- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽകുമാറും കുടുംബവും പി.ആർ.ഡി നിക്ഷേപത്തിലൂടെ തട്ടിയത് 300 കോടി; സ്ഥാപനം പ്രതിസന്ധിയിലായത് സമാഹരിച്ച പണം വകമാറ്റി ചിലവഴിച്ചതോടെ; വൻ തുക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം പലയിടത്തും വസ്തുക്കളും കെട്ടിടങ്ങളും വാങ്ങി; മൂന്നാറും ദേവികുളത്തും ബിനാമി പേരുകളിൽ തോട്ടങ്ങളും വാങ്ങി; ധനസമാഹരണം റിസർവ് ബാങ്ക് ലൈസൻസുമില്ലാതെ
പത്തനംതിട്ട: റിസർവ് ബാങ്കിന്റെ ലൈസൻസ് പോലുമില്ലാതെയാണ് തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂർ പുളിമുക്കിൽ പി.ആർ.ഡി. മിനി നിധി ലിമിറ്റഡ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെ കൈയിൽ നിന്നും പണം സ്വരൂപിച്ചു മറ്റിടങ്ങളിൽ നിക്ഷേപിച്ചതായിരുന്നു നിധി ഉടമം ഡി.അനിൽകുമാറിന്റെയും (59) കുടുംബത്തിന്റെയും ശൈലി. ഉയർന്ന പലിശ വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പുകൾ. ഇത്തരത്തിൽ 300 കോടിയോളം രൂപ ഇവർ സമാഹരിച്ചു. തുടർന്ന് ഈ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം മുടക്കി. വൈകാതെ പലിശ ലഭിക്കാതെ വന്നവർ പരാതിയുമായി രംഗത്തിറങ്ങി. ഇതോടാണ് സ്ഥാപനം ആളുകളെ കബളിപ്പിക്കുകയായിരുന്നു എന്ന വിവരം പുറത്തായത്.
അനിൽകുമാറിനൊപ്പം ഭാര്യ ഡി.എസ്.ദീപ(52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്ളാറ്റിൽനിന്നു ശനിയാഴ്ച പുലർച്ചെ പിടികൂടിയത്. മറ്റൊരു മകൻ അനന്തുകൃഷ്ണയും പ്രതിയാണ്. ഇയാൽ സ്ഥലത്തു നിന്നും മുങ്ങിയിരിക്കയാണ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പലിശയും മുതലുമില്ലെന്ന അവസ്ഥയിൽ ദുരവസ്ഥയിൽ കഴിയുന്നവർ നിരവധിയാണ്. ഇവരെല്ലാം പരാതിയുമായി രംഗത്തുവരാനിരിക്കയാണ്.
തോട്ടപ്പുഴശ്ശേരി കുറിയന്നൂർ തുണ്ടിയിൽ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ടൻ (36)ന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 2017 നവംബർ 15 മുതൽ ഈവർഷം ജൂൺ 29 വരെയുള്ള കാലയളവിൽ സ്ഥാപനത്തിന്റെ കുറിയന്നൂരുള്ള ശാഖയിൽ പല പ്രാവശ്യമായി 5,40,000 രൂപ നിക്ഷേപിച്ചു. കാലാവധി പൂർത്തിയായിട്ടും പണമോ പലിശയോ തിരികെ ലഭിച്ചില്ല എന്നാണ് പരാതി.
ഒന്നാം പ്രതി സ്ഥാപനത്തിന്റെ എം.ഡിയും രണ്ടാംപ്രതി മാനേജരും മൂന്നാം പ്രതി ബോർഡ് മെമ്പറുമാണ്. ഈമാസം മൂന്നിനാണ് പരാതിനൽകിയത്. നിക്ഷേപത്തുക സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും വിശദമായ അന്വേഷണം പൊലീസ് നടത്തി. സ്ഥാപനത്തിന്റെ നിയമാവലി പരിശോധിച്ചതിൽ ഉടമസ്ഥാവകാശം അനിലിന്റെ പേരിലും ബാക്കിയുള്ളവർ അംഗങ്ങൾ ആണെന്നും ബോധ്യപ്പെട്ടിരുന്നു.
പ്രതികൾ പല പേരുകളിൽ സ്ഥാപനം നടത്തി. വിവിധ പേരുകളിൽ പണമിടപാടും നിക്ഷേപവും സ്വീകരിച്ചു. കൂടുതൽ പലിശ വാഗ്ദാനംചെയ്ത് കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചു. കാലാവധി കഴിഞ്ഞും നിക്ഷേപകർക്ക് പണമോ പലിശയോ നൽകാതെ തട്ടിപ്പ് നടത്തിവരുകയായിരുന്നു. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും മറ്റ് ജില്ലകളിലും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.
പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയ്ക്ക് സൈബർ സെല്ലിന്റെ സഹായം തേടി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് അനിലിന്റെ പേരിലാണെന്നും റിസർവ് ബാങ്ക് ലൈസൻസ് ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ 32 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
സിപിഎം പ്രതിനിധിയായി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂനിയൻ മുൻ പ്രസിഡന്റുമായിരുന്നു അനിൽകുമാർ. മൂന്നു ജില്ലകളിലായി ഇവർക്ക് 18 ബ്രാഞ്ചുകളുണ്ട്. രണ്ട് വർഷമായി സ്ഥാപനം പ്രതിസന്ധിയിലാണ്. വൻ തുക പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. പലയിടത്തും വസ്തുവകകൾ, കെട്ടിടം എന്നിവ വാങ്ങി കൂട്ടിയിട്ടുണ്ട്. മൂന്നാറും ദേവികുളത്തും ബിനാമി പേരുകളിൽ തോട്ടങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്. നിരവധി പരാതികളെ തുടർന്ന് നിക്ഷേപതുകകൾ സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും മറ്റും പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്‌ഐമാരായ അനൂപ്, ഷൈജു, മധു, താഹാകുഞ്ഞ്, പ്രകാശ്, സുരേഷ് കുമാർ, എഎസ്ഐമാരായ സുധീഷ്, വിനോദ്, സി.പി.ഒമാരായ ജോബിൻ, ആരോമൽ, അഭിലാഷ്, പ്രകാശ്, നെബു, ഷെബി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ