- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെത്തിയത് പത്മത്തിന്റെ മൃതദേഹ അവശിഷ്ടങ്ങളെന്ന് പ്രതി ഷാഫി; ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കിൽ ഡി.എൻ.എ പരിശോധനാഫലം വരേണ്ടി വരും; മൃതദേഹം കുഴിച്ചിട്ടത് കഷണങ്ങളാക്കി ഉപ്പു വിതറിയ ശേഷം; കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞൾ നട്ടു; റോസിലിയുടെ മൃതദേഹം കണ്ടെത്താനും പരിശോധന തുടരുന്നു
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ ഭഗവൽ സിങ്ങ് ലൈല ദമ്പതികളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് പത്മയുടെ മൃതദേഹമെന്ന് സൂചന. ക്കാര്യം പ്രതിയായ ഷാഫി പറഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ആരുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കിൽ ഡി.എൻ.എ പരിശോധനാഫലം വരേണ്ടതുണ്ട്. 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങൾക്ക് മേൽ ഉപ്പ് വിതറിയാണ് കുഴിച്ചിട്ടത്. 20 കഷ്ണങ്ങളോളം കണ്ടെത്തിയിട്ടുണ്ട്.
ഇതേ പറമ്പിലെ മറ്റൊരു ഭാഗത്താണ് റോസ്ലിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. മൃതശരീരം കുഴിച്ചിട്ടതായി പ്രതികൾ പറഞ്ഞ സ്ഥലത്താണ് പൊലീസ് പരിശോധന നടത്തി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി പുറത്തെടുത്തത്. റവന്യൂ ഉദ്യോഗസ്ഥർ അടക്കം എത്തിയാണ് പരിശോധന നടത്തിയത്.
പ്രതികൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് മനസ്സിലാക്കിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകണമെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു. ഇതേ പറമ്പിൽ തന്നെ കുഴിച്ചിട്ടിരിക്കുന്ന റോസ്ലിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.
മൃതദേഹങ്ങൾ കുഴിച്ചിട്ട ശേഷം അതിന് മുകളിലായി മഞ്ഞൾ നട്ടിരുന്നു.പത്മം, റോസ്ലിൻ എന്ന രണ്ടു സ്ത്രീകളെയാണ് ഇലന്തൂരിൽ നരബലി നൽകിയത്. ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവൽ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവർ ചേർന്ന് നരബലി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. നിലവിൽ ഇവർ മൂവരും പൊലീസ് കസ്റ്റഡിയിലാണ്. പത്മയെയും റോസ്ലിനെയും കൊച്ചിയിൽനിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയിൽ എത്തിച്ച് തലയറുത്തുകൊലപ്പെടുത്തുകയായിരുന്നു.
ഇലന്തൂരിലെ തിരുമ്മുവൈദ്യനാണ് ഭഗവൽ സിങ്. പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്നയാളാണ് ഇവർക്കായി സ്ത്രീകളെ എത്തിച്ചുനൽകിയത്. ഇയാളാണ് സംഭവത്തിൽ ഏജന്റായി പ്രവർത്തിച്ചതെന്നും മൂന്നുപേരും ചേർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബർ 26നാണ് കാണാതാകുന്നത്.
തമിഴ്‌നാട് സ്വദേശിയായ ഇവർ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങൾ പുറത്തുവരാൻ കാരണമായത്. കൊല്ലപ്പെട്ട റോസ്ലിയുടെ മൃതദേഹവും ഭഗവൽ സിംഗിന്റെ വീട്ടുവളപ്പിൽ തന്നെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്നാണ് വിവരം. കുഴിച്ചിട്ടതായി പ്രതികൾ പറഞ്ഞ സ്ഥലത്ത് പരിശോധന തുടരുകയാണെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ