- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൂക്കോട്ടേത് പ്ലാൻ ഒരുക്കിയുള്ള ക്രൂര കൊലപാതകം?
കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥന്റെ ഫോണിലും ദുരൂഹത. ഈ ഫോണിൽ പ്രതികൾ കൃത്രിമം കാട്ടാനുള്ള സാധ്യത ഏറെയാണ്. സിദ്ധാർഥനെതിരെ നൽകിയ പരാതി 'പ്രിക്കോഷനറി മെഷർ' (മുൻകരുതൽ നടപടി) ആയിരുന്നുവെന്നു മൊഴി നൽകിയവരുമുണ്ട്. അതിനിടെ സിദ്ധാർത്ഥന്റെ മരണ ശേഷം നൽകിയ പീഡന പരാതി അന്വേഷിച്ച കമ്മറ്റിയിലും പ്രതിയുണ്ടായിരുന്നുവെന്നതാണ് വിചിത്രം. ഇതിനൊപ്പമാണ് ഫോണിലെ സംശയം. തീവ്രവാദ ഇടപെടലുകളും ഈ മരണത്തിന് പിന്നിലുണ്ടെന്നാണ് സംശയം. അതുകൊണ്ടാണ് എസ് എഫ് ഐ-പോപ്പുലർ ഫ്രണ്ട് ബന്ധം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചർച്ചയാക്കുന്നതും.
സിദ്ധാർത്ഥന്റെ ഫോൺ അക്രമിസംഘം പിടിച്ചുവച്ചിരുന്നതായി പൊലീസ് പറയുന്നു. മർദനമേൽക്കുന്ന കാര്യം വീട്ടുകാരെ അറിയിക്കാതിരിക്കാനായിരുന്നു ഇത് എന്ന ഭാഷ്യത്തിലായിരുന്നു. തൂങ്ങിയ നിലയിൽ കണ്ടെത്തുന്നതിനു മുൻപ് 16ന് ഉച്ചയോടെയാണു വീട്ടുകാർ സിദ്ധാർഥനെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 17നും ഫോണിൽ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാർഥൻ കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാർഥന്റെ ഫോൺ പ്രതികളുടെ കയ്യിലായിരുന്നു. ഈ സമയം അതിൽ തിരുത്തലുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. സിദ്ധാർത്ഥൻ മരിച്ച അന്നു രാവിലെ പ്രതികൾ ഫോൺ കൈമാറി. തുടർന്ന്, ഫോണിൽ അമ്മയോട് 24നു വീട്ടിലെത്തുമെന്നു സിദ്ധാർഥൻ പറഞ്ഞു. പിന്നീടു അറിഞ്ഞത് മരണവാർത്തയാണ്.
ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഉടനെ സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപ് അഴിച്ചെടുത്തു. സിദ്ധാർത്ഥന് പ്രതികളുടെ കാവൽ ഉണ്ടായിരുന്നു. ഇത് കണ്ട കുട്ടികളുമുണ്ട്. അതുകൊണ്ട് തന്നെ ആത്മഹത്യയ്ക്കുള്ള സാധ്യത കുറവാണ്. 18നു രാവിലെ സിദ്ധാർഥനു വലിയ കുഴപ്പമില്ലെന്നു വിലയിരുത്തിയ സംഘം ഉച്ചയ്ക്കും മർദിക്കുകയായിരുന്നു. കോളേജിലെ ഒരു പെൺകുട്ടിയുടെ ബന്ധുക്കളും മർദ്ദിക്കാനായി എത്തിയെന്നും സൂചനയുണ്ട്. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്താണു ശുചിമുറിയിലേക്കു പോയതും പിന്നീടു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും എന്നാണ് പ്രതികൾ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരിച്ചത്.
യൂണിയൻ സെക്രട്ടറി എന്ന നിലയിൽ ഇന്റേണൽ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയിലും അംഗമാണ് പ്രതി എസ്.അഭിഷേക്. സിദ്ധാർഥനെതിരായുള്ള ഒരു പെൺകുട്ടിയുടെ പരാതി പരിഗണിച്ചതും ഇതേ കമ്മിറ്റിയാണ്. സിദ്ധാർഥന്റെ മരണത്തിനു 8 ദിവസത്തിനു ശേഷം നടന്ന കമ്മിറ്റി യോഗത്തിൽ അഭിഷേക് പങ്കെടുക്കുകയും ചെയ്തു. പിറ്റേന്നു രാവിലെ അഭിഷേകിനൊപ്പം 8 പേരെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചുവരുത്തി. ഇവരിൽ അഭിഷേക് ഉൾപ്പെടെ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീടാണ് കോളജിൽനിന്ന് അഭിഷേകിന്റെ സസ്‌പെൻഷൻ ഉണ്ടായത്.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി കെ.എസ്.സിദ്ധാർത്ഥ് നേരിടേണ്ടിവന്നത് അതിക്രൂര മർദ്ദനമെന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിാണ് അഭിഷേക് അടക്കമുള്ളവർക്കെതിരെ നടപടി എടുത്തത്. മൂന്നുദിവസം ഭക്ഷണമോ വെള്ളമോ നൽകാതെയാണ് പ്രതികൾ മർദ്ദിച്ചത്. ഹോസ്റ്റലിലെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി അവരെക്കൊണ്ടും ഉപദ്രവിച്ചുവെന്നും കണ്ടെത്തി. 98 വിദ്യാർത്ഥികൾ ആന്റി റാഗിങ് സ്‌ക്വാഡിന് മുമ്പാകെ മൊഴി നൽകി.
ആൺകുട്ടികളുടെ ഹോസ്റ്റലിലെ 21ാം നമ്പർ മുറി, നടുമുറ്റം, വാട്ടർടാങ്കിന്റെ പരിസരം, ക്യാമ്പസിലെ കുന്ന് എന്നിവിടങ്ങളിൽ വച്ചായിരുന്നു മർദ്ദനം. ബെൽറ്റ് ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിനൊപ്പം പലവട്ടം ചവിട്ടി നിലത്തിട്ടു. മുടിയിൽ പിടിച്ചു വലിച്ചു. കവിളത്തു പലതവണ അടിച്ചു. വയറിലും നെഞ്ചിലും ആഞ്ഞു ചവിട്ടിയതായും വിദ്യാർത്ഥികൾ മൊഴി നൽകി. ഉറങ്ങുകയായിരുന്ന വിദ്യാർത്ഥികളെ വിളിച്ചുണർത്തി സിദ്ധാർത്ഥിനെ മർദ്ദിക്കാനാവശ്യപ്പെട്ടു. അടിക്കാൻ തയ്യാറാവാത്തവരെ ഭീഷണിപ്പെടുത്തി. ചിലർ സിദ്ധാർത്ഥിനെ അടിച്ചശേഷം കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.
വിദ്യാർത്ഥികളെ നടുമുറ്റത്തേക്കു വിളിച്ചുവരുത്തിയതിനു ശേഷം സിദ്ധാർത്ഥിനെ നഗ്‌നനാക്കി മർദ്ദിച്ചു. ഈ സമയത്തെല്ലാം സിദ്ധാർത്ഥ് കരയുന്നുണ്ടായിരുന്നു. നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. സിദ്ധാർത്ഥ് കടുംകൈ ചെയ്തേക്കാമെന്ന് പ്രതികൾക്ക് തോന്നിയിരുന്നു. ഇതേ തുടർന്ന് 17ന് രാത്രി മുഴുവൻ പ്രതികൾ കാവലിരുന്നു. 18ന് ഉച്ചവരെ വീണ്ടും ക്രൂരമായി മർദ്ദിച്ചു. പിന്നാലെയാണ് സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.