- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടി; യാത്രയിൽ പങ്കെടുത്ത രണ്ടുപേരുടെ പോക്കറ്റടിച്ചെന്ന് പരാതി; തമിഴ്‌നാടുനിന്നുള്ള നാലംഗ സംഘത്തെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും; ഉടൻ പിടികൂടുമെന്ന് പൊലീസ്
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യിൽ പോക്കറ്റടിസംഘം കടന്നുകൂടി. നേമത്തുനിന്നുള്ള യാത്രയിലാണ് തമിഴ്‌നാടുനിന്നുള്ള സംഘം കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളിൽനിന്നും നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നു വൈകിട്ട് 5ന് തിരുവനന്തപുരം നഗരത്തിൽ ഓണംവാരാഘോഷ സമാനപഘോഷയാത്ര തുടങ്ങും മുൻപ് ഇവരെ പിടികൂടാനാണു ശ്രമം.
നേമം വെള്ളായണി ജങ്ഷനിൽ നിന്ന് പട്ടത്തേക്കായിരുന്നു ഇന്ന് രാവിലത്തെ ജോഡോ യാത്ര. ഇതിനിടെ യാത്രയിൽ പങ്കെടുത്ത രണ്ടുപേർ തങ്ങളുടെ പോക്കറ്റിടിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ സിസിടിവി അന്വേഷണത്തിലാണ് യാത്രയിൽ പോക്കറ്റടി സംഘത്തിന്റെ സാന്നിധ്യം വ്യക്തമായത്. സംഘത്തെ അറസ്റ്റ് ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണർ അറിയിച്ചു. കന്യാകുമാരിയിൽ നിന്ന് തന്നെ സംഘം യാത്രയിൽ കടന്നു കൂടിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
രാഹുലിനെ കാണാനെത്തുന്നവരെ പോക്കറ്റടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. സംഘത്തിലുള്ള നാലുപേരുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു സ്ഥലങ്ങളിൽ ഇവർ പോക്കറ്റടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെയും പല മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. അതുകൊണ്ട് തന്നെ പൊലീസ് ലിസ്റ്റിൽ ഇവരുടെ പേരുകളുണ്ട്. അതാണ് ഇവരെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.
യാത്ര കരമനയിലൂടെ കടന്നുപോവുമ്പോൾ രണ്ടു പേരുടെ പോക്കറ്റ് അടിക്കപ്പെട്ടതായി പരാതി ഉയർന്നു. ഇതു സംബന്ധിച്ച പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കൂടുതൽ പേരുടെ പഴ്സും മറ്റും നഷ്ടപ്പെട്ടതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സിസിടിവി പരിശോധിച്ചത്. കരമന പൊലീസും തിരുവനന്തപുരം ഫോർട്ട് പൊലീസും ചേർന്നാണ് പരിശോധിച്ചത്. തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ മുൻപും സമാനകേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.
അതേ സമയം ജോഡോ യാത്രയിൽ രണ്ടാം ദിനവും വൻ ജനപങ്കാളിത്തമുണ്ടായി. പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂളിലാണ് രാവിലത്തെ യാത്ര അവസാനിപ്പിച്ചത്. വൈകീട്ട് നാല് മണിക്ക് പട്ടത്തിന് നിന്ന് യാത്ര പുനരാരംഭിക്കും. കഴക്കൂട്ടത്താകും സമാപനം.
മറുനാടന് മലയാളി ബ്യൂറോ