തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യാനുള്ള തീരുമാനം അടൂരിലേക്ക് പോയ തിരുവനന്തപുരത്തെ പൊലീസുകാർക്ക് പോലും അറിയില്ലായിരുന്നുവെന്ന് റിപ്പോർട്ട്. അത്ര രഹസ്യമായിരുന്നു ഓപ്പറേഷൻ. അടൂരിൽ എത്തിയപ്പോൾ മാത്രമാണ് രാഹുലിനെ കസ്റ്റഡിയിൽ എടുക്കുകയാണ് ലക്ഷ്യമെന്ന് പൊലീസുകാർ പോലും അറിഞ്ഞത്. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ എൻഐഎ കേരളത്തിൽ നടത്തിയ 'സർജിക്കൽ സ്‌ട്രൈക്കിന്' സമാനമായിരുന്നു ഈ ഓപ്പറേഷനും. മാങ്കൂട്ടത്തിൽ അറസ്റ്റിലായ ശേഷമാണ് പുറം ലോകം എല്ലാം അറിഞ്ഞത്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പൊലീസ് കടുത്ത നിലപാട് എടുത്തിരുന്നു. ഇതിന് എല്ലാം പിന്നിൽ സെക്രട്ടറിയേറ്റിലെ പ്രധാനിയാണ്. ബലം പ്രയോഗിക്കരുതെന്ന് പൊലീസിനോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പുറകിൽ നിന്ന് തള്ളി ബലമായി രാഹുൽ മാങ്കൂട്ടത്തിലിനെ ജീപ്പിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും രാഹുൽ മാങ്കട്ടത്തിലിനെ ബുദ്ധിമുട്ടിക്കുകയാണ് പൊലീസ് ചെയ്തത്.

വെളുപ്പിന് വീടിന് മുമ്പിൽ വന്ന് മുട്ടിയപ്പോൾ തുറന്ന് പൊലീസ് നടപടികളോട് സഹകരിച്ചയാളാണ് താൻ. എന്നിട്ടും തനിക്കെതിരെ എന്തിനാണ് ബലപ്രയോഗം നടത്തുന്നത് എന്ന് അദ്ദേഹം പൊലീസിനോട് ചോദിച്ചു. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ പത്തനംതിട്ട അടൂരിൽ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

ഡിസംബറിൽ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. വിഡി സതീശനെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് രാഹുലിനെ സർക്കാർ ഭയക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്.

പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചെനുമാണ് കേസെടുത്തിരുന്നത്. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. നവകേരളയാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എംഎ‍ൽഎ, എം.വിൻസെന്റ് എന്നീ കണ്ടാലറിയുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നേരെത്ത കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നേതാക്കൾക്കെതിരായ നടപടി ആദ്യമാണ്. അറസ്റ്റിലായവർക്ക് ജാമ്യവും കിട്ടി. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.

അതേസമയം യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ നിർമ്മിച്ച കേസിലും രാഹുലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മറ്റൊരുകേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.