- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പോർഷെ കാറിൽ മദ്യലഹരിയിൽ ചീറിപ്പായൽ; കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി
പൂണെ: പൂണെയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടാക്കിയ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി. ജനരോഷം ശക്തമായതോടെയാണ് ജാമ്യം റദ്ദാക്കിയത്. ജുവൈനൽ ജസ്റ്റിസ് ബോർഡാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് കൗമാരക്കാരനെ ചിൽഡ്രൻ ഒബ്സർവേഷൻ സെന്ററിലേക്ക് മാറ്റി.
അതേസമയം, കൗമാരക്കാരനെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു ആവശ്യം പൊലീസ് ഉന്നയിച്ചത്. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്. കൗമാരക്കാരനെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് റിമാൻഡ് ഹോമിലേക്ക് അയക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് പൂണെ പൊലീസ് കമീഷണർ അറിയിച്ചു.
പൂണെയിൽ അപകടമുണ്ടാക്കിയ കൗമാരക്കാരന് 25 വയസ് വരെ ലൈസൻസ് നൽകില്ലെന്ന് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമീഷണർ വിവേക് ഭിമൻവാർ അറിയിച്ചിരുന്നു. നേരത്തെ പുണെയിൽ അമിതവേഗത്തിൽ വന്ന ആഡംബരക്കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ മദ്യപിച്ച് കാറോടിച്ച കൗമാരക്കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തിൽ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുക, ട്രാഫിക് നിയമങ്ങൾ പഠിക്കുക, എന്നിവയായിരുന്നു ജാമ്യം നൽകുന്നതിനുള്ള ചില നിബന്ധനകൾ. ഇതിനെ വിമർശിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന നേതാക്കൾ രംഗത്തെത്തിയിരുന്നു.
റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കിൽ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പൊലീസിനൊപ്പം പ്രവർത്തിക്കുക, മദ്യപിക്കുന്ന ശീലം ഉൾപ്പെടെ മാറ്റാനായി കൗൺസിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികൾ മുന്നോട്ടുവച്ചാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഇതിനെതിരേ വ്യാപക വിമർശനമാണുയർന്നത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരൻ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയർമാർ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിർസിങ്പുർ സ്വദേശി അനീഷ് ആവാഡിയ(24), ജബൽപുർ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവർക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. മദ്യലഹരിയിൽ ആയിരുന്നു വാഹനമോടിച്ചത്.
സംഭവം വിവാദമായതിന് പിന്നാലെ കർശന നടപടിയുമായി മഹാരാഷ്ട്ര ഗതാഗത കമ്മിഷണർ രംഗത്തുവന്നു. കാറോടിച്ച 17-കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ നിന്ന് വിലക്കിയതായി ഗതാഗത കമ്മിണർ വിവേക് ഭിമൻവാർ പറഞ്ഞു. അപകടമുണ്ടാക്കിയ പോർഷെ ടയ്കാൻ കാറിന് രജിസ്ട്രേഷൻ ഇല്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 1758 രൂപ ഫീസ് അടയ്ക്കാത്തതിനാലാണ് രജിസ്ട്രേഷൻ പൂർത്തിയാകാത്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വൈദ്യുതവാഹനങ്ങൾക്ക് മഹാരാഷ്ട്രയിൽ നികുതി ഇളവുണ്ട്. പോർഷെ ടയ്കാന്റെ ആകെ രജിസ്ട്രേഷൻ ഫീസ് 1758 രൂപ മാത്രമാണ്. 1500 രൂപ ഫീസ്, സ്മാർട്ട കാർഡ് ആർ.സിക്കുവേണ്ടി 200 രൂപ, തപാൽ ചാർജായി 58 രൂപ എന്നിവ അടങ്ങുന്നതാണ് ആകെ ഫീസ്. എന്നാൽ ഈ ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാനായി ഉടമ വന്നില്ല എന്നാണ് ആർ.ടി.ഒ. ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം വാഹനത്തിന് കർണാടകയിൽ നിന്ന് ലഭിച്ച താത്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ട്. ആറുമാസം കാലാവധിയുള്ള ഈ സർട്ടിഫിക്കറ്റ് 2024 മാർച്ചിലാണ് ലഭിച്ചത്. സെപ്റ്റംബർ വരെയാണ് താത്കാലിക സർട്ടിഫിക്കറ്റിന്റെ കാലാവധി. ബെംഗളൂരുവിലുള്ള ഡീലറാണ് കാർ ഇറക്കുമതി ചെയ്ത് കർണാടകയിൽ താത്കാലിക രജിസ്ട്രേഷൻ നടത്തി ഉടമയ്ക്ക് കൈമാറിയത്. താത്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങൾ ആർ.ടി.ഒ. ഓഫീസിലേക്കും തിരിച്ചും മാത്രമേ ഓടിക്കാൻ പാടുള്ളൂവെന്നാണ് നിയമം.
അതേസമയം അപകടത്തിന് മുമ്പ് സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു. രണ്ട് പബ്ബുകളിലായി 90 മിനിട്ടുകൊണ്ട് 48000 രൂപയാണ് 17-കാരൻ ടെസലവഴിച്ചത്. ശനിയാഴ്ച രാത്രി 10:40-ഓടെ കോസി എന്ന ആദ്യ പബ്ബിലും പിന്നീട് 12:10-ഓടെ ബ്ലാക്ക് മാരിയട്ട് എന്ന മറ്റൊരു പബ്ബിലുമാണ് 17-കാരനും സംഘവും പോയത്. കോസി പബ്ബിലെ ജീവനക്കാർ ഇവർക്ക് മദ്യം നൽകുന്നത് നിർത്തിയതോടെയാണ് അടുത്ത പബ്ബ് തേടി ഇവർ പോയത്.