കൽപറ്റ : പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ മുഖ്യപ്രതികളെന്ന് കണ്ടെത്തിയ 6 പേരെ 2 ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയതിൽ അട്ടിമറി സംശയവും സജീവം. കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിജ്ഞാപനവും ഇറങ്ങും. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് ഉടൻ സിബിഐ എത്തുമെന്നാണ് സൂചന. ഇതിനിടെയാണ് കേരളാ പൊലീസ് അന്വേഷണത്തിന് പുതു വേഗം നൽകുന്നത്. ഇതിന്റെ ആവശ്യം ഉണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.

സിൻജോ ജോൺസൺ (22), ആർ.എസ്. കാശിനാഥൻ (25), അമീൻ അക്‌ബറലി (25), വി. ആദിത്യൻ (20), എം. മുഹമ്മദ് ഡാനിഷ് (23), ഇ.കെ. സൗദ് റിസാൽ (21) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേസന്വേഷണം ഒരാഴ്ചയ്ക്കുള്ളിൽ സിബിഐ ഏറ്റെടുക്കുമെന്നാണ് സൂചന കിട്ടിയതോടെയാണ് പൊലീസും നിർണ്ണായക നീക്കങ്ങൾ നടത്തുന്നത്. സിദ്ധാർത്ഥന്റേത് ആത്മഹത്യയാണെന്ന് വരുത്താനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്നതും ഉയരുന്ന ചോദ്യമാണ്. നേരത്തെ സിദ്ധാർത്ഥന്റെ കുടുംബത്തേയും വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു.

പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ശ്രമം എന്നാണ് ഇതിന് അന്വേഷകർ നൽകുന്ന വിശദീകരണം. പ്രതികളിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, കൊലപാതക സാധ്യത പരിശോധിക്കാനുള്ള സെലോഫൈൻ ടെസ്റ്റ് എന്നീ നടപടിക്രമങ്ങൾക്കും അന്വേഷണസംഘം കോടതിയെ സമീപിക്കും. ഇതെല്ലാം സിബിഐ വന്നശേഷം അവർ ചെയ്താൽ മതിയെന്ന വികാരവും ശക്തമാണ്. എന്നാൽ സിബിഐ വരും വരെ അന്വേഷണം പൊലീസിന് തുടരാം. ഈ അവസരമാണ് അവർ വിനിയോഗിക്കുന്നത്. തെളിവ് നശീകരണം പലരും ഈ കേസിൽ സംശയിക്കുന്നുണ്ട്. അതുകൊണ്ടാണ് സിബിഐ വന്ന ശേഷം തുടരന്വേഷണം മതിയെന്ന നിലപാട് സത്യം പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ളത്.

സിദ്ധാർഥന്റെ ശരീരം തൂങ്ങി നിന്നിരുന്ന മുണ്ട് സെലോഫൈൻ ടെസ്റ്റിന് വിധേയമാക്കുന്നതിലൂടെ ശരീരം കെട്ടിത്തൂക്കിയതാണോ സ്വയം തൂങ്ങിയതാണോ എന്ന് കണ്ടെത്താനാകും. ഇതെല്ലാം വളരെ നേരത്തെ നടത്തേണ്ടതായിരുന്നു. അന്നെല്ലാം ആത്മഹത്യാ വാദവുമായി കേസ് അട്ടിമറിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. സിദ്ധാർത്ഥിനെതിരെ വ്യാജ പരാതി കൊടുത്ത പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നാണ് സൂചന. പൊലീസ് കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയാണ് ഈ പെൺകുട്ടിയുടെ അമ്മ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് പരിചയമുള്ള ഇവരും അന്വേഷണ അട്ടിമറിക്ക് പിന്നിലുണ്ടെന്നാണ് ആരോപണം. ഈ പെൺകുട്ടി കോളേജ് തുറന്നിട്ടും പൂക്കോട് എത്തിയിട്ടില്ല. ഒളിവിലാണെന്നാണ് സൂചന.

സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാൻ സിബിഐ എത്തുമ്പോൾ വയനാട് പൊലീസ് പഴുതടച്ച റിപ്പോർട്ട് കൈമാറും എന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്താത്ത വിധമുള്ള വിശദീകരണവും തെളിവുകളുമുള്ള കേസ് ഫയലാകും നൽകുക. ഇതിന് വേണ്ടിയാണ് സിദ്ധാർത്ഥന്റെ തിരുവനന്തപുരത്തുള്ള ബന്ധുക്കളെ വിളിച്ചു വരുത്തി വിശദ മൊഴി രേഖപ്പെടുത്തിയതെന്നും പറയുന്നു. അവരുടെ സംശയവും നിഗമനവും എല്ലാം രേഖപ്പെടുത്തി. ഭാവിയിൽ കേരളാ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പരാതി ഉയരാതിരിക്കാനാണ് ഇതെന്നും പറയുന്നു.

സിദ്ധാർത്ഥ് മരിച്ചത് അറിഞ്ഞ് പൂക്കോട് എത്തിയ പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടക്കുമ്പോഴുണ്ടായിരുന്ന ബന്ധുക്കളിൽ നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. മരണം അറിഞ്ഞ് അവിടെ എത്തിയതു മുതൽ കണ്ട കാര്യങ്ങൾ അവരിൽ നിന്നും ചോദിച്ച് വിശദമായി രേഖപ്പെടുത്തി. എന്തുകൊണ്ടാണ് സിദ്ധാർത്ഥിന്റെ മരണം കൊലപാതകമെന്ന് കരുതുന്നതെന്നും ചോദിച്ച് മനസ്സിലാക്കി. സിബിഐ എത്തുമ്പോൾ വിശദമായ റിപ്പോർട്ടുമായി ഫയൽ കൈമാറാനാണ് ഈ അസാധാരണ നീക്കം. പൂക്കോട് എത്തിയ ശേഷം കണ്ടവരെ കുറിച്ചും സംസാരിച്ചവരെ കുറിച്ചുമെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. സിബിഐ എത്തുന്നതോടെ കേസിൽ കൂടുതൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ആരെല്ലാം എന്തെല്ലാം അറിയിച്ചു എന്നതടക്കം പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്.

സിദ്ധാർത്ഥിന്റേതുകൊലപാതകമെന്ന നിലപാട് അവർ വീണ്ടും പൊലീസിന് മുന്നിൽ ആവർത്തിച്ചു. സിദ്ധാർഥനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിന്റെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന എല്ലാവരും അറസ്റ്റിലായി. തൊട്ടുപിന്നാലെ വെറ്ററിനറി കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വരികയും ചെയ്തു. സംഭവത്തിൽ പങ്കുള്ളത് 31 വിദ്യാർത്ഥികൾക്ക് എന്നാണ് ഈ റിപ്പോർട്ടിലെ സൂചന. കോളജ് നൽകിയ വലിയ ശിക്ഷയായ മൂന്നു വർഷത്തെ പഠനവിലക്ക് ലഭിച്ചവരുടെ പട്ടികയിൽ 19 വിദ്യാർത്ഥികളുണ്ട്. അതിൽ പതിനെട്ടും അറസ്റ്റിലായവർ. പത്തൊമ്പതാമനെ പൊലീസ് തഴഞ്ഞത് സംശയമായി തുടരുന്നു. ഇതിനിടെ സിദ്ധാർത്ഥിനെതിരെ വ്യാജ പരാതി കൊടുത്ത പെൺകുട്ടിയും പ്രതിയാകാത്തത് ചോദ്യമായി നിൽക്കുന്നു. ഇതെല്ലാം സിദ്ധാർത്ഥന്റെ കുടുംബം നൽകിയ പുതിയ മൊഴിയിലുമുണ്ട്.

സംഭവം നടന്ന ഹോസ്റ്റൽ മുറി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പൊലീസ് സീൽ ചെയ്തില്ലെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ സംഭവത്തിന് പിന്നാലെ തന്നെ മുറികൾ സീൽ ചെയ്തിരുന്നുവെന്നും ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയതിനുശേഷം ആണ് മുറികൾ തുറന്നു കൊടുത്തതെന്നുമാണ് പൊലീസ് പറയുന്നത്.