സംഭവത്തിന് ആധാരം മാസങ്ങൾക്ക് മുമ്പുണ്ടായ കുടുംബവഴക്കെന്ന് പൊലീസ്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അരുംകൊലയിൽ കലാശിച്ചത്. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി എസ്.എൻ. റോഡ് കാനപ്പിള്ളി വീട്ടിൽ സെബാസ്റ്റ്യൻ (66) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കൊന്ന ശേഷം തൂങ്ങിമരിച്ചത്.
വ്യാഴാഴ്ച രാവിലെ 10.45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം. സെബാസ്റ്റ്യനും ഷാനുവും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഷാനുവിനെ ആക്രമിച്ച് കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു എന്നാണ് പറയുന്നത്. രക്തത്തിൽ കുളിച്ച നിലയിൽ ഷാനു ഓടി അയൽപക്കത്തെ വീട്ടിൽ എത്തി ബോധം കെട്ടുവീഴുകയായിരുന്നു. ഉടനെ ആംബുലൻസെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു.
വടക്കേക്കര പൊലീസ് എത്തിയപ്പോൾ സംഭവം നടന്ന വീട് അടച്ച നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് സെബാസ്റ്റ്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുടുംബകലഹമാണ് അരുംകൊലയ്ക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്. കുറച്ചുനാളായി ഷാനുവും ഫാക്ടിലെ കരാർ ജീവനക്കാരനായ ഭർത്താവ് സിനോജും സെബാസ്റ്റ്യനുമായി വഴക്കിലായിരുന്നു.
സെബാസ്റ്റ്യൻ ഓട്ടോ ടാക്സി ഡ്രൈവറാണ്. സിനോജ് രാവിലെ ജോലിക്കു പോയി. സെബാസ്റ്റ്യന്റെ ഭാര്യ ജാൻസി മൂത്ത മകൻ സിജുവിന്റെ കോട്ടപ്പുറത്തെ വീട്ടിലായിരുന്നു. സിനോജ്-ഷാനു ദമ്പതിമാരുടെ അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്‌കൂളിലും പോയി.
ജോലിസ്ഥലത്തുനിന്ന് രാവിലെ എട്ടിന് സിനോജ് ഷാനുവിനെ ഫോൺ ചെയ്തിരുന്നു. 10.30-ന് ഷാനു തന്റെ അമ്മ മിനിയെയും വിളിച്ചിരുന്നു. ഈ സമയത്തൊന്നും മറ്റ് പ്രശ്നങ്ങളുള്ളതായി സൂചിപ്പിച്ചിരുന്നില്ല. ഇവരുടെ വീട്ടിൽ ഭക്ഷണത്തെ ചൊല്ലി ഏതാനും മാസം മുൻപ് വാക്കുതർക്കമുണ്ടായിരുന്നു. പിന്നീടാണ് മകനും മരുമകളും അച്ഛനുമായി സംസാരിക്കാതായത്.
മഞ്ഞുമ്മൽ തച്ചങ്കേരി ലാസറിന്റെയും മിനിയുടെയും മകളാണ് ഷാനു. 11 വർഷം മുൻപാണ് സെബാസ്റ്റ്യനും കുടുംബവും വടക്കുംപുറം കൊച്ചങ്ങാടിയിൽ സ്ഥിരതാമസമാക്കിയത്.