തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പോക്‌സോ കേസ് പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അബുദാബിയിൽ നിന്നു പിടികൂടി കേരള പൊലീസിനു കൈമാറി. തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല സ്വദേശി ഫെബിനെ(26)യാണ് കേരള പൊലീസ് യുഎഇയിലെത്തി ഏറ്റുവാങ്ങിയത്. തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്‌പി വിജുകുമാർ, പള്ളിക്കൽ ഐഎസ്എച്ച്ഒ ശ്രീജേഷ്. വി.കെ, ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്.

ഇന്നു പുലർച്ചെ 3.55 ന് എയർ ഇന്ത്യ എക്സ്‌പ്രസിൽ നെടുമ്പാശ്ശേരി എയർ പോർട്ടിൽലൂടെ കൊണ്ടുവരികയായിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും. 2019 ഒക്ടോബർ മാസത്തിലാണ് പള്ളിക്കൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

ഈ സമയം പ്രതിയായ യുവാവ് വിദേശത്തേയ്ക്ക് കടന്നിരുന്നു. പ്രതിയെ നാട്ടിലേയ്ക്ക് വരുത്തുവാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കു ശേഷം പൊലീസ് സംഘം നാലു ദിവസം മുമ്പ് അബുദാബിയിൽ എത്തുകയായിരുന്നു. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ട്യൂഷൻ ക്ലാസിന് പോകുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ഒന്നിലധികം ദിവസങ്ങളിൽ പ്രതിയായ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നാളുകൾക്ക് ശേഷം യുവാവ് വിദേശത്ത് പോയി. പെൺകുട്ടിക്ക് പഠിത്തത്തിൽ ശ്രദ്ധക്കുറവുണ്ടാവുകയും സ്വഭാവത്തിൽ വ്യത്യാസം വരികയും ചെയ്തതോടെ സ്‌കൂളിലെ ക്ലാസ് ടീച്ചർ കൂട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചതറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽൽഡ്‌ലൈൻ പ്രവർത്തകരെ അറിയിക്കുകയും ഇവർ പൊലീസിന് വിവരം നൽകുകയുമായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതി വിദേശത്തേയ്ക്ക് കടന്നിരുന്നു. പോക്‌സോ കേസിൽ ഒളിവിൽ പോയ ഒരു പ്രതിയെ വിദേശ രാജ്യത്തു നിന്നും ഇന്റർപോളിന്റെ സഹായത്താൽ പിടികൂടി നാട്ടിലെത്തിച്ചത് കേരള പൊലീസിന്റെ ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.