കല്പറ്റ: സിദ്ധാർഥന്റെ മരണത്തിനുമുമ്പും പൂക്കോട് വെറ്ററിനറി കോളേജിൽ സമാനമായരീതിയിൽ ക്രൂരമായ ആൾക്കൂട്ടവിചാരണ നടന്നുവെന്നതിന് സ്ഥിരീകരണം. ഇതിലും എസ് എഫ് ഐ നേതാക്കൾക്ക് പങ്കുണ്ട്. ക്രൂര മർദ്ദന മുറകൾ പൂക്കോട്ടെ ഇടിമുറികളിൽ ഇതിന് മുമ്പും നടന്നിട്ടുണ്ട്. ഇതിന്റെ ആവർത്തനമാണ് സിദ്ധാർത്ഥിന്റെ ജീവനെടുത്തത്. ഇതിന് ശേഷമാണ് പഴയ ക്രൂരതകൾ പുറത്തു വരുന്നത്.

ഇതിന്റെ പേരിൽ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ മുൻ പ്രസിഡന്റുൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരേ കോളേജിലെ ആന്റിറാഗിങ് കമ്മിറ്റി വ്യാഴാഴ്ച നടപടിയെടുത്തു. സിദ്ധാർത്ഥനെതിരായ അതേ രീതിയിലായിരുന്നു ആ പീഡനവും. പെൺകുട്ടികളിൽ നിന്നും പരാതി എഴുതി വാങ്ങിയായിരുന്നു മർദ്ദനം. ഈ സംഭവങ്ങളിലും പൊലീസിന് കേസെടുക്കേണ്ടി വരും. സിദ്ധാർഥനേറ്റ മർദനം അന്വേഷിക്കുന്നതിന്റെ ഭാഗമായി മറ്റുവിദ്യാർത്ഥികളിൽനിന്ന് ആന്റിറാഗിങ് സ്‌ക്വാഡ് മൊഴിയെടുത്തപ്പോഴാണ് മുൻകാലവിവരങ്ങൾ പുറത്തുവന്നത്.

കുറ്റം ആരോപിക്കുകയും ശിക്ഷനടപ്പാക്കുകയും ചെയ്യുന്ന കാലങ്ങളായുള്ള 'അലിഖിത നിയമത്തിന്റെ' ഫലമായിരുന്നു പഴയ റാഗിംഗും. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞാണ് 2019-ലെയും 2021-ലെയും ബാച്ചിൽപ്പെട്ട രണ്ടുവിദ്യാർത്ഥികളെ ആൺകുട്ടികളുടെ ഹോസ്റ്റലുൾപ്പെടെയുള്ള സ്ഥലങ്ങളിൽവെച്ച് വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയത്. മർദനത്തിന് വിധേയരായവർ വലിയ മാനസികാഘാതത്തിലായിരുന്നു. 2019 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തവർ കോഴ്‌സ് പൂർത്തിയാക്കി ഇപ്പോൾ ഇന്റേൺഷിപ്പ് ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ നാലുവിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് ഒരുവർഷത്തേക്ക് വിലക്കി. അഞ്ചുപേരുടെ സ്‌കോളർഷിപ്പ് റദ്ദാക്കുകയും ചെയ്തു.

2021 ബാച്ചിലെ വിദ്യാർത്ഥിയെ മർദിച്ച രണ്ടുപേരെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും മറ്റു രണ്ടുപേരുടെ സ്‌കോളർഷിപ്പ് റദ്ദാക്കുകയും ചെയ്തു. തുടരന്വേഷണത്തിനായി പൊലീസിന് റിപ്പോർട്ട് കൈമാറും. നടപടി എടുത്തവർക്കെതിരെ കേസെടുക്കേണ്ട സാഹചര്യം വരും. 2019-ലാണ് ആദ്യസംഭവം. കാംപസിൽവെച്ച് ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നുപറഞ്ഞ് നിലവിൽ അവസാനവർഷ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിയെ സിദ്ധാർഥന്റെ മരണത്തിൽ റിമാൻഡിൽക്കഴിയുന്ന കോളേജ് യൂണിയൻ പ്രസിഡന്റ് അരുണിന്റെ മുറിയിൽ കൊണ്ടുപോയി ഒന്നരമണിക്കൂറോളം മൃഗീയമായി മർദിച്ചു.

32 തവണ തുടർച്ചയായി മർദിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. മർദനത്തിനൊടുവിൽ വിദ്യാർത്ഥിയെക്കൊണ്ട് മാപ്പുപറയിക്കുകയും ചെയ്തു. 2020-ൽ കോളേജ് യൂണിയൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ ഒരുസംഘം വിളിച്ചുകൊണ്ടുപോയി മർദിച്ചത്. സംഭവത്തിൽ തന്നെ മർദിച്ചെന്ന് വിദ്യാർത്ഥി മൊഴിനൽകിയ നാലുപേരുടെ ഇന്റേൺഷിപ്പാണ് ഒരുവർഷത്തേക്ക് വിലക്കിയത്. ഈ മൊഴി മർദ്ദിച്ചവർക്ക് വിനയാകും. 2020-21ൽ കോളേജ് കാംപസിൽവെച്ച് ഒരു സീനിയർ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് ആൺകുട്ടികളുടെ ഹോസ്റ്റൽമുറിയിൽവെച്ചും സിദ്ധാർഥനെ മർദിച്ച കുന്നിന്മുകളിൽ കൊണ്ടുപോയും മണിക്കൂറുകളോളം ക്രൂരമായി വിചാരണചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിചാരണയെത്തുടർന്ന് മാനസികമായി തകർന്ന വിദ്യാർത്ഥി രണ്ടാഴ്ച കോളേജിൽ വന്നതേയില്ല. വൈത്തിരിയിലെ ഒരു ഹോട്ടലിലാണ് അത്രയുംദിവസം പേടിച്ച് കഴിഞ്ഞത്. കോളേജിൽ തിരിച്ചെത്തിയപ്പോഴും കണ്ണിന് ചുവന്ന അടയാളവും മുഖത്ത് പാടുകളുമുണ്ടായിരുന്നു. 2023 മേയിൽ നടന്ന സംഭവമാണെങ്കിലും കണ്ടവരാരുമില്ല. തനിക്ക് പരാതിയില്ലെന്നും നടപടിയുമായി മുന്നോട്ടുപോവാൻ താത്പര്യമില്ലെന്നുമാണ് വിദ്യാർത്ഥി പറയുന്നത്. സിദ്ധാർഥന്റെ കേസിന്റെ അന്വേഷണത്തിനിടെ ഒരു അദ്ധ്യാപകന് ലഭിച്ച വിവരം പരാതിയായി അദ്ദേഹം കോളേജ് അധികൃതർക്ക് കൈമാറുകയായിരുന്നു.