കണ്ണൂർ: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ കമന്റിട്ട അദ്ധ്യാപികക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര ഓർക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. വിവാദ കമന്റിനെതിരെ മാനന്തേരി സ്വദേശി പി ജിജോ ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്.

ജന നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റെന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നും ജിജോ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചുവെന്ന ചാനൽ വാർത്തക്ക് താഴെയാണ് അദ്ധ്യാപിക അപകീർത്തികരമായ കമന്റിട്ടത്. ഇതു സിപിഎം. സോഷ്യൽ മീഡിയ സഖാക്കളിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന രീതിയിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻപിള്ളയെ ആണ് രജിസ്‌ട്രേഷൻ ഐ ജി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. നേരത്തെ ഇയാൾക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.

നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിൽ അധിക്ഷേപകരമായ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഉറൂബിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻകുമാർ സസ്‌പെൻഡ് ചെയ്തത്. പൊതുജനമധ്യത്തിൽ പൊലീസിനെ താറടിക്കുന്നതാണെന്നും പോസ്റ്റെന്നും സർവീസ് ചട്ട ലംഘനമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനായിരുന്നു ഉറൂബ്. വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നൽകിയത്.

പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. 'എൽവിഎച്ച്എസ് പിടിഎ 2021-22' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് കുറിപ്പിട്ടത്. കഴിഞ്ഞ ദിവസം ഇയാൾ ഖേദപ്രകടനം നടത്തി വീഡിയോ പങ്കുവെച്ചിരുന്നു.