കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചില്ലെന്നുകാട്ടി വെങ്ങാനൂർ സ്വദേശിയായ യുവാവ് ഹൈക്കോടതിയിലേക്ക്. സിനിമ അഭിനയമോഹവുമായെത്തിയ തന്നെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. ഒടിടി പ്ലാറ്റ്‌ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ ദിവസം റീലീസ് ചെയ്തിരുന്നു.

ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമാണ് തന്റെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതെന്നു യുവാവ് പറയുന്നു. കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയുമാണ് യുവാവിന്റ പരാതി.

വിഷയത്തിൽ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും തുടർനടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവാവ് കോടതിയെ സമീപിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരികയും, അണിയറപ്രവർത്തകർ വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്.

തന്നെ കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും സംവിധായകയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ നടന്നുവെന്നാണ് യുവാവിന്റെ ആരോപണം. പൊലീസിൽ പരാതി നൽകിയിട്ടും തന്നെ കബളിപ്പിച്ച സംവിധായക ലക്ഷ്മി ദീപ്തക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചിട്ടല്ല. അതിന് പിന്നിൽ ഒരു മന്ത്രിയുടെ ഇടപെടലാണ് കാരണമെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സംവിധായകയായ ലക്ഷ്മി ദീപ്തക്കെതിരേ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളത്.

ഷൂട്ടിങ് നടന്ന സ്ഥലത്തേക്ക് ഇവർ ചെറിയ പെൺകുട്ടികളേയും എത്തിച്ചിരുന്നുവെന്നും പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂട്ടിങിന്റെ മറവിൽ നടക്കുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു. തന്നെ കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ സംവിധായികയ്ക്ക് എല്ലാ പിന്തുണയും നൽകി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ടെന്നും അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരേ നിയമനടപടി സ്വീകരിക്കാത്തതിന് കാരണമെന്നും യുവാവ് ആരോപിക്കുന്നു.

കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയിൽ നിന്നും പതിനാറ് വയസുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവർ താമസിച്ചിരുന്നത്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ചെറിയ പെൺകുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

ഷൂട്ടിങ്ങിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാൻ പരാതികൊടുത്തതിന് പിന്നാലെ ഇവർക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

എന്നെ സംരക്ഷിക്കാനോ എനിക്കൊപ്പം നിൽക്കാനോ ആരും ഇല്ല. ലക്ഷ്മിദീപ്തയും സംഘവും എന്നെ ഭീഷണിപ്പെടുത്തുന്നില്ല പകരം മാനസികമായി തളർത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ തന്റെ പേര് വെളിപ്പെടുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. എന്നെപ്പോലെ ഒരാളും ഇനിയും ചതിയിൽപ്പെടരുത്- യുവാവ് പറയുന്നു. ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും യുവാവ് പറയുന്നു.

കൊച്ചി കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സിനിമ പ്രമോഷൻ ആപ്പ് ആയ മോളിവുഡ് ഡയറിയുടെ ഡയറക്ടർ കൂടിയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ച വീഡിയോയുടെ സംവിധായികയായ ലക്ഷ്മി ദീപ്ത. മോളിവുഡ് ഡയറി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികൾ നേരത്തെ ഇവർക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.

യുവാവിന്റെ പരാതിയിൽ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ വഞ്ചനാ കുറ്റം ചുമത്തി വിഴിഞ്ഞം പൊലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. വെങ്ങാനൂർ സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ നടിമാർ ഉൾപ്പെടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു. മലപ്പുറം സ്വദേശിയായ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കും ആലപ്പുഴ സ്വദേശിയായ യുവതി കോവളം പൊലീസിലും പരാതി നൽകിയിരുന്നു.

യുവാവിന്റെ വിശദമൊഴിയെടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിശോധിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. യുവാവ് കമ്മിഷണർക്കു നൽകിയ പരാതിയാണ് കേസെടുക്കാൻ നിർദേശിച്ച് വിഴിഞ്ഞം പൊലീസിനു നൽകിയത്. നടിയുടെ പരാതിയിലും അന്വേഷണം നടത്താൻ സൈബർ പൊലീസിനു കൈമാറിയതായി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു.