കോഴിക്കോട്: കേരളാ പൊലീസിനെ പരിഹസിച്ച് രാഹുൽ സിംഗപൂരിൽ കടന്നു. താൻ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയായ രാഹുൽ സമ്മതിച്ചു. തന്നെ വധുവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയതായും രാഹുൽ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോൾ നാട്ടിൽ നിൽക്കാൻ കഴിയാതെയായി. താൻ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ് നടത്തിയത് താനാണ്. പെൺകുട്ടി തന്റെ പൂർവ ബന്ധങ്ങൾ വിവാഹ ശേഷവും തുടർന്നത് പ്രകോപനത്തിന് കാരണമായതായും രാഹുൽ അറിയിച്ചു. ഒരു പെൺകുട്ടിയെ രാഹുൽ രജിസ്റ്റർ മാരീജ് ചെയ്തിരുന്നു. അത് മറച്ചു വച്ചാണ് രണ്ടാം കല്യാണം നടത്തിയത്. ഈ യുവാവാണ് ഇപ്പോൾ തൊടു ന്യായം പറയുന്നത്. അതും രാജ്യം വിട്ട ശേഷം.

പെൺകുട്ടിയുടെ ബന്ധുക്കളെ കളിയാക്കുകയാണ് രാഹുൽ. പ്രശ്നങ്ങളെ വഷളാക്കാനാണ് ബന്ധുക്കൾ ശ്രമിച്ചത്. തന്റെ ഭാര്യയെ പൊതു ഇടങ്ങളിൽ അവഹേളിക്കാതിരിക്കാനാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. ഭാര്യ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പ്രശ്നങ്ങൾ കൈവിട്ടുപോയി. തല്ലിയതിന് താൻ അവളോട് മാപ്പ് ചോദിച്ചു. ലഹരി മരുന്ന് ഉപയോഗിക്കാറില്ല. തന്നെ പരിശോധനയ്ക്ക് വിധേയമാക്കണം. ഭാര്യയുടെ ഫോണിൽ കാണാൻ പാടില്ലാത്തത് എല്ലാം കണ്ടു. അമ്മക്കും സഹോദരിക്കും പങ്കുമില്ലെന്നും രാഹുൽ പറഞ്ഞു. ജർമൻ പൗരനാണ് രാഹുൽ. സിംഗപൂരിൽ നിന്നും രാഹുൽ ജർമനിയിലേക്ക് പറക്കുമെന്നാണ് സൂചന.

അതുകൊണ്ട് തന്നെ രാഹുലിനെ ഇനി അത്രവേഗം കേരളാ പൊലീസിന് കിട്ടില്ല. അതിനിടെ രാഹുലിന്റെ അമ്മയും സഹോദരിയുമെല്ലാം ഒളിവിൽ പോകാൻ സാധ്യതയുണ്ട്. കേസിൽ അവരും പ്രതികളാകുമെന്ന സാഹചര്യമുള്ളതിനാലാണ് ഇത്. നവവധുവിന്റെ പരാതിയെ തുടർന്ന് പൊലീസ് രാഹുലിനെ സ്‌റ്റേഷനിൽ എത്തിച്ചിരുന്നു. കഴുത്തിൽ മൊബൈൽ കേബിൾ കുരുത്തി കൊല്ലാൻ ശ്രമിച്ചുവെന്നും യുവതി മൊഴി കൊടുത്തു. ഇത് എഫ് ഐ ആറിലുമുണ്ടായിരുന്നു. എന്നാൽ വധശ്രമത്തിന് കേസെടുത്തില്ല. ഇതിനൊപ്പം രാഹുലിനെ വീട്ടിലേക്ക് പോകാനും അനുവദിച്ചു. കേസ് കടുക്കുമെന്ന് മനസ്സിലാക്കി രാഹുൽ ബംഗ്ലൂരുവു വഴി സിംഗപ്പൂരിലേക്ക് പോയി. അവിടെ നിന്നും ജർമനിയിൽ കൂടിയെത്തിയാൽ കേരളാ പൊലീസ് പ്രതിസന്ധിയിലാകും.

സംഭവത്തിൽ പരാതി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യേഗസ്ഥൻ സസ്‌പെൻഷനിലായി. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി. കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതിന് ഉത്തരമേഖലാ ഐ.ജിയുടേതാണ് നടപടി. പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ ഗൗരവമായെടുത്തില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറാം ദിവസം മകൾക്ക് ഭർത്താവിൽനിന്ന് ക്രൂരമായി മർദനമേറ്റെന്ന പരാതിയുമായെത്തിയ തനിക്ക് മോശം അനുഭവമാണുണ്ടായതെന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. മകൾ മർദനമേറ്റ് അവശനിലയിലായിട്ടും പൊലീസ് ഗാർഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്യുന്ന നടപടി ഒഴിവാക്കുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംഭവത്തിൽ പ്രതിക്കൊപ്പം നിൽക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പൊലീസ് സ്വീകരിച്ചതെന്ന് യുവതിയും കുടുംബവും വ്യക്തമാക്കി. വിവാഹജീവിതത്തിൽ ഇതെല്ലാം സാധാരണയാണെന്ന് പറഞ്ഞ് സംഭവം ഒത്തുതീർപ്പാക്കാനായിരുന്നു പൊലീസ് ആദ്യം ശ്രമിച്ചത്. വധശ്രമം അടക്കം ചൂണ്ടിക്കാട്ടിയിട്ടും പ്രതിക്കെതിരേ ഗുരുതരവകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസം വധശ്രമം അടക്കമുള്ള വകുപ്പുകൾകൂടി ചുമത്തിയിട്ടുണ്ട്. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എ.സി.പി.ക്ക് കൈമാറുകയുംചെയ്തു. ഇതിനുപിന്നാലെ പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

മെയ്‌ അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് 'സ്‌നേഹതീര'ത്തിൽ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ച പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.