തിരുവനന്തപുരം: പൂക്കോട്ടെ സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണത്തിന് റിട്ട.ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഉടൻ ഗവർണർ നിയോഗിക്കുമെന്ന് റിപ്പോർട്ട്. ഹൈക്കോടതി നൽകിയ 23 റിട്ട.ജഡ്ജിമാരുടെ പാനലിൽ നിന്നാണ് എ.ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്. വയനാട്ടിൽ നിന്നുള്ള റിട്ട. പൊലീസുദ്യോഗസ്ഥനെയും ഉൾപ്പെടുത്തും. ഓഫീസും സ്റ്റാഫും വാഹനങ്ങളും നൽകാൻ സർക്കാരിന് നിർദ്ദേശം നൽകും. സർവ്വകലാശാല ചാൻസലർ എന്ന പദവി ഉപയോഗിച്ചാകും തീരുമാനം. പാനലിന്റെ പ്രവർത്തനത്തിന് സർക്കാർ പിന്തുണ നൽകുമോ എന്നതും ചോദ്യമാണ്. അല്ലാത്ത പക്ഷം ഗവർണ്ണറും സർക്കാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിനും സാധ്യത തെളിയും.

പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി ആന്റി-റാഗിങ് സ്‌ക്വാഡിന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. സിദ്ധാർത്ഥൻ ക്യാംപസിൽ ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായി എന്നാണ് ആന്റി-റാംഗിങ് സ്‌ക്വാഡിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നത്. ഇ സാഹചര്യത്തിലാണ് ഗവർണ്ണർ അന്വേഷണത്തിന് മുൻകൈയെടുക്കുന്നത്. ദിവസവും യൂണിയൻ പ്രസിഡന്റ് അരുണിന്റെ മുറിയിൽ പോയി ഒപ്പുവയ്ക്കണം. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ഉള്ളയാളാണ് അരുൺ. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാർത്ഥിന് നൽകിയത്. എട്ട് മാസത്തോളം സിദ്ധാർത്ഥനെ ഇങ്ങനെ നിർബന്ധിതമായി ഒപ്പിടുവിച്ചുവെന്നാണ് സഹപാഠിയുടെ മൊഴി.

പ്രതികൾ സിദ്ധാർത്ഥനെ ലക്ഷ്യമിടാൻ കാരണം സിദ്ധാർത്ഥൻ ക്യാംപസിൽ തിളങ്ങുന്നതിലുള്ള അസൂയ കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫോട്ടോഗ്രാഫർ കൂടിയായി സിദ്ധാർത്ഥൻ ക്യാംപസിൽ ജനകീയനായിരുന്നു. ഹോസ്റ്റലിന് സമീപത്തെ കുന്നിന്മുകളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിക്കുമ്പോൾ ഒരു പെൺകുട്ടി ഒപ്പമുണ്ടായിരുന്നു എന്നും ആന്റി-റാഗിങ് സ്‌ക്വാഡിന്റെ അന്തിമറിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഒന്നും ലഭ്യമല്ല. അതിനാൽ തന്നെ ഈ വിഷയം പൊലീസിന്റെ പരിഗണനയ്ക്ക് വിടുകയാണ്. ജ്യൂഡീഷ്യൽ സ്വഭാവമുള്ള കമ്മീഷൻ വരുമ്പോൾ ഇതിനെല്ലാം തെളിവ് കണ്ടെത്താൻ കഴിയും.

സിദ്ധാർത്ഥൻ മരിച്ച 18-ന് ഉച്ചയ്ക്ക് മുമ്പ് ഹോസ്റ്റലിലുള്ള വിദ്യാർത്ഥികൾ കൂട്ടത്തോടെ ബത്തേരിയിലും കൽപറ്റയിലും സിനിമ കാണാൻ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രതികൾ ഉൾപ്പെടെ ഉള്ളവരുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. 166 വിദ്യാർത്ഥികളിൽ നിന്നാണ് സ്‌ക്വാഡ് മൊഴിയെടുത്തത്. മർദ്ദനത്തിന് പിന്നാലെ ഹോസ്റ്റൽ മെസ്സിലെ കുക്ക് ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കോളേജിലെ സെക്യൂരിറ്റിയും മൊഴി നല്കാൻ എത്തിയില്ല. ഇതെല്ലാം സംശയങ്ങളുയർത്തുന്നു. കേസിൽ അറസ്റ്റിലായ ഇരുപത് പ്രതികളും ഇപ്പോൾ റിമാൻഡിലാണ്. കേസ് സിബിഐക്ക് വിട്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

അതിനിടെ സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ് ആരോപിച്ചു. സിബിഐ അന്വേഷണത്തിന് വേണ്ടി സർക്കാർ ഒരടിപോലും മുന്നോട്ട് പോകുന്നില്ല. മുഖ്യമന്ത്രി ഉത്തരവിട്ടത് പ്രതിഷേധങ്ങളെ ഭയന്നതിനാലാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് രണ്ട് ആഴ്ച കഴിഞ്ഞിട്ടും ആവശ്യമായ ഒരു നടപടിയും ചെയ്തില്ല. ഒരുവശത്ത് നടപടിക്രമങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുന്ന സമയത്ത്, മറുവശത്ത് എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി പൊലീസും മറ്റ് അധികൃതരും തെളിവുകൾ നശിപ്പിക്കാനുള്ള പണിയെടുക്കുന്നുവെന്നാണ് ആരോപണം.

പരുമല പമ്പ കോളജിൽ മൂന്ന് എബിവിപിക്കാരെ എസ്എഫ്ഐക്കാർ ക്രൂരമായി കൊന്ന കേസിൽ പ്രതികൾ രക്ഷപ്പെട്ടത് പൊലീസ് തെളിവ് നശിപ്പിച്ചതും അന്വേഷണം അട്ടിമറിച്ചതു കൊണ്ടുമാണ്. ഇടതുപക്ഷ പ്രവർത്തകർ പ്രതിയാകുന്ന കേസുകളിൽ ഇത് പൊലീസ് സ്ഥിരമായി ചെയ്യുന്നു. അതിന് വേണ്ടിയുള്ള സമയം ലഭിക്കാനാണ് സിദ്ധാർത്ഥന്റെ കേസിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ സർക്കാർ വൈകിപ്പിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മുന്നോട്ട് പോയില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ മുഖ്യമന്ത്രി നേരിടേണ്ടിവരുമെന്ന് ഈശ്വരപ്രസാദ് പറഞ്ഞു.