മൊഹാലി: ചണ്ഡിഗഡ് യൂണിവേഴ്‌സിറ്റിയുടെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പെൺകുട്ടിയുടെ കാമുകന് പോൺ വെബ്സൈറ്റുകളുമായി ബന്ധമെന്ന് സൂചന. പെൺകുട്ടിയുടെ 23 വയസ്സുകാരനായ കാമുകനും 31 വയസ്സുകാരനായ കൂട്ടാളിയും നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ അശ്ലീല വിഡിയോകൾ പോൺ വെബ്സൈറ്റുകൾക്കോ വിദേശത്തോ വിൽക്കുന്നവരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്തതിൽ ഇരുവർക്കും ഒരു സഹായി കൂടി ഉണ്ടെന്ന് കണ്ടെത്തി. ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.

ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അറസ്റ്റിലായ പെൺകുട്ടിയെ കാമുകനും കൂട്ടാളിയും ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. തന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമോയെന്ന് ഭയന്നാണ് പെൺകുട്ടി മറ്റുള്ളവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് കരുതുന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തത്.

പെൺകുട്ടിയുടെ മൊബൈൽ ഫോണിൽനിന്നു മറ്റൊരു വിഡിയോ കൂടി കണ്ടെടുത്തിരുന്നു. ഫോണിൽ ഒരു വിഡിയോ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതു പെൺകുട്ടിയുടെ തന്നെ ദൃശ്യങ്ങളാണെന്നുമായിരുന്നു കഴിഞ്ഞദിവസം പൊലീസും സർവകലാശാല അധികൃതരും പറഞ്ഞിരുന്നത്.

സ്വന്തം സ്വകാര്യ വിഡിയോ കാമുകനുമായി പങ്കിടുന്നതു കുറ്റകരമല്ലെന്നായിരുന്നു എസ്എസ്‌പിയുടെ വിശദീകരണം. എന്നാൽ കൂടുതൽ പരിശോധനയിൽ ഫോണിൽ മറ്റൊരു വിഡിയോ കൂടി കണ്ടെത്തുകയായിരുന്നു. പക്ഷേ, ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലാത്തതിനാൽ പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. അറസ്റ്റിലായ പെൺകുട്ടിയുടെ വിഡിയോ അല്ലെന്നു പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

മൊബൈലിൽനിന്നു ചില വിഡിയോകൾ ഡിലീറ്റായതായും പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊബൈലുകൾ ചണ്ഡിഗഡിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലേക്കു (സിഎഫ്എസ്എൽ) പരിശോധനയ്ക്കായി അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.

മൂന്നു പ്രതികളെയും തിങ്കളാഴ്ച, ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികൾ വിദ്യാർത്ഥികളുടെ അശ്ലീല വിഡിയോകൾ ശേഖരിച്ച് മറ്റൊരു ഉപകരണത്തിൽ സൂക്ഷിച്ച് വിൽപന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് കോടതിയിൽ അറിയിച്ചു. ''ആ ഉപകരണം വീണ്ടെടുക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്.'' പൊലീസ് കോടതിയിൽ പറഞ്ഞു. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിച്ചിട്ടില്ലാത്തതിനാൽ പ്രതികൾക്കു ജാമ്യം നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല.

കുളിമുറി ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് ചണ്ഡിഗഢ് സർവകലാശാലയിൽ പ്രതിഷേധം ശക്തമാവുന്നതിനിടെ ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി ബോംബെ) യിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി ഹോസ്റ്റൽ നമ്പർ 10ലെ കുളിമുറിയിൽ വെച്ച് ഐ.ഐ.ടിയിലെ കാന്റീൻ ജീവനക്കാരൻ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പവായ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ കാന്റീൻ തൊഴിലാളിക്കെതിരെ കേസെടുത്തെന്ന് പവായ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ബുഥൻ സാവന്ത് പറഞ്ഞു. എഫ്.ഐ.ആർ ഫയൽ ചെയ്തതിന് പിന്നാലെ ഞായറാഴ്ച രാത്രി തന്നെ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യലിന് ശേഷം ജീവനക്കാരനെ വിട്ടയച്ചെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഇൻസ്‌പെക്ടർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബോംബെ ഐ.ഐ.ടി ഡീൻ (സ്റ്റുഡന്റ് അഫേഴ്‌സ്) പ്രഫസർ തപനേന്ദു കുണ്ടു വ്യക്തമാക്കി.'പുറത്ത് നിന്ന് കുളിമുറിയിലേക്കുള്ള പ്രവേശനം അടച്ചു. ഹോസ്റ്റലിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഹോസ്റ്റൽ നമ്പർ 10ൽ പരിശോധന നടത്തിയ ശേഷം സി.സി.ടി.വി കാമറകളും ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ ലൈറ്റുകളും സ്ഥാപിച്ചു. പുരുഷ തൊഴിലാളികളാണ് രാത്രി കാന്റീൻ നടത്തിയിരുന്നത്.കാന്റീനിൽ വനിത ജീവനക്കാരെ മാത്രം നിയമിക്കാനാണ് പുതിയ തീരുമാനം. നിലവിൽ കാന്റീന് അടച്ചിരിക്കുകയാണ്'- തപനേന്ദു കുണ്ടു വ്യക്തമാക്കി.