തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ എസ്എഫ്‌ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്ന് മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. അക്രമം തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നു. എന്നാൽ എസ്എഫ്‌ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞു. ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണ്. ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും മുൻ പിടിഎ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

മകനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐയിൽ അംഗത്വമെടുപ്പിച്ചു. ഹോസ്റ്റൽ മുറിയിൽ മകന്റെ ചോര കൊണ്ട് എസ്എഫ്ഐ സിന്ദാബാദ് എന്ന് എഴുതിച്ചെന്നും മുൻ പിടിഐ പ്രസിഡന്റായിരുന്ന കുഞ്ഞാമു പറഞ്ഞു. മകന്റെ പഠനം മുടങ്ങുമെന്ന് കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നത്. ആ കോളജിൽ നടക്കുന്ന ക്രൂരതകളും തനിക്കറിയാം. എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്തില്ലെങ്കിൽ റാഗ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകനെക്കൊണ്ട് അംഗത്വമെടുപ്പിച്ചത്. അവിടെ മറ്റൊരു വിദ്യാർത്ഥി സംഘടനയും പ്രവർത്തിക്കാൻ പാടില്ല. അതാണ് ഏറ്റവും വലിയ ക്രൂരത. ഇതിന്റെ ബലിയാടാണ് സിദ്ധാർത്ഥനെന്നും കുഞ്ഞാമു മാധ്യമങ്ങളോട് പറഞ്ഞു.

കോളേജ് ഹോസ്റ്റൽ എസ്എഫ്‌ഐയുടെ താവളമെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണ് ചുവരെഴുത്തുകളും മറ്റും. ചെഗുവേരയുടെ പടുകൂറ്റൻ ചിത്രങ്ങളാണ് ഹോസ്റ്റൽ ചുമരുകളിലുള്ളത്. സിദ്ധാർത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്‌സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്. ലഹരിയുടെ അടിമകളാണ് മിക്കവരുമെന്നും സൂചന നൽകുന്നുണ്ട്. ഹോസ്റ്റലിൽ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി പ്രത്യേകം ഇടം വരെ സജ്ജമാക്കിയിരുന്നു. നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന ഹോസ്റ്റലിന്റെ നടുമുറ്റത്താണ് മർദ്ദനം നടക്കുന്നത്.

അതേസമയം, സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നും പ്രതികളുമായി തെളിവെടുപ്പ് നടത്തി. സിദ്ധാർത്ഥനെ മർദ്ദിച്ച കുന്നിന്മുകളിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. രഹാൻ, ആകാശ് എന്നീ പ്രതികളെ കൊണ്ടു വന്നാണ് തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി സിൻജോ ജോൺസണെ ഇന്നലെ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

കേസിൽ പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തും. സിദ്ധാർത്ഥിനെ മർദ്ദിക്കുന്നതിനായുള്ള ആസൂത്രണങ്ങൾ നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ പ്രതികൾ ചേർന്ന് ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസ് പറയുന്നു. മർദ്ദനത്തിന് മുൻപും പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.

അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് ജയപ്രകാശ്. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും കേസന്വേഷണത്തെ ഇപ്പോൾ ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.തെറ്റുപ്പറ്റി പോയെന്ന എസ്എഫ്‌ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്കല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് പ്രതികരിച്ചു.

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലപാതകക്കുറ്റം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തണമെന്ന് സിദ്ധാർത്ഥന്റെ അമ്മാവൻ ഷിബു ആവശ്യപ്പെട്ടു.