കൽപറ്റ: സഹപാഠി മരിച്ചാൽ അന്ന് സിനിമ കാണാൻ മനസ്സ് വന്ന മൃഗങ്ങളെ ചികിൽസിപ്പിക്കാൻ പഠിക്കുന്ന കുട്ടികൾ! പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം അവിടെ നടന്നതെല്ലാം അസ്വാഭാവിക കാര്യങ്ങളാണ്. കൂടെയുള്ള ഒരാൾ മരിച്ചാൽ അന്ന് തന്നെ എന്തുകൊണ്ട് സിനിമയ്ക്ക് പോയി എന്നതിൽ ദരൂഹത ഏറെയാണ്. സിബിഐ അന്വേഷണത്തിന് എത്തുമ്പോൾ ഈ വിഷയവും പരിശോധിക്കും. ഹോസ്റ്റലിൽ മരണം നടന്ന ദിനം കുട്ടികളെ കൂട്ടത്തോടെ സിനിമയ്ക്ക് പറഞ്ഞയച്ചതാണെന്ന വാദവും സജീവമാണ്.

അതിനിടെ സ്‌പെൻഷനിലായവരെ തിരിച്ചെടുത്തതിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും ഉൾപ്പെട്ടതിൽ വിവാദം. റാഗിങ് നടന്ന ഹോസ്റ്റലിലെ താമസക്കാരല്ലാത്ത ഒന്നാം വർഷ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാൻ വിസി നൽകിയ കുറിപ്പിനെ തുടർന്നു 33 പേരെ തിരിച്ചെടുത്തതിലാണു വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ അസി.രജിസ്റ്റ്രാറുടെ മകനും മകന്റെ സുഹൃത്തും ഉൾപ്പെട്ടത്. വിസിയുടെ കുറിപ്പിന്റെ മറവിൽ, നാലാം വർഷക്കാരായ രണ്ടു പേരെക്കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതെല്ലാം പൂക്കോട്ടെ അട്ടിമറി സാധ്യതകൾക്ക് തെളിവാണ്.

ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർത്ഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി എന്നതാണ് വസ്തുത. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ട 18ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ ബത്തേരിയിലും കൽപറ്റയിലും സിനിമയ്ക്കു പോയി. കുറച്ചുപേർ തലശ്ശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങൾക്കു പോയെന്നുമാണ് ആന്റി റാഗിങ് സ്‌ക്വാഡിനു ലഭിച്ച മൊഴി. തെളിവ് നശീകരണത്തിനായിരുന്നു ഈ കുട്ടികളെ ഹോസ്റ്റലിൽ നിന്നും മാറ്റിയതെന്ന വാദവും സജീവമാണ്. ഹോസ്റ്റലിൽ വമ്പൻ മാഫിയയുണ്ട്. ഈ മാഫിയയാണ് കുട്ടികളെ സിനിമ കാണാൻ പറഞ്ഞു വിട്ടത്.

ഹോസ്റ്റലിൽ നിന്ന് അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണുയരുന്നത്. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നു കാണിക്കാൻ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുമുണ്ട്. സിദ്ധാർഥൻ ശുചിമുറിയിലേക്കു നടന്നുപോകുന്നതു കണ്ടതായി ഒരാൾ മാത്രമേ മൊഴി നൽകിയിട്ടുള്ളൂ. സിബിഐ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രേഖകളും കൈമാറി. സിബിഐ എത്തുമ്പോൾ എല്ലാം തെളിയുമെന്നാണ് സിദ്ധാർത്ഥനെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ.

18ന് രാവിലെ മുതൽ സിദ്ധാർഥൻ ഡോർമിറ്ററിയിലെ കട്ടിലിൽ പുതപ്പു തലയിലൂടെ മൂടിയ നിലയിൽ കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണു മറ്റുള്ളവരെല്ലാം നൽകിയത്. സംഭവത്തിനുശേഷം ഹോസ്റ്റലിലെ പാചകക്കാരിലൊരാൾ രാജിവച്ചു. സിദ്ധാർഥനു നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ഫോണിൽ പകർത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ ദൃശ്യങ്ങൾ പുറത്തു പോയിട്ടില്ല.

സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നിലെ കഥ

സസ്‌പെൻഷൻ പിൻവലിച്ച് ഉത്തരവിടാനുള്ള നിർദ്ദേശം വിസിയുടെ കുറിപ്പു സഹിതം ഡീനിന് അയച്ചതും പ്രൈവറ്റ് സെക്രട്ടറിയാണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സസ്‌പെൻഷൻ നേരിടേണ്ടിവന്ന 90 പേരിൽ സീനിയർ ബാച്ചുകാരായ 57 പേർ വേറെയുമുണ്ടായിട്ടും പ്രൈവറ്റ് സെക്രട്ടറിയുടെ മകനെയും സുഹൃത്തിനെയുമൊഴികെ മറ്റാരെയും തിരിച്ചെടുത്തുമില്ല. സസ്‌പെൻഷൻ റദ്ദാക്കിയ നടപടി പിന്നീടു ഗവർണർ ഇടപെട്ടു പിൻവലിച്ചിട്ടുണ്ട്. ഏപ്രിൽ 4 വരെ അതുവഴി സസ്‌പെൻഷനു പ്രാബല്യമായി.

സസ്‌പെൻഷനിലായ വിദ്യാർത്ഥികളെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവിമുക്തരാക്കുന്നതിലെ നിയമവിരുദ്ധത പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അധികൃതർ വഴങ്ങുകയായിരുന്നുവെന്നാണു വിവരം. സർവകലാശാല ലോ ഓഫിസറുടെ നിയമോപദേശം തേടാതെയുമാണ് സസ്‌പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്.

സിദ്ധാർഥനു പീഡനമേൽക്കേണ്ടിവന്ന ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡനെ സ്വാധീനിച്ച്, സംഭവസമയത്തു സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളുടെ പട്ടികയിൽ നിന്ന് ഈ 2 വിദ്യാർത്ഥികളുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച മെയിൽ വിസിക്ക് അയയ്ക്കുമ്പോൾ അസി.വാർഡനും സസ്‌പെൻഷനിലായിരുന്നു.

സർവകലാശാല ലീഗൽ സെല്ലിന്റെ ചുമതലയും വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഇതേ അസിസ്റ്റന്റ് രജിസ്റ്റ്രാർക്കാണ്. സിദ്ധാർഥൻ കേസിൽ റിമാൻഡിലായ പ്രതികൾ സസ്‌പെൻഷൻ ഉത്തരവു റദ്ദാക്കാൻ കോടതിയെ സമീപിക്കുമ്പോൾ കാര്യവിവരണ പത്രിക നൽകേണ്ടതും ഈ ചുമതല വഹിക്കുന്നയാളാണ്.

അതേസമയം, വൈസ് ചാൻസലറുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണു പ്രൈവറ്റ് സെക്രട്ടറിയുടെ വിശദീകരണം. സീനിയർ ബാച്ചിലെ 2 വിദ്യാർത്ഥികളുടെ പേര് തെറ്റായി ഉൾപ്പെട്ടുവെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് അറിയിച്ചതെന്ന് സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രനും പറഞ്ഞു.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)