- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗുണ്ടാ നേതാവിനെതിരെ ഭീകരവിരുദ്ധ സ്‌ക്വാഡ്; കൂട്ടാളികളെ എല്ലാം പൊക്കാൻ തീരുമാനം
കൊച്ചി: കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സംഘത്തെ ലക്ഷ്യമിട്ടുള്ള നടപടികൾ തുടരും. വരും ദിവസങ്ങളിലും അനസിന്റെ കൂട്ടാളികളെ പിടികൂടാനുള്ള നീക്കം സജീവമാക്കും. തോക്കുകൾ പിടികൂടിയ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയവീട്ടിൽ റിയാസ് (38) കൊലപാതക കേസിലടക്കം പ്രതിയും മുമ്പ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ള ആളുമാണ്. പെരുമ്പാവൂർ അനസ് ഗൾഫിലുണ്ടെന്നാണ് കേരളാ പൊലീസ് നിഗമനം. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരെ സൃഷ്ടിച്ച കുറ്റവാളിയാണ് പെരുമ്പാവൂർ അനസ്. തമിഴ്‌നാട് പൊലീസും ഇന്നലെ നടന്ന റെയ്ഡുകളുടെ ഭാഗമായി.
സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു നടപടികൾ്. ഇതിന്റെ ഭാഗമായി പെരുമ്പാവൂർ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിൽ നടത്തിയ റെയ്ഡിലാണ് റിയാസ് പിടിയിലാകുന്നത്. റിയാസിന്റെ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും രണ്ട് റിവോൾവറും രണ്ട് എയർ പിസ്റ്റളും 8.85 ലക്ഷം രൂപയും പിടികൂടി. റിയാസിനെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തോക്കിനും പണത്തിനും പുറമെ മുപ്പതോളം തിരകളും കത്തികളും കണ്ടെടുത്തു. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കൽ സ്വദേശി നെല്ലിക്കാപ്പള്ളി വീട്ടിൽ അൽത്താഫിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റിവോൾവർ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയർ പിസ്റ്റലിൽ ഉപയോഗിക്കാവുന്ന ഒരു ബോക്‌സ് പെല്ലറ്റുകളും കണ്ടെത്തി. ഇയാളും അനസിന്റെ അനുയായിയാണ്.
അനസുമായി ബന്ധമുള്ള ഒരാൾ താമസിച്ചിരുന്ന തമിഴ്‌നാട്ടിലെ ആനമലയിലുള്ള വീട്ടിൽ ഇപ്പോൾ താമസിക്കുന്ന ഗുരുവായൂരിലെ ഫ്‌ളാറ്റിലും നടത്തിയ റെയ്ഡിൽ ആനമലയിലെ വീട്ടിൽ നിന്നും ഒരു വടിവാൾ തമിഴ്‌നാട് പൊലീസ് കണ്ടെടുത്തു. അനസിന്റെ മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ കൈവശം അനധികൃതമായി തോക്കുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിസാറിന്റെ വീട്ടിലും നിസാർ ജോലിചെയ്തിരുന്ന രാജാക്കാട്ടുള്ള ഒരു റിസോർട്ടിലും സുഹൃത്തിന്റെ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തുള്ള വീട്ടിലും ഭീകരവിരുദ്ധ സ്‌ക്വാഡ് തിരച്ചിൽ നടത്തി.
വയനാട്ടിലെ കൽപ്പറ്റ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനസും കൂട്ടാളികളും താമസിച്ചിരുന്ന റിസോർട്ടിന്റെ പിന്നിൽ തോക്കുകൾ കുഴിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയും പരിശോധന നടത്തിയിരുന്നു. ഇപ്പോൾ ഗൾഫിലുള്ള അനസിന്റെ അടുത്ത സുഹൃത്തായ പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പൻ എന്നയാളുടെ പെരുമ്പാവൂരിലുള്ള വീട്ടിലും പരിശോധന നടത്തി. റെയ്ഡ് വിവരം പുറത്തായതോടെ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണ്. കേരളത്തിൽ ഒട്ടേറെ പേരിൽനിന്ന് അനസും സംഘവും വൻ സാമ്പത്തിക തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ചെന്നും ഈ പണമുപയോഗിച്ച് ദുബായിൽ സൂപ്പർ മാർക്കറ്റ് തുടങ്ങിയിട്ടുണ്ടെന്നും പൊലീസിന് വിവരമുണ്ട്.
അനസ് ദുബായിൽ ആരംഭിച്ചതെന്ന് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആഡംബര കാറുകളിൽ കൂട്ടാളികളുടെ വലിയ സംഘത്തിനൊപ്പം സഞ്ചരിക്കുകയും ഇത് ഫോട്ടോഷൂട്ട് നടത്തി റീൽസ് ഇറക്കുകയും ചെയ്താണ് അനസ് ചെറുപ്പക്കാരെ സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്. ഇയാളെ എത്രയും വേഗം കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് പൊലീസ് നടപടികൾ.