ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കേരളത്തിൽനിന്ന്. 18 പേരെയാണ് കേരളത്തിൽ നിന്നും അറസ്റ്റു ചെയ്തത്. ഇതിൽ എട്ടുപേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കൾ അടക്കം അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും ഇരുപതു പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, (10), യുപി (8), ആന്ധ്ര (5), മധ്യപ്രദേശ് 94), പുതുച്ചേരി, ഡൽഹി (മൂന്നു വീതം), രാജസ്ഥാൻ (2) എന്നിങ്ങനെയാണ് അറസ്റ്റ്. ദേശീയ തലത്തിൽ നടത്തിയ റെയ്ഡിൽ ആകെ 106 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

എൻഐഎ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണെന്നാണ് പുറത്തുവരുന്ന വിവരം. സംഘടനയുടെ സാമ്പത്തിക ഇടപാടുകളിൽ അടക്കം കാര്യമായ അന്വേഷണം നടത്തിയിരുന്നു. തീവ്രവാദ പരീശീലനവും ഫണ്ടിങ്ങുമടക്കം വിഷയങ്ങളിൽ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് എൻഐഎ ഓപ്പറേഷൻ തുടങ്ങിയത്. ഇഡി ആണ് പിഎഫ്ഐയുടെ നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ മാസങ്ങളായി നിരീക്ഷിച്ചു വന്നത്. വലിയ തോതിൽ കള്ളപ്പണ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു.

അതേസമയം, ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസേനയുടെ സഹായത്തോടെ ആയിരുന്നു റെയ്ഡ്. കേരള പൊലീസ് റെയ്ഡ് തുടങ്ങി മണിക്കൂറുകൾക്കു ശേഷമാണ് സംഭവം അറിഞ്ഞത്. പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം. ചെയർമാൻ ഒ.എ.എ. സലാം അടക്കം പ്രമുഖ നേതാക്കളെ വൈദ്യ പരിശോധനയ്ക്കു ശേഷം കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. ഇവരിൽ ചിലരെ ഡൽഹിയിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

റെയ്ഡുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്ന് മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, എൻഐഎ ഡിജി എന്നിവരും യോഗത്തിൽ പങ്കെടുത്തു. റെയ്ഡിന്റെ മുഴുവൻ വിവരങ്ങളും അമിത് ഷാ ശേഖരിച്ചിട്ടുണ്ട്. ഇതിന് പുറമെ എൻഐഎ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം അനുസരിച്ച് ഓഗസ്റ്റ് 29 ന് അമിത് ഷാ അന്വേഷണ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഒരു സുപ്രധാന കൂടിക്കാഴ്ച നടത്തിയിരുന്നു. അതിൽ പിഎഫ്ഐക്കെതിരെ ഏകോപിപ്പിച്ച് വലിയ നടപടിയെടുക്കാൻ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകി.

കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, കോഴിക്കോട് സ്വദേശി പി. കോയ, ദേശീയ വൈസ് പ്രസിഡണ്ട് കളമശേരി സ്വദേശി അബ്ദുൽ റഹ്മാൻ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രമുഖ നേതാക്കൾ. കൂടാതെ തമിഴ്‌നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തു നിന്നും പിടികൂടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുലർച്ചെ 4.30 നാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജൻസികൾ റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന സമിതി ഓഫിസിലെ മുൻ അക്കൗണ്ടന്റും കസ്റ്റഡിയിലാണ്. തൃശൂരിൽ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിലും എൻഐഎ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ കോയ തങ്ങളെയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനെയും കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവിൽ യഹിയയുടെ വീട്ടിലെ റെയഡ് തടയാൻ എത്തിയ പ്രവർത്തകർക്കു നേരെ ലാത്തി വീശി.

എസ്ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയിൽ എൻഐഎ കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ യുടെ കരുനാഗപ്പള്ളി പുതിയകാവിലെ ഓഫിസിലും കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫിന്റെ അഞ്ചലിലെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് ഓഫിസിലെ റെയ്ഡിൽ പ്രതിഷേധിച്ച് അടൂരിൽ പ്രവർത്തകർ പ്രകടനം നടത്തി.

രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം നടക്കുന്നത് ആദ്യമായാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകൾ സംഘടിപ്പിക്കൽ, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേർക്കൽ, രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾക്കായി ധനശേഖരണം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് റെയ്ഡെന്നാണ് വിവരമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളം കൂടാതെ തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി.

കേന്ദ്ര സേനയുടെ സുരക്ഷയോടെയായിരുന്നു റെയ്ഡ്. നേതാക്കളുടെ വീട്ടിൽ നടന്ന റെയ്ഡിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു.തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിൽനിന്ന് പെൻഡ്രൈവ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിൽ മുണ്ടക്കയത്തും പെരുവന്താനത്തും റെയ്ഡ് നടന്നു.

2006ൽ കേരളത്തിൽ രൂപീകരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആസ്ഥാനം ഡൽഹിയിലാണ്. ലഖ്നൗവിലെ പ്രത്യേക കോടതിയിൽ പിഎഫ്ഐയ്ക്കും അതിന്റെ ഭാരവാഹികൾക്കുമെതിരെ അന്വേഷണ ഏജൻസി രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, പിഎഫ്ഐക്കും അതിന്റെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ ചുമത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു, ഹത്രാസിൽ വർഗീയ കലാപങ്ങൾ ഇളക്കിവിടാനും ഭീകരത പടർത്താനും പിഎഫ്ഐ നടത്തിയ നീക്കങ്ങളുടെ തെളിവുകളെല്ലാം അന്വേഷണം ഏജൻസികൾ സ്വീകരിച്ചിരുന്നു.