- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിന്റെ ഫുട്ബോഡിൽ വച്ച് പെൺകുട്ടിയുടെ ശരീരത്തോട് ചേർന്ന് നിൽക്കാൻ ശ്രമം; ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ ഡോർ തുറന്നു വിടേണ്ട കേസെയുള്ളുവെന്ന് ഭീഷണി; എരുമേലിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കോട്ടയം: ബസിൽ യാത്ര ചെയ്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ. ബസിലെ ജീവനക്കാരനായ കോട്ടയം വെള്ളാവൂർ ചെറുവള്ളി അടാമറ്റം ഭാഗത്ത് തോപ്പിൽപാത വീട്ടിൽ അച്ചു മോൻ റ്റി. കെ (24) എന്നയാളെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് എരുമേലി പൊലീസ് അറിയിച്ചു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
16 വയസുള്ള പെൺകുട്ടിയെ ബസിൽ കയറുമ്പോഴും പിന്നാലെ നടന്നും ഉപദ്രവിച്ചതായി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പെൺകുട്ടിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന രണ്ട് പെൺകുട്ടികളിൽ നിന്നും പൊലീസ് മൊഴി എടുത്തിട്ടുണ്ട്.
ബസ് ജീവനക്കാരനെ പെൺകുട്ടിയുടെ സഹോദരൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. മർദനത്തിന് ശേഷമാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ വിവരം അറിയുന്നത്. എരുമേലി - റാന്നി റൂട്ടിൽ ഓടുന്ന സാൻസിയ ബസിലെ 'കിളി' ആണ് പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്.
റാന്നിയിൽ ഒരു സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുകയാണ് പെൺകുട്ടി. സ്‌കൂൾ വിട്ടാൽ വൈകിട്ട് 4.20 ന് എരുമേലിയിൽ എത്തുന്ന സാൻസിയ ബസിലാണ് സ്ഥിരമായി കയറുന്നത്. ഈ ബസിൽ ഡോർ തുറക്കാൻ നിൽക്കുന്നയാളാണ് പലതവണ മോശമായി പെരുമാറിയത്. പെൺകുട്ടി പലവട്ടം താക്കീത് നൽകിയിട്ടും ഇയാൾ പിന്നാലെ നടന്നു ശല്യം ചെയ്തു. ശല്യം ചെയ്യൽ കൂടിവന്നതോടെ പെൺകുട്ടി കരഞ്ഞു കൊണ്ട് പിതാവിന്റെ സഹോദരിയുടെ മകനോട് വിവരം പറഞ്ഞു. പെൺകുട്ടിയുടെ കരച്ചിൽ കണ്ടയുടൻ സഹോദരൻ ബസ് സ്റ്റാന്റിലെത്തി ഇയാളോട് ഇക്കാര്യം സംബന്ധിച്ച് തർക്കമുണ്ടാകുകയും മർദ്ദനം നടക്കുകയുമായിരുന്നു.
ബസ് ജീവനക്കാരൻ ഇഷ്ടമാണെന്ന് പലവട്ടം പറഞ്ഞതായും എനിക്ക് അങ്ങനെയൊന്നും ഇല്ലായെന്ന് പെൺകുട്ടി അറിയിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ ഡോർ തുറന്നു വിടേണ്ട കേസെയുള്ളുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മറുനാടനോട് പറഞ്ഞു. ഭീഷണി ഭയന്നാണ് പിതാവിന്റെ സഹോദരിയുടെ മകനോട് വിവരം അറിയിച്ചത്. പെൺകുട്ടി വീട്ടിലെത്തിയ ഉടൻ വിവമറിഞ്ഞ പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
കഴിഞ്ഞ മൂന്നു ദിവസമായി പെൺകുട്ടിയെ ഇയാൾ ശല്യം ചെയ്യുകയാണെന്നും ശരീരത്തിന്റെ പിൻഭാഗത്ത് പിടിച്ചതായും പരാതിയിലുണ്ട്. ബസിൽ കയറാൻ നേരത്ത് ഫുട്ബോഡിൽ നിന്നും ഇയാൾ മാറുകയില്ല. പെൺകുട്ടിയുടെ ശരീരത്തോട് ചേർന്ന് നിൽക്കാൻ മനഃപൂർവം ശ്രമിക്കുകയും ചെയ്തിരുന്നു എന്നും പരാതിയിൽ പറയുന്നു. ലൈംഗിക ചുവയുള്ള സംഭാഷണവും രൂക്ഷമായ നോട്ടവും ഉണ്ടായിരുന്നതായും പറയുന്നുണ്ട്. തന്നെ ബുദ്ധിമുട്ടിക്കരുതെന്ന് ആദ്യ ദിവസം തന്നെ പെൺകുട്ടി പറഞ്ഞിരുന്നു. മറ്റു പെൺകുട്ടികളോടും ഇയാൾ ഇങ്ങനെ തന്നെയാണ് പെരുമാറിയതെന്നും ആരോപണമുണ്ട്.
അറസ്റ്റിലായ പ്രതിക്കെതിരെ നിരവധി പെൺകുട്ടികൾ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് എരുമേലി പൊലീസ് അറിയിച്ചു. പെൺകുട്ടി ഇന്ന് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരായി രഹസ്യമൊഴി നൽകും. വ്യാഴാഴ്‌ച്ച വൈകിട്ടാണ് ബസ് ജീവനക്കാരന് മർദനമേറ്റത്. ബിയർ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. സഹോദരനെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും ഇയാൾ ഒളിവിലാണ്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ബസ് സ്റ്റാന്റിന് സമീപം ആളുകൾ നോക്കി നിൽക്കെയാണ് സഹോദരൻ ഇയാളെ മർദ്ദിക്കുന്നത്. പെൺകുട്ടികളുടെ ശരീരത്ത് കടന്നു പിടിക്കും അല്ലേടാ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. കഴുത്തിൽ പിടിച്ച് തള്ളുന്നതും തലക്കടിക്കുന്നതും ചവിട്ടുന്നതും സമൂഹ മാധ്യമത്തിൽ പ്രചരിച്ച വീഡിയോയിൽ കാണാം. മർദ്ദനം കണ്ട് അവിടെയുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആദ്യം ബസ് ജീവനക്കാരന് മർദ്ദനമേറ്റതിൽ വ്യാപക പ്രതിഷേധം ഉയർന്നെങ്കിലും പിന്നീട് പെൺകുട്ടിയെ ഉപദ്രവിച്ച സംഭവമായതിനാൽ പ്രതിഷേധം തണുത്തു. എങ്കിലും ക്രൂര മർദ്ദനം നടത്തിയത് ശരിയായില്ല എന്ന് വിമർശനം ഉയരുന്നുണ്ട്.
എരുമേലി സ്റ്റേഷൻ എസ്. എച്ച്. ഓ അനിൽകുമാർ വി. വി, എസ്. ഐമാരായ അനീഷ് എം. എസ്, അബ്ദുൾ അസീസ്, എ. എസ്. ഐ. ഷീനാ മാത്യു , സി.പി.ഓ മാരായ ഷാജി ജോസഫ് ,കൃപാ എം കെ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.