- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ മരിച്ച യുവതിയുടെ ഇൻക്വസ്റ്റ് നടപടികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു; മൃതദേഹത്തോടു അനാദരവ്; ഫോട്ടോഗ്രാഫർക്കെതിരെ പരാതി; നീതി തേടി യുവതിയുടെ രണ്ടു കുട്ടികളടങ്ങുന്ന കുടുംബം
തൃശൂർ: അപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹത്തിന്‌ഖെ ഇൻക്വസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ നീതി തേടി യുവതിയുടെ കുടുംബം. തൃശൂർ സ്വദേശിയായ ലിജിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച ഫോട്ടോഗ്രഫർക്കെതിരെയാണ് പരാതി. ലിജിയുടെ ഭർത്താവും അമ്മയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് നീതി തേടുന്നത്.
ജൂലൈയിൽ നടന്ന ഒരപകടത്തിലാണ് ലിജി (34) മരിച്ചത്. ലിജിയുടെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കുടുംബം കരകയറുന്നതിനു മുൻപേയാണ് മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം ഉണ്ടാകുന്നത്. ഇൻക്വസ്റ്റ് സമയത്ത് പൊലീസ് ഫോട്ടോഗ്രാഫർമാരില്ലാത്തതിനാൽ പുറത്തുനിന്നുള്ള ആളെയാണ് ഇതിനായി പൊലീസ് നിയോഗിച്ചത്.
ഇത് പ്രിന്റ് ചെയ്യാൻ സ്ഥലത്ത് സ്റ്റുഡിയോ നടത്തുന്ന, ഫോട്ടോഗ്രഫർ കൂടിയായ സിദ്ധാർദ്ധൻ എന്നയാളെ സമീപിക്കുകയും ചെയ്തു. ഇയാളാണ് ലിജിയുടെ ഇൻക്വസ്റ്റ് നടപടിക്രമങ്ങളുടെ ചിത്രങ്ങൾ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. എന്താണ് ഇതിനു പിന്നിലെ കാരണം എന്നു വ്യക്തമല്ല.
ഫോട്ടോകൾ പിന്നീട് നീക്കം ചെയ്തെങ്കിലും നാട്ടുകാരും അയൽവാസികളും ഉൾപ്പെടെയുള്ളവർ ഈ വിവരം ലിജിയുടെ ഭർത്താവ് സിജുവിനെ അറിയിച്ചിരുന്നു. തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ലിജിയുടെ കുടുംബം ഫോട്ടോഗ്രാഫർക്കെതിരെ പരാതി നൽകി.
ഇതിനിടെ, സിജു ഫോട്ടോഗ്രാഫറെ ആക്രമിക്കുകയും ക്യാമറയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സിദ്ധാർത്ഥൻ സിജുവിനെതിരെ പരാതി നൽകുകയും സിജു ജയിലിൽ ആകുകയും ചെയ്തു. ഫോട്ടോഗ്രാഫർക്കെതിരായ കേസ് ഓഗസ്റ്റ് 4 നും സിദ്ധാർത്ഥൻ നൽകിയ കൗണ്ടർ കേസ് ഓഗസ്റ്റ് 11 നുമാണ് രജിസ്റ്റർ ചെയ്തത്.
ഐടി ആക്ട് പ്രകാരം, ലിജിയുടെ കുടുംബം നൽകിയ കേസ്, അതിരപ്പിള്ളിയിലേക്ക് മാറ്റി അന്വേഷണം നടത്തി വരികയാണെന്ന് വെള്ളിക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. വെള്ളിക്കുളങ്ങരയിൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അഭാവത്തെ തുടർന്നാണ് കേസ് അതിരപ്പിള്ളിയിലേക്ക് മാറ്റിയത്. സിദ്ധാർത്ഥൻ നൽകിയ കൗണ്ടർ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
അസ്വാഭാവിക മരണങ്ങളിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താമെന്ന ഡിജിപിയുടെ മാർഗ നിർദ്ദേശം ഇക്കഴിഞ്ഞ ജൂണിൽ പുറത്തു വന്നിരുന്നു. മരണം നടന്ന് നാല് മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കണം. ഇൻക്വസ്റ്റിന് എസ്എച്ച്ഒമാർ നടപടി സ്വീകരിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. നേരത്തേ, വൈകിട്ട് 6 മണിക്കു ശേഷം ഇൻക്വസ്റ്റ് നടത്താറുണ്ടായിരുന്നില്ല. 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ഇൻക്വസ്റ്റിന് കൂടുതൽ സമയം ആവശ്യമായി വന്നാൽ അത് കൃത്യമായി രേഖപ്പെടുത്തണം. പോസ്റ്റ്മോർട്ടത്തിന് മൃതദേഹം അയക്കുന്നതിൽ കാലതാമസം വരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിമാരുടെ നിരീക്ഷണം ആവശ്യമാണെന്നും ഡിജിപിയുടെ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇൻക്വസ്റ്റ് നടത്താനാവശ്യമായ വെളിച്ചം, മൃതദേഹം ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം, മറ്റ് ചെലവുകൾ എന്നിവ നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകൈയെടുക്കണമെന്നും നിർദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ