- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ കീഴടങ്ങി
വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാതെ കീഴടങ്ങി. ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പത്ത് പേരെയാണ് കേസിൽ ഇനി പിടികൂടാനുള്ളത്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ഇവരിൽ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 11 പേർ ഒളിവിലായിരുന്നു.
അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, അടക്കം 10 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ കേസിലെ ഒന്നാംപ്രതിയും വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയുമായ പാലക്കാട് സ്വദേശി അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പാലക്കാട് വച്ച് പിടികൂടിയ അഖിലിൽ ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാളാണ്. ഇതോടെ, കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ക്രിമിനിൽ ഗൂഢാലോചന ശരിവെക്കുന്ന തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്.
സിദ്ധാർഥ് ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ
സിദ്ധാർഥനെ മൂന്നുദിവസം പീഡിപ്പിച്ചെന്ന് അച്ഛൻ ടി. ജയപ്രകാശ് പറഞ്ഞു. പീഡിപ്പിച്ച പന്ത്രണ്ടുപേരും എസ്എഫ്ഐ പ്രവർത്തകരാണ്. രാഷ്ട്രീയ സംരക്ഷണത്തിലാണു പ്രതികളുള്ളത്. കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും കിട്ടിയില്ലെന്ന് സിദ്ധാർഥന്റെ അമ്മ എം.ആർ. ഷീബ പറഞ്ഞു.
"ആത്മഹത്യയിലേക്ക് മകൻ പോകില്ല. ഇനിയും അകത്തിരിക്കുന്നവരെ പുറത്തു കൊണ്ടുവരണം. ഇരുപത്തിയഞ്ചോ മുപ്പതോ നാൽപതോ പേരല്ല ഇതിൽ പങ്കാളികളായിരിക്കുന്നത്. അക്രമം നേരിടുന്നതിനെ കുറിച്ചൊന്നും പറയുന്നില്ല. ഞാൻ കിടക്കുന്നു, വേറെയൊന്നും ഇല്ല എന്ന് പറഞ്ഞ് അവൻ വേഗം തന്നെ ഫോൺ കട്ട് ചെയ്യുമായിരുന്നു. അച്ഛനോട് പാർട്ടിക്കാര്യങ്ങളൊക്കെ പറയുമായിരുന്നു." അമ്മ ഷീബ വ്യക്തമാക്കി. കോളജിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. അവർക്ക് ഒന്നും അറിയില്ലെന്നാണ് ഡീൻ പറഞ്ഞത്. ഡീൻ വന്നപ്പോൾ നേരിട്ടു ചോദിച്ചിരുന്നു. രണ്ടുമൂന്ന് ദിവസം കൊണ്ട് അവിടെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അറിഞ്ഞിട്ടില്ലെന്നും അമ്മ ഷീബ കൂട്ടിച്ചേർത്തു.
അതിനിടെ, സിദ്ധാർഥന്റെ മരണത്തിൽ മുഴുവൻപ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി.യും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളായ എസ്.എഫ്.ഐ. പ്രവർത്തകരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിന് മുന്നിൽ ഇരുസംഘടനകളും സമരം നടത്തുന്നത്.
എ.ബി.വി.പി.യുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്.യുവിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനും വ്യാഴാഴ്ച വൈകിട്ട് തുടക്കമായി. വെള്ളിയാഴ്ച സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ബി.വി എസ്.സി. രണ്ടാംവർഷ വിദ്യാർത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തിൽ കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു.
മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. ദേഹമാസകലം ബെൽറ്റ് കൊണ്ടടിച്ചതിന്റേയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും മൃതദേഹപരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കം 18 പേരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.