- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ടിന്റെ അസ്ഥിവാരം തോണ്ടുന്ന നടപടികൾക്ക് തുടക്കം കുറിച്ച് പൊലീസ്; കൂടുതൽ ആസ്തികൾ കണ്ടെത്തും; സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം അടച്ചുപൂട്ടി: മറ്റ് പേരുകളിൽ ഓഫീസുകൾ പ്രവർത്തിച്ചാലും പിടിവീഴും
കോഴിക്കോട്: നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കൂടുതൽ ആസ്തികൾ കണ്ടെത്തുന്നതിനുള്ള നടപടികൾ പൊലീസ് തുടങ്ങി. സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കം കോഴിക്കോട് മാത്രം ഇതുവരെ 9 ഓഫിസുകളാണ് അടച്ചുപൂട്ടിയത്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെയാണ് ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കേരളത്തിലും ആരംഭിച്ചത്. ആസ്തികൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാർവാലി ട്രസ്റ്റ് അടച്ചുപൂട്ടി സീൽ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം എൻഐഎ സംഘത്തിന്റെ സാന്നിധ്യത്തിൽ അടച്ചുപൂട്ടിയ സംസ്ഥാന കമ്മിറ്റി ഓഫിസായ കോഴിക്കോട് യൂണിറ്റി ഹൗസിൽ പൊലീസ് സംഘം വീണ്ടും പരിശോധന നടത്തി. ഓഫിസിലെ വസ്തുക്കൾ സംബന്ധിച്ചു കലക്ടർക്കു റിപ്പോർട്ട് നൽകും.ഇതുവരെ അറസ്റ്റിലായ നേതാക്കൾ ഉൾപ്പെടെയുള്ളവർ,ഇവരുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.
ഇതിനു പുറമേ കൂടുതൽ ഓഫിസുകൾ മറ്റു പേരുകളിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംസ്ഥാന വ്യാപകമായി കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. പല ഓഫിസുകളും സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പേരിലാണു പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രവർത്തകർ പ്രാദേശിക തലത്തിൽ എവിടെയെങ്കിലും യോഗങ്ങൾ ചേരുന്നുണ്ടോ എന്നും പൊലീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിരോധനമേർപ്പെടുത്തിയിട്ടും ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ യുഎപിഎ പ്രകാരം ഇവർ അകത്താകും.
സംസ്ഥാനത്ത് എവിടെയെങ്കിലും പി,എഫ്,ഐ യുടെപ്രചാരണ സാമഗ്രികളുണ്ടെങ്കിൽ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.എൻ.ഐ.എയുടെ മേൽനോട്ടത്തിൽ തഹസിൽദാർ, കേരള പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പി.എഫ്.ഐ ഓഫീസുകൾ അടച്ചുപൂട്ടുന്ന നടപടികളടക്കം മുന്നോട്ടുപോകുന്നത്.
അതേസമയം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിലെ അക്രമസംഭവങ്ങളുടെ പേരിൽ 22 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2291 ആയി. ഇതുവരെ 357 കേസുകളും ഹർത്താൽ അക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവുമധികം പേർ അറസ്റ്റിലായത ്(411) കോട്ടയം ജില്ലയിലാണ്.
മറുനാടന്‍ മലയാളി ബ്യൂറോ