ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന വീഡിയോ വിവാദത്തിൽ പെട്ട ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയതായി പരാതി. അതിജീവിതയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചിൽ നടപടികൾ ഊർജിതമാക്കി. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രേവണ്ണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാൾ ബലം പ്രയോഗിച്ച് അമ്മയെ കടത്തിക്കൊണ്ടുപോയതായി കാണിച്ച് വ്യാഴാഴ്ച രാത്രിയാണ് മൈസൂരുവിലെ കെ.പി. നഗർ പൊലീസ് സ്റ്റേഷനിൽ ഇരുപതുകാരൻ പരാതി നൽകിയത്. പ്രജ്വലിന്റെ പിതാവും ജെഡിഎസ് എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയുടെ ആജ്ഞാനുവർത്തിയായ സതീഷ് ബബണ്ണ എന്നയാളാണ് അമ്മയെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്.ഡി. രേവണ്ണയ്ക്കെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ ചെല്ലാനറിയിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് അമ്മയെ ബബണ്ണ കൂട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയിൽ കൂട്ടിച്ചേർത്തു.

വോട്ടെടുപ്പ് ദിനത്തിൽ അമ്മയെ ബബണ്ണ വീട്ടിൽ ഇറക്കിയതായും പ്രജ്വലുമായി ബന്ധപ്പെട്ടുള്ള കേസിൽ പൊലീസ് അന്വേഷണത്തിനെത്തിയാൽ ഒന്നും പറയരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും മറിച്ച് പ്രവർത്തിച്ചാൽ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തിനെത്തിയാൽ വിവരം തന്നെ ധരിപ്പിക്കണമെന്നും ബബണ്ണ പറഞ്ഞതായി യുവാവിന്റെ പരാതിയിൽ പറയുന്നു. ഏപ്രിൽ 29ന് ബബണ്ണ വീണ്ടും വീട്ടിലെത്തുകയും അതിജീവിതയെ ബലമായി മോട്ടോർസൈക്കിളിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

പ്രജ്വൽ രേവണ്ണ തന്റെ അമ്മയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന് തെളിയിക്കുന്ന വീഡിയോയെക്കുറിച്ച് മെയ്‌ ഒന്നിനാണ് താനറിയാൻ ഇടയായതെന്നും യുവാവ് പറഞ്ഞു. താണുകേണപേക്ഷിച്ചിട്ടും പ്രജ്വൽ തന്റെ അമ്മയെ ബലാത്സംഗം ചെയ്തതായി, തനിക്ക് വിവരം ലഭിച്ചതായി യുവാവ് പരാതിയിൽ കൂട്ടിച്ചേർത്തു. അമ്മയെ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് ബബണ്ണയെ ഫോണിൽ ബന്ധപ്പെട്ടതായും എന്നാൽ പഴയൊരു അടിപിടിസംഭവത്തിൽ തന്റെ അമ്മ പ്രതിയാണെന്ന് തെളിയിക്കുന്ന ഫോട്ടോ കൈവശമുണ്ടെന്നും ഇനി അമ്മയെ ജാമ്യത്തിലെടുക്കാനാണ് ബബണ്ണ പറഞ്ഞതെന്നും യുവാവ് പരാതിയിൽ കൂട്ടിച്ചേർത്തു

അതേസമയം, പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് മുങ്ങിയിരിക്കുകയാണ്. ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ജർമ്മനിക്ക് കടന്നത്