ആലപ്പുഴ: പൂച്ചാക്കലിൽ ഒഡിഷ സ്വദേശിയായ സ്ത്രീ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലിചെയ്തുവന്നിരുന്ന ഒഡിഷ കണ്ഠമൽ ചെൻചെടി ബന്ധബജു സ്വദേശി സ്വാതി സാഹുവിന്റെ മകൾ റിതിക സാഹു (25) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്ത് ഒഡിഷ കണ്ടമൽ റമിനി ഗുഡ സ്വദേശി സാമുവൽ രൂപമതിയാണ് അറസ്റ്റിലായത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ ഒരുമണിയോടെ ചേർത്തല പാണാവള്ളി പെരുമ്പളം കവലക്ക് സമീപമുള്ള ഫുഡ്കോ കമ്പനിക്കുള്ളിൽ കടന്ന പ്രതി തൊഴിലാളിയായ റിതികയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ നാലിന് യുവതി മരണപ്പെട്ടു. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മാവോയിസ്റ്റ് മേഖലയായ റെമിനി ഗുഡയിൽ നിന്നാണ് പിടികൂടിയത്.

പൂച്ചാക്കൽ പൊലീസ് ഇൻസ്പക്ടർ എൻ.ആർ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട റിതികയും പ്രതി സാമുവലും നാല് വർഷമായി അടുപ്പത്തിലായിരുന്നെന്നും റിതിക ബന്ധത്തിൽനിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

റിത്വികയും സാമുവേലുമായി അടുപ്പത്തിലായിരുന്നു. സാമുവേലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി റിത്വിക ഒഴിവാക്കിയതിന്റെ ദേഷ്യത്തിൽ കുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൃത്യത്തിന് ശേഷം ഒഡീഷയിലേക്ക് രക്ഷപ്പെട്ട പ്രതിയെ മാവോയിസ്റ്റ് മേഖലയായ റെമനി ഗുഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

നിലവിൽ ഒഡീഷയിൽ നിന്നും അരൂർ,പൂച്ചാക്കൽ, മലപ്പുറം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രതിയുമായി പരിചയമുള്ള നിരവധി പേരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയുടെ സ്ഥലത്തെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇരുവരും തമ്മിൽ നാലുവർഷമായി അടുപ്പത്തിൽ ആയിരുന്നെന്നും റ്വിതിക ബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് പ്രതി എത്തി റ്വിതികയെ കൊലപ്പെടുത്തിയത് എന്നും പ്രതി സമ്മതിച്ചു. പൂച്ചാക്കലിൽ എത്തിച്ച പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് സാക്ഷികളെ കാണിച്ചും തെളിവുകൾ ശേഖരിച്ചും അറസ്റ്റ് രേഖപ്പെടുത്തി.