- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി രാഹുൽ നേരത്തെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തൽ. കോട്ടയം പൂഞ്ഞാർ സ്വദേശിയായ ദന്തഡോക്ടറുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണം കഴിഞ്ഞ ഉടനെ ജർമനിയിലേക്ക് കൊണ്ടുപോവാനാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ മതപരമായ ചടങ്ങുകൾ നടത്താൻ നിശ്ചയിച്ച തീയതിക്ക് ഒരുമാസം മുമ്പ് പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും തുടർന്ന് ഇരുവരും മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തുവെന്നും രാഹുലിന്റെ സഹോദരി വ്യക്തമാക്കി.
വിവാഹമോചനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നേയുള്ളൂ. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പറവൂരിലെ പെൺകുട്ടി വിവാഹത്തിന് തയ്യാറായി മുന്നോട്ട് വന്നത്. മാട്രിമോണി വഴിയാണ് ഈ രണ്ട് യുവതികളുടേയും കുടുംബവുമായി ബന്ധപ്പെട്ടത്. ഒരേ ദിവസമാണ് പെണ്ണ് കാണാൻ പോയതുെന്നും അവർ പറഞ്ഞു. ഇതിൽ പൂഞ്ഞാർ സ്വദേശിയുമായി വിവാഹം തീരുമാനിക്കുകയും ചെയ്തു. പെണ്ണുകാണൽ ചടങ്ങിന്റെ അന്ന് ഈ പെൺകുട്ടി രാഹുലിന്റേയും സുഹൃത്തുക്കളുടേയും നമ്പർ വാങ്ങിയിരുന്നു.
തുടർന്ന് പൂഞ്ഞാറിലെ വിവാഹം മുടങ്ങിയത് അറിഞ്ഞ് സുഹൃത്തുക്കൾ വഴി തനിക്ക് വിവാഹം കഴിക്കാൻ സമ്മതമാണെന്ന കാര്യം രാഹുലിനെ അറിയിക്കുകയായിരുന്നു എന്നാണ് സഹോദരി പറയുന്നത്. പെൺകുട്ടി തന്നെ മുൻകയ്യെടുത്താണ് നേരത്തെ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്തിയത്. ഒരു ദിവസം മാത്രമേ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നുള്ളൂ. അന്ന് ഇരുവരും മദ്യപിച്ചിരുന്നതായും സഹോദരി പറഞ്ഞു.
കോട്ടയം സ്വദേശിയുമായി രാഹുലിന്റെ വിവാഹം തീരുമാനിച്ച കാര്യം അന്വേഷണ സംഘവും ശരിവെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അതേസമയം, കേസിൽ രാഹുലിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കാനാണ് പൊലീസിന്റെ തീരുമാനം. രാഹുൽ വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് സർക്കുലർ പുറത്തിറക്കുന്നത്. കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുക്കുകയും ചെയ്യും. ഫറോക്ക് എ.സി.പി.ക്കാണ് അന്വേഷണ ചുമതല. ബുധനാഴ്ച തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ പെൺകുട്ടിയുടെ മൊഴി എടുക്കും.
അതേസമയം സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്ന് രാഹുലിന്റെ മാതാവ് ഉഷ പറഞ്ഞു. യുവതിയുടെ കാമുകൻ വിളിച്ചത് അന്ന് മോൻ കണ്ടുപിടിച്ചു. അവർ തമ്മിൽ ചാറ്റിങ് ആയിരുന്നു. അതായിരുന്നു പ്രശ്‌നമെന്നും മാതാവ് ആരോപിച്ചു. യുവതി നമ്മളോട് സഹകരിച്ചില്ല. പിന്നെ എപ്പോ സ്ത്രീധനം ചോദിക്കാനാ? കാമുകൻ വിളിച്ചത് പിടിച്ചു. പലതവണ ചോദിച്ചപ്പഴാണ് പറഞ്ഞത്. അങ്ങനെയാണ് ഫോൺ എടുത്ത് മാറ്റിയത്. മോൾക്ക് മൂന്നുപേരുണ്ടെന്ന് പറഞ്ഞു. രണ്ട് പേര് വന്നപ്പോൾ ജാതകം ചേരുന്നില്ലെന്ന് കണ്ട് പറഞ്ഞുവിട്ടു. ഒന്ന് മുസ്ലിമാ. ഇതൊക്കെ രാഹുലറിഞ്ഞപ്പോ നിന്നെ ഇവിടെ എങ്ങനെ നിർത്തിയിട്ട് പോകുമെന്ന് ചോദിച്ചു.
ഞങ്ങളൊക്കെ ഒഴിവായിക്കൊടുക്കണമെന്നാണ്. അങ്ങനെയെങ്കിൽ അവൾ ഇവിടെനിൽക്കും. അല്ലെങ്കിൽ തിരുവനന്തപുരത്ത്. അന്ന് ഉന്തും തള്ളും ഉണ്ടായിരുന്നു. അന്ന് വരെ പ്രശ്‌നമൊന്നുമില്ലായിരുന്നു. അന്ന് ബീച്ചിൽ പോയി വന്നിട്ട് പുലർച്ചെയാണ് പ്രശ്‌നമുണ്ടായത്. എനിക്ക് നട്ടെല്ലിന് സുഖമില്ല. ഞാൻ കാര്യമറിഞ്ഞില്ല. അതുകൊണ്ടാണ് പോയി നോക്കാത്തത്. ഫോൺ ചാറ്റിങ് പിടിക്കുന്നത് വരെ ഇവർ തമ്മിൽ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ദേഹത്ത് പാട് കണ്ടിരുന്നു. മോൻ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ബ്ലോക്ക് ചെയ്യാൻ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്. രാഹുൽ എവിടെയാണെന്നറിയില്ല. വക്കീലിനെ കാണാനാണെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്കാണ് പോയത്. അവൾ പറഞ്ഞത് കള്ളമാണ്. മുൻപത്തെ കല്യാണത്തിന്റെ കാര്യമൊക്കെ ഈ കുട്ടിയോട് പറഞ്ഞതാണ് എന്നും മാതാവ് പ്രതികരിച്ചു.