കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടിക വലുതാകുമെന്ന സൂചന നൽകി സിബിഐ. കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ 21 പ്രതികളാണുള്ളത്. പൊലീസ് എഫ് ഐ ആറിൽ 20 പേരാണുണ്ടായിരുന്നത്. പേര് പറയാതെയാണ് ഇരുപത്തിയൊന്നാമനെ സിബിഐ പ്രതിയാക്കുന്നത്. ഇത് അക്ഷയ് ആയിരിക്കുമെന്നാണ് സൂചന. ഇനിയും പ്രതികൾ കൂടാൻ സാധ്യതയുണ്ട്. രണ്ട് പെൺകുട്ടികളും സിബിഐയുടെ സംശയ നിഴലിലാണ്.

പൊലീസ് അറസ്റ്റു ചെയ്തവരെല്ലാം റിമാൻഡിലാണ്. ഇവരെ സിബിഐ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ചോദ്യം ചെയ്ത ശേഷം കൂടുതൽ പ്രതികളിലേക്ക് അന്വേഷണം എത്തും. സിദ്ധാർത്ഥന്റെ മരണത്തിൽ ചില വിദ്യാർത്ഥികളുടെ പേരുകൾ കുടുംബം പരാമർശിച്ചിരുന്നു. ഇവരിൽ ആരിലേക്കെങ്കിലും സിബിഐയുടെ അന്വേഷണം നീളുകളാണോ എന്ന് വ്യക്തമല്ല. നിലവിൽ പേര് പരാമർശിക്കാതെയാണ് 21-ാമത്തെ ആളെ എഫ്.ഐ.ആറിൽ പ്രതി ചേർത്തിരിക്കുന്നത്.

സിബിഐ സംഘം കഴിഞ്ഞ ദിവസം വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിദ്ധാർത്ഥന്റെ അച്ഛന്റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിർദ്ദേശം നൽകിയത്. കൽപ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാർത്ഥന്റെ കുടുംബത്തെ ഇക്കാര്യം പൊലീസ് അറിയിച്ചത്. സിദ്ധാർത്ഥന്റെ അച്ഛന്റെ മൊഴി കേസിൽ അതിനിർണ്ണായകമായിരിക്കും. പേരു പറയുന്നവരിലേക്ക് എല്ലാം അന്വേഷണം നീളും. പൂക്കോട് കാമ്പസിലും സിബിഐ വിശദ പരിശോധന നടത്തും.

കഴിഞ്ഞ ദിവസം ഉച്ചയോടെ സിബിഐ സംഘം വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണനുമായി സംസാരിച്ചിരുന്നു. സിദ്ധാർത്ഥന്റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്‌പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് സിബിഐയുടെ താൽക്കാലിക ക്യാമ്പ്. ഡൽഹിയിൽ നിന്ന് ഒരു എസ്‌പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. മലയാളികളായ ചില ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ സംഘത്തോടൊപ്പം ചേരുമെന്നും സൂചനയുണ്ട്.

സിദ്ധാർഥൻ കേസിൽ അന്വേഷണം തുടങ്ങിയ സിബിഐ ക്ക് വേണ്ട സഹായങ്ങൾ എല്ലാം പൊലീസ് ചെയ്തുകൊടുക്കണമെന്നാണ് പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ക്യാമ്പ് ഓഫീസും വാഹനങ്ങളും മറ്റ് സാങ്കേതിക സഹായങ്ങൾ ഉൾപ്പെടെ കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും പൊലീസ് നൽകും.