കോഴിക്കോട്: രജിസ്റ്റർ മാരീജ് ചെയ്താൽ കോടതിയിൽ നിന്നും ഡിവോഴ്‌സ് കിട്ടിയാലെ മറ്റൊരു വിവാഹത്തിന് ഇന്ത്യയിലെ നിയമം അനുദിക്കുന്നുള്ളൂ. എന്നാൽ പന്തീരാങ്കാവിൽ സംഭവിച്ചത് മറ്റൊന്നാണ്. പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ രംഗത്ത് വരുമ്പോൾ ചർച്ചയാകുന്നത് ഈ നിയമ ലംഘനാണ്. രണ്ടാം വിവാഹമാണ് രാഹുലിന്റേതെന്ന് അറിയില്ലെന്ന് നവ വധുവും കുടുംബവും പറയുന്നു. ഇതോടെ അക്ഷരാർത്ഥത്തിൽ വിവാഹതട്ടിപ്പായി മാറുകയാണ് പന്തീരാങ്കാവിലെ പീഡനം.

ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി രജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തൽ. "ആ പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെൺകുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. രാഹുൽ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്."-ഇതാണ് രാഹുലിന്റെ അമ്മ പറയുന്നത്. കേസിൽ രാഹുലിന്റെ അമ്മയും സഹോദരിയും പ്രതിയാകാൻ സാധ്യത ഏറെയാണ്.

പെൺകുട്ടിയോട് അമ്മ മാപ്പു പറഞ്ഞതും കേസിൽ നിന്നും രക്ഷപ്പെടാനാണ്. എന്നാൽ മകന്റെ ആദ്യ വിവാഹം നടന്നത് അമ്മയ്ക്ക് അറിയാം. അത് മറച്ചു വച്ച് കല്യാണത്തിൽ പങ്കെടുത്ത രാഹുലിന്റെ അമ്മയും സഹോദരിയുമെല്ലാം നിയമത്തിന് മുന്നിൽ കുറ്റക്കാരാണ്. അതിനിടെ രാഹുൽ വിദേശത്തു കടന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയം. ഇയാൾക്ക് ജർമൻ പൗരത്വവും ഉണ്ട്. അതേസമയം പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. നെറ്റിയിൽ ഇടി കൊണ്ട് ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈയ്ക്കും പരുക്കുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു.

സിടി സ്‌കാനിനും എല്ലുരോഗ വിദഗ്ധനെയും കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്. രാഹുൽ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് രാഹുലിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെ പെൺകുട്ടി കാമുകനെ വിളിച്ചത് മോൻ കണ്ടുപിടിച്ചിരുന്നു. ഇതായിരുന്നു പ്രശ്നമെന്നും അമ്മ പ്രതികരിച്ചു. പ്രതിയുടെ അമ്മ പറഞ്ഞത് കള്ളമാണെന്നും സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടിരുന്നുവെന്നും മകനെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് ഹരിദാസൻ പറഞ്ഞു. രാഹുലിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിരുന്നിലെന്നും മുടങ്ങിയതായി മാത്രമേ അറിഞ്ഞിരുന്നുള്ളുവെന്നും ഹരിദാസൻ പറഞ്ഞു.

രാഹുൽ കള്ളും കഞ്ചാവും ഉപയോഗിക്കുന്നയാളാണെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും ഹരിദാസൻ ആവശ്യപ്പെട്ടു. പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടത്. വീട്ടുകാർ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം.

ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുൽ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോൺ രാഹുലിന്റെ കയ്യിലായിരുന്നതിനാൽ വീട്ടുകാരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല.

പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അതിൽ പറഞ്ഞ പല മൊഴികളും എഫ്‌ഐആറിൽ പറയുന്നില്ലന്നും സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.