കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരനെിരെ കേസെടുത്തു പൊലീസ്. യുഡിഎഫ് പൊതു സമ്മേളത്തിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വടകര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കേസിനെ നിയമപരമായി നേരിടുമെന്ന് ഹരിഹരൻ പ്രതികരിച്ചു.

അതിനിടെ കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ച ആർഎംപി രംഗത്തെത്തി. തേഞ്ഞിപ്പലത്ത് ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. ബോംബ് വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞെന്നാണ് ഹരിഹരൻ വ്യക്തമാക്കുന്നത്. സ്ഫോടക വസ്തു ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് കെ കെ രമ എംഎൽഎ പ്രതികരിച്ചു. വിഷയം വളരെ ഗൗരവതരമാണ്. ഇത്തരമൊരു ആക്രമണം അംഗീകരിക്കാനാകില്ലെന്നും രമ കൂട്ടിച്ചേർത്തു.

'സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചയാളാണ് കെഎസ് ഹരിഹരൻ. എന്നാൽ വിഷയം ഇവിടം കൊണ്ടൊന്നും വിവാദം അവസാനിക്കുന്നില്ലെന്ന് വാർത്താ സമ്മേളനം നടത്തി പി മോഹനൻ പറഞ്ഞ പ്രസ്താവനയെ ഈ ഘട്ടത്തിൽ സംശയിക്കുന്നുണ്ട്. ഇന്നുച്ച മുതൽ കെ എസ് ഹരിഹരന്റെ വീടിന് പരിസരത്ത് ഒരു കാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. കാറിന്റെ നമ്പരടക്കം നൽകി ഇക്കാര്യം മലപ്പുറം എസ്‌പിയെ അറിയിക്കുകയും ചെയ്തു. വൈകുന്നേരം ഗേറ്റിന് മുന്നിൽ വന്ന് തെറി വിളിക്കുന്ന സ്ഥിതിയുമുണ്ടായി'. കെ കെ രമ പറഞ്ഞു.

വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരനും വ്യക്തമാക്കിയിരുന്നു. വടകരയിൽ നടന്ന 'സിപിഎം. വർഗീയതക്കെതിരെ നാടൊരുമിക്കണം' ജനകീയ പ്രതിഷേധത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ശൈലജക്കും നടി മഞ്ജു വാര്യർക്കുമെതിരായ അധിക്ഷേപ പരാമർശം. ഈ പ്രസ്താവന വിവാദമായതോടെ ഹരിഹരൻ മാപ്പു പറഞ്ഞിരുന്നു. ഇതിൽ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നതും.

വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തിൽ കെ.കെ. ശൈലജ, മഞ്ജുവാര്യർ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമർശമായിരുന്നു വിവാദത്തിലായത്. 'സിപിഎം. വർഗീയതയ്ക്കെതിരേ നാടൊരുമിക്കണം' എന്ന സന്ദേശവുമായി യു.ഡി.എഫും ആർ.എംപി.ഐയും കഴിഞ്ഞദിവസം വടകരയിൽ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.

'സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവര് ചില സംഗതികൾ നടത്തിയാൽ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോർണോ വീഡിയോ ഉണ്ടാക്കി... ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോർണോ വിഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാൽ മനസ്സിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?' -എന്നിങ്ങനെയായിരുന്നു ഹരിഹരന്റെ വാക്കുകൾ.

ടി.എസ് ഹരിഹരൻ കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറച്ചിൽ മതിയാകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മിന് തലവേദനയായ ആർഎംപിയെ ഒതുക്കാൻ കിട്ടിയ അവസരമായാണ് ഇതിനെ സിപിഎം കാണുന്നത്.