കൊച്ചി: കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിനെ കണ്ടെത്താനുള്ള പൊലീസ് നീക്കം ഫലം കാണുന്നില്ല. പെരുമ്പാവൂർ അനസ് എവിടെയുണ്ടെന്ന് പോലും സ്ഥിരീകരിക്കാൻ കഴിഞ്ഞതുമില്ല. അതിനിടെ പെരുമ്പാവൂരിൽനിന്നു പിടിച്ചെടുത്ത തോക്കുകൾ ഉപയോഗിച്ചിരുന്നതു സ്വർണക്കടത്തുകാർക്ക് അകമ്പടി പോകുന്നവരെന്നു വിവരം ലഭിച്ചു. ഇതിനായാണു ഇവർ അനധികൃത തോക്കുകൾ വാങ്ങി സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. അനസ് ഗൾഫിൽ നിന്നും മുങ്ങിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പെരുമ്പാവൂർ അനസിന്റെ ബന്ധുക്കളുടെയും കൂട്ടാളികളുടെയും വീടുകളിൽനിന്നാണു ഭീകരവിരുദ്ധസേന തോക്കുകൾ പിടികൂടിയത്. പരിശോധനയിൽ തോക്കുകളും തിരയും മറ്റു മാരകായുധങ്ങളും പണവും പിടിച്ചെടുത്തിരുന്നു. അനസിനായുള്ള അന്വേഷണം ഇപ്പോഴും സജീവമാണ്. അനസിന്റെ സഹോദരൻ അസിയുടെ വീട്ടിലും പരിശോധന നടന്നു. സ്വർണക്കടത്തുകാർക്ക് അകമ്പടി പോയിരുന്ന സംഘം ഇപ്പോൾ ഗൾഫിലാണ്. അവർ ആ ജോലി ഇപ്പോൾ ചെയ്യുന്നില്ലെന്നാണ് നിഗമനം.

ആലുവ മാഞ്ഞാലി കൊച്ചുകുന്നുംപുറം വലിയവീട്ടിൽ റിയാസ് എന്ന താടി റിയാസിന്റെ വീട്ടിൽ നിന്നു രണ്ടു റിവോൾവർ, രണ്ടു പിസ്റ്റൾ, 25 തിരകൾ, രണ്ടു കത്തി, 8.83 ലക്ഷംരൂപ എന്നിവയാണു കസ്റ്റഡിയിലെടുത്തത്. ഇയാളെ അറസ്റ്റുചെയ്തിരുന്നു. മാട്ടുപുറം മാവിൻചുവട് മുബാറക്ക് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും പെരുമ്പാവൂർ അനസ് ഗുണ്ടാസംഘാംഗവുമാണു റിയാസ്. റിയാസിനു സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് നിഗമനം. പെരുമ്പാവൂർ അനസിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇവരെല്ലാം പ്രവർത്തിക്കുന്നതെന്നും വ്യക്തമാണ്.

അനസിന്റെ അടുത്ത കൂട്ടാളി പെരുമ്പാവൂർ സ്വദേശി ഷാജി പാപ്പന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇയാൾ അനസിനൊപ്പം ഗൾഫിലാണ്. ഇവിടെ നിന്നെല്ലാം ലഭിച്ച സൂചനകളുടെ വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസിനു കൈമാറിയിട്ടുണ്ട്. എന്നാൽ റിയാസ് എവിടെയാണെന്ന് ഇപ്പോഴും സ്ഥിരീകരിക്കാൻ അന്വേഷകർക്ക് കഴിയുന്നില്ല. അനസ് ഗൾഫിലുണ്ടെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഇതോടെ ഇയാൾ ഇവിടെ വിട്ടുവെന്നാണ് സംശയം. വ്യാജ പാസ്‌പോർട്ടുമായാണ് യാത്ര. അതുകൊണ്ട് തന്നെ അനസിനെ കണ്ടെത്തലും അത്ര എളുപ്പമല്ല.

തനിക്ക് തോക്ക് നൽകിയത് കുപ്രസിദ്ധ ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസ് ആണെന്നാണ് റിയാസ് നൽകിയ മൊഴി. ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ഡി.ഐ.ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തോക്കുകളും മുപ്പതോളം തിരകളും കത്തികളും കണ്ടെടുത്തത്.

അനസിന്റെ മറ്റൊരു കൂട്ടാളിയായ മഞ്ചേരിയിലുള്ള നിസാറിന്റെ കൈവശം അനധികൃതമായി തോക്കുകൾ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നിസാറിന്റെ വീട്ടിലും നിസാർ ജോലിചെയ്തിരുന്ന രാജാക്കാടുള്ള ഒരു റിസോർട്ടിലും ഇയാളുടെ സുഹൃത്തിന്റെ തമിഴ്‌നാട് മേട്ടുപ്പാളയത്തിലുള്ള വീട്ടിലും ഭീകരവിരുദ്ധ സ്‌ക്വാഡും തമിഴ്‌നാട് പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും ഒന്നും പൊലീസിന് കിട്ടിയില്ല.