കൊച്ചി: കാസർകോട് സ്വദേശി പത്തൊൻപതുകാരിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ട ബലാൽസംഗം ചെയ്ത കേസിൽ ചതിയൊരുക്കിയത് രാജസ്ഥാനി മോഡൽ തന്നെ. അതിജീവിതയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (21ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ (26), മേത്തല നിഥിൻ മേഘനാഥൻ (35), കാവിൽകടവ് ടി.ആർ. സുധീപ് (34) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊച്ചിയിൽ പൾസർ സുനി നടിയെ പീഡിപ്പിച്ചതിന് സമാനമാണ് ഈ കേസും. അന്ന് തൃക്കാക്കര എംഎൽഎയായിരുന്ന പിടി തോമസിന്റെ ഇടപെടലാണ് നടൻ ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിച്ച പീഡനം പുറത്തു കൊണ്ടു വന്നത്. വർഷങ്ങൾക്ക് ശേഷം ആശുപത്രിയിലെ ഡോക്ടർമാരുടെ ഇടപെടലിൽ മറ്റൊരു പീഡനം പുറത്തറിയുകയാണ്.

നഗരത്തിൽ വാഹനത്തിൽ 19 വയസുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയ സംഭവം പുറത്തുവന്നത് ആശുപത്രി അധികൃതരുടെ ഇടപെടൽമൂലം. പീഡനത്തിനിരയായ പെൺകുട്ടിക്കു കലശലായ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയെ സമീപിച്ചത്. സംഭവിച്ചതെന്താണെന്ന് ആശുപത്രി അധികൃതർ തിരക്കിയെങ്കിലും യുവതി ആദ്യം പറയാൻ മടിച്ചു. യുവതി നേരിട്ടതു ക്രൂരമായ പീഡനമാണെന്നു ബോധ്യമായ ആശുപത്രി അധികൃതർ ആവർത്തിച്ചു ചോദിച്ചപ്പോഴാണ് നിജസ്ഥിതി വെളിപ്പെടുത്തിയത്. പിന്നാലെ കാക്കനാട് ഇൻഫോർ പാർക്ക് പൊലീസിൽ ആശുപത്രിയിൽനിന്നു വിവരമറിയിച്ചു. സംഭവം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇൻഫോ പാർക്ക് പൊലീസ് കേസ് അവിടേക്കു കൈമാറി. തിടുക്കത്തിൽ അന്വേഷണം ഊർജിതമാക്കിയതുകൊണ്ടു പ്രതികളെ വേഗത്തിൽ പിടികൂടാനും സാധിച്ചു. ഇരയായ പെൺകുട്ടി സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. തൃക്കാക്കര സഹകരണ ആശുപത്രിയാണ് സത്യം പുറത്തെത്തിച്ചത്.

ഡിജെ പാർട്ടിക്കു പോകാമെന്നു പറഞ്ഞു ഡിംപിൾ ലാംബയാണു യുവതിയെ എറണാകുളം എംജി റോഡിലെ അറ്റ്‌ലാന്റിസ് ജംക്ഷനിലുള്ള ബാറിലേക്കു കൂട്ടിക്കൊണ്ടുവന്നതെന്ന് അതിജീവിത മൊഴി നൽകി. ഡിജെ പാർട്ടിക്ക് ശേഷമാണ് പീഡന സാഹചര്യമൊരുക്കിയത്. ഇതിന് പിന്നിൽ വമ്പൻ ഗൂഢാലോചനയുണ്ട്. കൊടുങ്ങല്ലൂർ സ്വദേശികളായ മറ്റു 3 പേരെയും ബാറിൽ വച്ചാണ് ആദ്യമായി കണ്ടത്. ബാറിൽ കുഴഞ്ഞു വീണ തന്നെ, ഇവർ 3 പേരുമാണു താങ്ങിയെടുത്തു കാറിൽ കയറ്റിയത്. അപ്പോൾ, ഡിംപിൾ ലാംബ വണ്ടിയിൽ കയറാതെ സ്വയം ഒഴിഞ്ഞുമാറിയതു സംശയകരമാണെന്നും ഇതെന്തിനെന്നു മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും അതിജീവിത പറഞ്ഞു.

പീഡനത്തിനു ശേഷം മടങ്ങിയെത്തിയ യുവാക്കൾ ഡിംപിൾ ലാംബയെയും വാഹനത്തിൽ കയറ്റി ഇരുവരെയും കാക്കനാട്ടെ താമസസ്ഥലത്ത് എത്തിച്ചു. യുവതിക്കു ലഹരിമരുന്നു നൽകിയാണോ പീഡിപ്പിച്ചതെന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. പരസ്യചിത്രീകരണത്തിനു വേണ്ടിയാണു യുവതി ഒരാഴ്ചയായി കാക്കനാട്ടെ ഹോട്ടലിൽ താമസിക്കുന്നത്. പ്രതികളിൽ ഒരാളായ വിവേകും ഡിംപിളുമായി അടുപ്പമുള്ളതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. വിവേകിന്റെ സുഹൃത്തുക്കളായാണു നിഥിനും സുദീപും ബാറിലെത്തിയത്. ഡിംപിൾ പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരിയാണെന്നും സൂചനയുണ്ട്.

കുടിക്കാൻ നൽകിയ ബീയറിൽ പ്രതികൾ എന്തോ കലർത്തിയതായി സംശയമുണ്ടെന്നും അതു കുടിച്ചതോടെ ശരീരം തളർന്നതായും അവർ പറഞ്ഞു. കാർ ഓടുന്നതിനിടെ 3 പ്രതികളും ക്രൂരമായി ഉപദ്രവിച്ചു. ശരീരത്തിന്റെ തളർച്ചയും ഭയവും കാരണം ശബ്ദിക്കാൻ കഴിഞ്ഞില്ല-ഇതാണ് അതിജീവിതയുടെ മൊഴി. മോദിലിംഗിനെത്തുന്ന പെൺകുട്ടികളെ സമാനമായ ചതിയിൽ വീഴ്‌ത്താറുണ്ടത്രേ. പലരും പരാതികൾ നൽകാറില്ല. പിന്നീട് ഇവരെ മയക്കു മരുന്ന് കാരിയർമാരാക്കിയും മറ്റും മാറ്റുന്നതാണ് പതിവ്. വലിയ മാഫിയയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഡിംപിളിന്റെ ഫോണിൽ പല ഉന്നതരുടേയും ഫോൺ നമ്പറുകളുണ്ട്. സിനിമയിലേയും രാഷ്ട്രീയത്തിലേയും പ്രമുഖർക്ക് സ്ത്രീകളെ കൊണ്ടു കൊടുക്കുന്ന മാഫിയാ കണ്ണിയാണ് ഇവരെന്നും സൂചനയുണ്ട്. എന്നാൽ അന്വേഷണം ഈ വഴിക്ക് പോകുന്നില്ല.

പിന്നീടു പ്രതികൾ ഒരു ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നപ്പോഴും അവിടെയുണ്ടായിരുന്ന മറ്റുള്ളവരോടു പരാതിപ്പെടാനോ പ്രതികരിക്കാനോ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു. സുഹൃത്തും മോഡലുമായ ഡിംപിൾ ലാംബ കെണിയിൽപെടുത്തി യുവാക്കൾക്കു കൈമാറിയതാണോയെന്ന ചോദ്യത്തിന്, 'അവളെക്കുറിച്ച് അങ്ങനെ കരുതാൻ കഴിയുന്നില്ലെന്ന്' അതിജീവിത കരഞ്ഞുകൊണ്ടു പൊലീസിന് മറുപടി പറഞ്ഞു. എറണാകുളം സൗത്ത് പൊലീസ് 4 പ്രതികൾക്കും എതിരെ കൂട്ടബലാൽസംഗത്തിനു പുറമേ, ഗൂഢാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് ശേഷമായിരുന്നു എല്ലാം.

മദ്യപിക്കുന്നതിനിടെ രാത്രി പത്തരയോടെ യുവതി ബാറിൽ കുഴഞ്ഞു വീണു. തുടർന്നു കാറിൽ കയറ്റിയ യുവതിയുമായി പ്രതികൾ ഏകദേശം 40 മിനിറ്റ് നേരം നഗരത്തിന്റെ പല ഭാഗങ്ങളിലും വണ്ടിയിൽ കറങ്ങിയാണു കുറ്റകൃത്യം ചെയ്തതെന്നു പൊലീസ് പറഞ്ഞു. വാഹനത്തിൽ നിന്നും തെളിവുകൾ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധന നടത്തി. പ്രതികളുടെ ഡിഎൻഎ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ യുവതി അർധബോധാവസ്ഥയിലായതിനാൽ, അതിജീവിതയെയും കൂട്ടുപ്രതികളായ യുവാക്കളെയും അറിയാവുന്ന ഡിംപിൾ ലാംബയുടെ മൊഴികൾ കേസന്വേഷണത്തിനു സഹായകരമാവും.