ബംഗളൂരു: മൈസൂരുവിൽ മുൻ ഐബി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് പൊലീസ്. ഐബിയിൽനിന്ന് വിരമിച്ച ആർ.എൻ. കുൽക്കർണി (82) വെള്ളിയാഴ്ചയാണ് കാറിടിച്ച് മരിച്ചത്. അദ്ദേഹത്തെ മനപ്പൂർവം കാർ ഇടിച്ചു വീഴ്‌ത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് വിരമിച്ച ആർ എൻ കുൽക്കർണി വെള്ളിയാഴ്ചയാണ് കാറിടിച്ച് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചതിൽ നിന്ന് ഇദ്ദേഹത്തെ ഇടിച്ച കാറിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് മനസിലായി. കാർ വരുന്നത് കണ്ട് റോഡിന്റെ അരികിലേക്ക് മാറി നടന്ന കുൽക്കർണിയുടെ നേർക്ക് കാർ വളഞ്ഞുവരുന്നതും ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡിൽ ശരിയായ ദിശയിൽ പാഞ്ഞുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കൊലപാകത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായി മൈസുരു സിറ്റി പൊലീസ് കമ്മീഷണർ ചന്ദ്രഗുപ്ത വ്യക്തമാക്കി. കൊല്ലപ്പെട്ട ആർഎൻ കുൽക്കർണി നീണ്ട 35 വർഷക്കാലം ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ അംഗമായി സേവനം അനുഷ്ഠിച്ചിരുന്നു. മുൻകൂട്ടി പദ്ധതിയിട്ട് നടത്തിയ കൊലപാതകമാണിതെന്ന് കമ്മീഷണർ വ്യക്തമാക്കി.

സർവീസിൽ നിന്ന് വിരമിച്ച കുൽക്കർണി ഫേസെറ്റ്‌സ് ഓഫ് ടെററിസം ഇൻ ഇന്ത്യ (Facets of terrorism in India) എന്ന പേരിൽ ഇന്ത്യയിലെ തീവ്രവാദവുമായി ബന്ധപ്പെട്ട് ഒരു പുസ്തകം രചിച്ചിരുന്നു. ഇത് ഈയടുത്താണ് വിപണിയിലിറങ്ങിയത്. ഇതാണ് കുൽക്കർണിയുടെ മരണത്തിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടിയത്.