- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാമ്പി കരിമ്പുള്ളിയിലെ വീട് 'സർജിക്കൽ സ്ട്രൈക്കിന്' സമാനമായി വളഞ്ഞത് അർദ്ധ രാത്രി; വാതിൽ ചവിട്ടി തുറന്ന് കയറിയവർക്ക് കിട്ടിയത് ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാവിനെ; കൃത്യമായ വിവരശേഖരണത്തിൽ പി എഫ് ഐ സംസ്ഥാന സെക്രട്ടറിയും അറസ്റ്റിൽ; റൗഫിനെ പിടികൂടിയത് ആഴ്ചകളുടെ ഓപ്പറേഷന് ശേഷം
പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. എൻ ഐ എ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. രാത്രി പന്ത്രണ്ടോടെയാണ് അറസ്റ്റ് ഉണ്ടായത്. ഒളിവിലായിരുന്ന റൗഫ് എത്തിയത് അറിഞ്ഞായിരുന്നു ഓപ്പറേഷൻ. പൊലീസ് പോലും ഈ നീക്കം അറിഞ്ഞില്ലെന്നാണ് സൂചന. ഒളിവിൽ പോയ റൗഫിനെ കുടുക്കാൻ പ്രത്യേക പദ്ധതി കേന്ദ്ര ഏജൻസി തയ്യാറാക്കിയിരുന്നു.
തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിലെ എൻഐഎ റെയ്ഡിനിടയിൽ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും മിന്നൽ പരിശോധനയ്ക്കിടയിൽ ഒളിവിൽപോകുകയായിരുന്നു. സത്താറിനെ നേരത്തെ പിടികൂടിയിരുന്നു. കൊല്ലത്തെ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു സത്താറിന്റെ അറസ്റ്റ്. പിന്നാലെ റൗഫും കുടുങ്ങുന്നു.
രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിച്ചതിലും റൗഫിന് പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. റൗഫ് പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലായപ്പോൾ കേരളത്തിലെ സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നതിനാണ് നേതാക്കൾ ഒളിവിൽപോയതെന്നും ഒളിവിലുരുന്നാണ് എൻഐഎ റെയ്ഡിനെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ റൗഫിനെ ഡൽഹിയിലേക്ക് കൊണ്ടു പോകും. അവിടെയാകും വിശദ ചോദ്യം ചെയ്യൽ.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുൻ ചെയർമാൻ ഇ.അബൂബക്കർ ഉൾപ്പെടെ എൻഐഎ അറസ്റ്റ് ചെയ്ത 18 േപർക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകൾ ചുമത്തുമ്പോൾ ചർച്ചയാക്കുന്നത് പഴയ കേസുകൾ പലതും. പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ, സ്ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ പ്രവൃത്തികൾ ജനമനസ്സിൽ ഭീതി വിതച്ചതായി എൻഐഎ കോടതിയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരും. വിദേശത്തുനിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനാനേതാക്കൾക്കു ലഭിച്ചതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറിൽ നിന്ന് എൻആർഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമായി കഴിഞ്ഞ കുറേ വർഷങ്ങളിലായി 120 കോടി രൂപ അക്കൗണ്ട് മാർഗം കൈമാറിയിട്ടുണ്ടെന്നാണ് ആരോപണം. തങ്ങൾ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനു ചാനലുകളില്ലെന്നുമാണ് പിഎഫ്ഐയുടെ നിലപാട്. എന്നാൽ ഇത് കേന്ദ്ര ഏജൻസി അംഗീകരിക്കുന്നില്ല.
സംഘടനയെ നിരോധിക്കുന്നതിന് 2017 ൽ എൻഐഎ ശ്രമിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള നടപടികളുടെ തുടക്കം വിദേശ 'ഹോട്ടൽ ബില്ലിൽ' നിന്നാണെന്നാണ് പുറത്തു വരുന്ന സൂചന. 2020-ൽ കോവിഡ് ലോക്ഡൗൺ സമയത്ത് ഹോട്ടലുകൾ അടഞ്ഞുകിടന്നപ്പോൾ 29 ലക്ഷംരൂപ താമസത്തിന് ചെലവായെന്ന് കാണിച്ചുള്ള പണമിടപാടിൽനിന്നാണ് അന്വേഷണ ഏജൻസികൾ പോപ്പുലർ ഫ്രണ്ടിനെതിരേ സംശയമുനയെറിഞ്ഞത്. കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണ ഏജൻസികൾ പരിശോധിച്ചത്. രണ്ടരക്കോടി രൂപയോളം മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തിയതിൽ 64 ലക്ഷം രൂപയുടെ വിദേശപണമിടപാടുകൾ ഉണ്ടായിരുന്നു.
കൊല്ലം അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫ്, കാമ്പസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയിരുന്നു. ഒരു ബാങ്ക് അക്കൗണ്ടിൽ 1.35 കോടി രൂപ 2018-2020 കാലയളവിൽ ഉണ്ടായിരുന്നു. വിദേശത്തുനിന്നും 29.18 ലക്ഷം രൂപയുടെ നിക്ഷേപമുൾപ്പെടെയായിരുന്നു ഇത്. 2020 ഏപ്രിൽ-ജൂൺ മാസത്തിലാണ് നൗഫൽ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവർ 29 ലക്ഷംരൂപ റൗഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് നിക്ഷേപിച്ചത്. ബാങ്ക് രേഖകൾപ്രകാരം ഈ തുക ഹോട്ടലുകളിലെ താമസത്തിനെന്ന പേരിലാണ് ചേർത്തിരിക്കുന്നത്. എന്നാൽ റൗഫിന്റെ പേരിൽ ഇന്ത്യയിലോ വിദേശത്തോ ഹോട്ടലുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മാത്രമല്ല 2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ കോവിഡ് മൂർധന്യത്തിലായിരുന്നതിനാൽ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞുകിടന്ന സമയമായിരുന്നു. റൗഫിന്റെ മറ്റൊരു അക്കൗണ്ടിൽ 2019-20 കാലയളവിൽ 67 ലക്ഷം രൂപയുണ്ടായിരുന്നു. ഇതിൽനിന്ന് മേയിൽ 19.7 ലക്ഷം രൂപ ദോഹയിലേക്ക് അയച്ചിട്ടുണ്ട്. ഓക്ടോബറിൽ 16 ലക്ഷം രൂപ ദോഹയിൽനിന്ന് ഈ അക്കൗണ്ടിലേക്ക് വരികയുംചെയ്തു. മൂന്നാമത്തെ അക്കൗണ്ടിൽ 2020-ൽ 20 ലക്ഷം രൂപ ഉണ്ടായിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ ഇടപാടുൾപ്പെടെ സംശയിച്ചാണ് അന്വേഷണങ്ങൾക്ക് തുടക്കമിട്ടത്.
മറുനാടന് മലയാളി ബ്യൂറോ