കൽപറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥന് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം. എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവർ 8 മാസം തുടർച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്ത്. ഗൂഢാലോചനയ്ക്കും പകയ്ക്കും തെളിവാണ് ഇത്. എസ് എഫ് ഐ നേതൃത്വത്തിന്റെ അലിഖിത നിയമമായിരുന്നു ഇതിനെല്ലാം കാരണം. ഈ റിപ്പോർ്ട്ടിൽ വൈസ് ചാൻസലർ എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.

ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്നുമുതൽ എല്ലാ ദിവസവും കോളജ് യൂണിയൻ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിർദ്ദേശം.
മുറിയിൽവച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാർഥൻ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നൽകി. പിറന്നാൾ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു സിദ്ധാർഥനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെല്ലാം ചെയ്തത് എസ് എഫ് ഐക്കാരാണ്.

ക്യാംപസിൽ വളരെ സജീവമായിനിന്ന സിദ്ധാർഥനെ വരുതിയിലാക്കാൻ കഴിയാത്തതു കൊണ്ടായിരുന്നു ഇതെല്ലാം. സിദ്ധാർഥൻ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങൾക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരിൽ ചിലർ സ്‌ക്വാഡിനു മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. എസ്എഫ്‌ഐ കൽപറ്റ ഏരിയ കമ്മിറ്റി നേതൃത്വം ഇടപെട്ട് ഇന്റേണൽ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയിൽനിന്നു പരാതിയുടെ കോപ്പി വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ എസ് എഫ്ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. സിദ്ധാർത്ഥിനെ മർദ്ദിച്ചത് കണ്ടുവെന്ന് മൊഴി നൽകിയ രണ്ട് വിദ്യാർത്ഥികളെയാണ് സസ്പെന്റ് ചെയ്തത്. അജിത് അരവിന്ദാക്ഷൻ, അമരേഷ് ബാലി എന്നീ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.

കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ജീവൻ അപകടത്തിലാണോയെന്ന് സംശയമുണ്ടെന്നും ജയപ്രകാശ് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥ് ഹോസ്റ്റലിലെ ബാത്‌റൂമിൽ മരിച്ചത്. ക്രൂര പീഡനത്തിന് ശേഷം കെട്ടിത്തൂക്കി കൊന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.