ബെംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്‌പെൻഡ് ചെയ്തു. എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്താണ് പ്രജ്വലിനെ ജെഡിഎസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിൽ ദേവഗൗഡയും രേവണ്ണയും പങ്കെടുത്തില്ല. അതേസമയം രേവണ്ണക്കെതിരെ നടപടി എടുത്തിട്ടില്ല.

പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്നും പുറത്താക്കണമോയെന്ന് പിന്നീട് തീരുമാനിക്കും. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കൂടിയായ പ്രജ്വലിനെതിരായ ആരോപണം ജെഡിഎസിനു വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ആരോപണങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് പ്രചരണം തുടങ്ങികഴിഞ്ഞു.

പ്രജ്വൽ സ്വയം ചിത്രീകരിച്ച, ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എംപിയെ പുറത്താക്കണമെന്ന് പാർട്ടി എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി.മഞ്ജുനാഥ് എന്നിവർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ബിജെപിയും വെട്ടിലായിരു്ന്നു. പ്രചരിക്കുന്നത് അഞ്ചു വർഷത്തോളം പഴയ വിഡിയോകളാണെന്ന് പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ പറഞ്ഞു.

ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയിൽ രേവണ്ണയ്‌ക്കെതിരെയും പീഡനക്കേസെടുത്തിട്ടുണ്ട്. ഇതിനിടെ കർണാടക ഹസനിലെ സിറ്റിങ് എംപിയും ജെ.ഡി.എസ്. സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ കാലതാമസമെടുക്കുന്നതിൽ ഉത്തരം പറയേണ്ടത് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ നിലപാട് വ്യക്തമാണ്. ഞങ്ങൾ സ്ത്രീകൾക്കൊപ്പമാണ്. ഇത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഞങ്ങൾ ഇതിൽ നടപടിയെടുക്കേണ്ടതില്ല. സംസ്ഥാന സർക്കാരാണ് ഇതിൽ നടപടിയെടുക്കേണ്ടത്. വിഷയത്തിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ എന്തുകൊണ്ടാണ് ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതെന്നും അമിത് ഷാ ചോദിച്ചു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. കർണാടക പൊലീസിനോട് കേസിന്റെ വിശദാംശങ്ങൾ തേടി.

സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ഹസൻ ജില്ലയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വനിതാ കമ്മിഷൻ ചെയർപേഴ്സൺ സർക്കാരിന് അയച്ച കത്ത് പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. അതേസമയം, വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് പ്രജ്വൽ രേവണ്ണയും പരാതി നൽകിയിട്ടുണ്ട്. വീഡിയോ മോർഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടർമാരുടെ മനസിൽ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്.

രേവണ്ണയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് (48) പരാതി നൽകിയത്. വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഒട്ടേറെ സ്ത്രീകൾക്കൊപ്പമുള്ള പ്രജ്വലിന്റെ അശ്ലീല വിഡിയോകൾ പ്രചരിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ നിന്നാണു ലഭിച്ചത്. സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ അബദ്ധത്തിൽ ചോർന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.