- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ട് റെയ്ഡ് ചെയ്ത് ലഹരി വസ്തുക്കൾ പിടികൂടി; ഉടമ സഹിതം നാലു പേർക്കെതിരേ കേസെടുക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു; എഫ്ഐആറിട്ടപ്പോൾ ഉടമയെ ഒഴിവാക്കി; ഒഴിവാക്കൽ കോഴ വാങ്ങിയെന്ന് ആരോപണം; അയിരൂർ ഇൻസ്പെക്ടർ ആയിരുന്ന ജയാ സനലിന് സസ്പെൻഷൻ; വാദിയുടെയും പ്രതിയുടെയും കൈയിൽ നിന്ന് കോഴ വാങ്ങിയെന്നും ആരോപണം
വർക്കല: അയിരൂർ എസ്എച്ച്ഓ ആയിരുന്ന ജയാ സനലിന് സസ്പെൻഷൻ. റിസോർട്ട് റെയ്ഡ് ചെയ്ത് ലഹരി മരുന്ന് പിടികൂടിയ കേസിന്റെ പ്രതിപ്പട്ടികയിൽ നിന്ന് റിസോർട്ട് ഉടമയെ കോഴ വാങ്ങി ഒഴിവാക്കിയെന്ന ആരോപണത്തെ തുടർന്നാണ സസപെൻഷൻ. വാദിയുടെയും പ്രതിയുടെയും കൈയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവും ജയാസനലിന് എതിരേയുണ്ട്.
വർക്കല ഒടയം പാംട്രീ റിസോർട്ട് കഴിഞ്ഞ മാസം 24 ന് ജയാസനലിന്റെ നേതൃത്വത്തിൽ റെയ്ഡ് ചെയ്തിരുന്നു. കഞ്ചാവും വിദേശമദ്യവും ഇവിടെ നിന്ന് പിടികൂടി. റിസോർട്ട് ഉടമ ശംഭു എന്ന് വിളിക്കുന്ന തിലകൻ സഹിതം അഞ്ചു പേർക്കെതിരേ കേസെടുക്കുമെന്നാണ് ജയാസനൽ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഒക്ടോബർ 25 ന് ഇട്ട എഫ്ഐആറിൽ തമിഴനാട് സ്വദേശികളായ തൻസിൽ(26), സഞ്ജീവ് (26), രാജ്കുമാർ (24), അഭിലാഷ് (20) എന്നിവർ മാത്രമാണ് പ്രതികൾ.
റിസോർട്ടുടമ തിലകനെ ഒഴിവാക്കി. ഇങ്ങനെ ഒഴിവാക്കുന്നതിന് വേണ്ടി തിലകൻ ഒരു ലക്ഷം രൂപ നൽകിയെന്നാണ് ആരോപണം. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ പണം കൊടുത്ത കാര്യം ആദ്യം തിലകൻ നിഷേധിച്ചു. എന്നാൽ, രണ്ടാമത് സാഹചര്യത്തെളിവുകൾ സഹിതം ചോദിച്ചപ്പോൾ സമ്മതിക്കേണ്ടി വന്നുവെന്നാണ് വിവരം.
സസ്പെൻഷന് പിന്നാലെ റൂറൽ ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന ഇന്റലിജൻസ് വിഭാഗവും വിശദമായ അന്വേഷണം തുടങ്ങി. മറ്റൊരു കേസിൽ ഇയാൾ വാദിയിൽ നിന്നും പ്രതിയിൽ നിന്നും പണം കൈപ്പറ്റിയെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഒടയം ബീച്ചിലെ പാം ട്രീ റിസോർട്ടും ഉടമ തിലകനും കുപ്രസിദ്ധരാണ്. ആദ്യമായിട്ടല്ല ഇവിടെ നിന്ന് ലഹരിമരുന്ന് പിടിക്കുന്നത്. ഭൂമി തട്ടിപ്പ്, സ്ത്രീ പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് തിലകൻ. ആറ്റിങ്ങൽ, വർക്കല കോടതികളിലായി ഒരു ഡസനിലധികം ഭൂമി തട്ടിപ്പ് കേസുകൾ ഇയാൾക്കെതിരേയുണ്ട്.
വ്യാജരേഖ ചമച്ച് ഹൈക്കോടതിയെ കബളിപ്പിച്ചുവെന്ന ഹർജിയിലും ഇയാൾ എതിർ കക്ഷിയാണ്. നിലവിൽ 20 ഭൂമി തട്ടിപ്പ് കേസും രണ്ടു എക്സൈസ് കേസും തിലകന് എതിരേയുണ്ട്. നോർവേ പൗരന്മാരായ എസ്പൻ ആൻഡ്രിയാസ് മോയിൻ, ഹെനി ലാർസൻ എന്നിവരുമായി പങ്കു ചേർന്ന് ഒടയം ബീച്ച് റിട്രീറ്റ് എന്നൊരു കമ്പനി രൂപീകരിച്ച് അതിന്റെ മറവിലാണ് പാംബീച്ച് റിസോർട്ട് നടത്തുന്നത്. നോർവേ പൗരന്മാരുടെ ഈ ഇടപാടിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ ഉയരുന്നുണ്ട്.
അന്താരാഷ്ട്ര മാഫിയകൾ ഭൂമി തട്ടിപ്പിനും ലഹരി വിൽപ്പനയ്ക്കും പിന്നിലുണ്ടെന്നാണ് സംശയം.തിരുവനന്തപുരം റൂറലിൽ മാറി മാറി വരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അടക്കം റിസോർട്ട് മാഫിയ പർച്ചേസ് ചെയ്യുന്നുവെന്ന് ആരോപണമുണ്ട്. തിലകന് പൊലീസ് സേനയിലുള്ള പിടിപാട് ഇതിന് തെളിവാണെന്നും പറയുന്നു.
തിലകനെതിരേ വർക്കല മുണ്ടയിൽ ലാവണ്യയിൽ ബോബി സുഗുണൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ പേരിൽ തിലകനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകളോളം ജയാസനൽ സംസാരിച്ചിരുന്നു. ഇവർ തമ്മിൽ ഫോണിലും നേരിട്ടുമുള്ള ബന്ധം സംബന്ധിച്ച് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അതേസമയം, വർക്കലയിലെ ലഹരി-റിസോർട്ട് മാഫിയയുടെ പ്രധാന കണ്ണിയായ തിലകനെതിരേ പൊലീസ് അന്വേഷണം കടുപ്പിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ