- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഓട് പൊളിച്ചിട്ട് കാര്യമില്ല മുജീബേ, ചുറ്റും ഞങ്ങളുണ്ട്'
കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ അനു കൊലക്കേസിൽ പ്രതി മുജീബ്റഹ്മാനെ പൊലീസ് കണ്ടെത്തി പിടികൂടിയത് അതിവേഗത്തിൽ ആയിരുന്നു. ഈ അന്വേഷണ മികവ് അഭിനന്ദിക്കേണ്ട കാര്യമാണ് താനും. ഇപ്പോഴിതാ കൊടും ക്രിമിനലായ പ്രതിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽനിന്നാണ് പൊലീസ് സംഘം മുജീബ് റഹ്മാനെ പൊക്കിയത്.
പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ മുജീബ്റഹ്മാൻ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെ, പൊലീസുകാരനെ ജനൽച്ചില്ല് കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പൊലീസ് സംഘം മുജീബ്റഹ്മാന്റെ വീട് വളയുന്നതും പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് വീട്ടിലെത്തിയപ്പോൾ മുജീബ്റഹ്മാൻ ഓട് പൊളിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ 'ഓട് പൊളിച്ചിട്ട് കാര്യമില്ല മുജീബേ, നിന്റെ ചുറ്റും ഞങ്ങളുണ്ട്' എന്ന് പൊലീസുകാരൻ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നാലെ പൊലീസുകാർ വിവിധസംഘങ്ങളായി തിരിഞ്ഞു.
ഒരുസംഘം വീടിനുള്ളിൽ കയറി. എന്നാൽ, മുജീബ് റഹ്മാൻ മുറിയുടെ വാതിലടച്ച് ഒളിച്ചിരുന്നു. പലതവണ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ വാതിൽ തുറന്നില്ല. ഇതോടെ പൊലീസ് സംഘം വാതിൽ ചവിട്ടിപ്പൊളിച്ചാണ് മുറിക്കുള്ളിൽ പ്രവേശിച്ചത്. ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിൽ ഒളിച്ചിരുന്ന പ്രതി ഇതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ, പൊലീസ് സംഘം അതിസാഹസികമായി മുജീബ്റഹ്മാനെ കീഴ്പ്പെടുത്തുകയായിരുന്നു.
മട്ടന്നൂരിൽ നിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിൽ വരുകയായിരുന്ന പ്രതി പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇട റോഡിലേക്ക് കയറി. വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ- വാളൂർ അമ്പലം റോഡിൽ മൂന്ന് തവണ പ്രതി കറങ്ങി. രാവിലെ ഒമ്പത് മണിക്ക് ശേഷമായിരുന്നു ഇത്. ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന യുവതിയെ കണ്ടത്. യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങൾ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. അനുവിനെ കൊന്ന് തോട്ടിൽ താഴ്‌ത്തി, ആഭരണങ്ങൾ കവർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് 10 മിനുറ്റ് മാത്രമാണെന്നതും മുജീബ് എന്ന ക്രിമിനൽ എത്രമാത്രം അപകടകാരിയാണെന്നത് തുറന്നുകാട്ടുന്നു.
കൃത്യത്തിന് ശേഷം ഹെൽമെറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. എടവണ്ണപ്പാറയിൽ എത്തുന്നതിനിടെ ഒരിക്കൽ പോലും ഹെൽമെറ്റ് ഊരിയില്ല. മോഷണക്കേസിൽ ഇക്കഴിഞ്ഞ ജനുവരിയിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതി ഒറ്റയ്ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ്. ഈ രീതിയും സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കിയതുമാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.
മുജീബ് റഹ്മാൻ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതിയാണെന്നതും നടക്കുന്ന വാർത്തയാണ്. കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ അനുയായി ആയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നിട്ടും ഇയാൾ എങ്ങനെയാണ് സ്വതന്ത്രനായി ചുറ്റിത്തിരിഞ്ഞത് എന്നതാണ് നടുക്കുന്ന കാര്യം.
2020 സെപ്റ്റംബറിലാണ് മുത്തേരി ബലാത്സംഗക്കേസ് നടക്കുന്നത്. അനുവിന്റേതിന് സമാനമായ കേസ് ആയതിനാലാണ് പൊലീസിന് ഇക്കാര്യം പെട്ടെന്ന് ബന്ധപ്പെടുത്തി മനസിലാക്കാനായത്. കോഴിക്കോട് മുത്തേരിയിൽ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിലെത്തി, അതിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തി എന്നതായിരുന്നു കേസ്.
മുത്തേരി കേസാണ് സത്യത്തിൽ അനുവിന്റെ കൊലപാതകത്തിൽ മുജീബ് പിടിക്കപ്പെടുന്നതിലേക്ക് നയിച്ചത് എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുജീബ് മുമ്പും പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുള്ള 'ക്രമിനിൽ' ആണെന്ന വിവരം നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു. എന്നാലിപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് വെറുമൊരു 'ക്രിമിനൽ' മാത്രമല്ല കൊടും കുറ്റവാളിയാണ് മുജീബ് എന്നാണ് മനസിലാകുന്നത്. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പൻ റഹീമിന്റെ കൂടെയായിരുന്നു ഏറെ ക്കാലം മുജീബ്. മലപ്പുറത്ത് പഴയ, നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയായിരുന്നു വീരപ്പൻ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ് മുജീബ് തനിയെ വാഹനമോഷണം തുടങ്ങി.