- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞവർഷം 100 കേടിയെങ്കിൽ ഇപ്പോൾ 500 കോടി; കേരളത്തിനകത്തും പുറത്തും സ്ഥലങ്ങൾ വാങ്ങി; ദുബായിൽ എട്ട് സ്ഥലങ്ങളിലായി കുട്ടികളുടെയും സ്ത്രീകളുടെയും ടെക്സറ്റയിൽസ്; ജോബിക്കും സ്മിതയ്ക്കും പിന്നാലെ കുടുങ്ങിയത് രാജേഷ് മലാക്കയും ഷിജോ പോളും; ടോൾ ഡീൽ വെഞ്ചേഴ്സിന്റേയും ഫ്യൂച്ചർ ട്രേഡ് ലിങ്കിന്റെയും തട്ടിപ്പ് സമാനതകളില്ലാത്തത്
തൃശൂർ : ടോൾ ഡീൽ വെഞ്ചേഴ്സ് എൽ.എൽ.പി, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ മണിചെയിൻ സ്ഥാപനങ്ങളുടെ പേരിൽ തൃശൂർ കേന്ദ്രമാക്കി വീണ്ടും തട്ടിപ്പ് നടത്തിയ പ്രതികളെ പൊലീസ് പിടികൂടുമ്പോൾ പുറത്തു വരുന്നത് തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ. വടക്കാഞ്ചരി പുന്നംപറമ്പ് മലാക്ക കണ്ടരത്ത് വീട്ടിൽ രാജേഷ് മലാക്ക (കെ.ആർ രാജേഷ്-46 ), സ്ഥാപനത്തിന്റെ പ്രോമോട്ടർ തൃശൂർ അരണാട്ടുകര പല്ലിശ്ശേരി വീട്ടിൽ ഷിജോ പോൾ (45 ) എന്നിവരാണ് തൃശൂർ പൊലീസിന്റെ പിടിയിലായത്. ഒരാൾ ഡയറക്ടറും മറ്റൊരാൾ കമ്പനി പ്രൊമോട്ടറുമായിരുന്നു.
കഴിഞ്ഞവർഷം ഒക്ടോബറിൽ സമാനമായ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയ കമ്പനിയുടെ നടത്തിപ്പുകാരായ അമ്മാടം ചിറയത്ത് ജോബി (43), ചേറ്റുപുഴ കൊല്ലത്തുകുണ്ടിൽ സ്മിത (40) എന്നിവരെ നെടുപുഴ പൊലീസിന്റെ അറസ്റ്റ് ചെയ്തിരുന്നു. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായും കണ്ടെത്തിയിരുന്നു. നേരത്തെ ജോബിയെയും സ്മിതയെയും പിടികൂടിയതിന് സമാനമായി രാജേഷിനെയും ഷിജോയെയും കോമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്ന് വൈളിവാകുകയാണ്.
കൂട്ടാളികൾ അറസ്റ്റിലായാൽ പുറത്തുള്ളവർ പണമൊഴുക്കി അവരെ രക്ഷികച്ചെടുക്കുന്നതാണ് രീതി. കേസിന്റെ വേര് അറുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ പലജില്ലകളിലും സമാനമായ തട്ടിപ്പ് നടക്കാനുള്ള സാധ്യത ഏറെയാണ്. കറൻസി ട്രേഡിങ്, ക്രിപ്റ്റോ കറൻസി എന്നിവയിൽ നിക്ഷേപിച്ചാൽ ഇരട്ടി പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് രാജേഷും ഷിജോയും ആയിരത്തിലേറെപ്പേരിൽ നിന്ന് അഞ്ഞൂറ് കോടി നിക്ഷേപം തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ ഈസ്റ്റ്, വെസ്റ്റ് പൊലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനെ തുടർന്ന് കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിലെ ജനവാസകേന്ദ്രത്തിലെ ആഡംബര ഒളിത്താവളത്തിലായിരുന്നു ഇരുവരും.
എന്നാൽ തോക്ക് ധാരിയായ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നതിനാൽ പ്രതികളെ പിടികൂടുന്നത് ശ്രമകരമായിരുന്നു.സ്ഥാപനത്തിൽ നിക്ഷേപം നടത്തി 55,000 രൂപ നഷ്ടപെട്ടുവെന്ന പഴുവിൽ സ്വദേശിയുടേയും, പലതവണകളിലായി 1,11,000 രൂപ കഴിഞ്ഞവർഷം തട്ടിയെടുത്തുവെന്ന കല്ലൂർ സ്വദേശിയുടേയും പരാതിയിലാണ് അറസ്റ്റ്. സമാനമായ രീതിയിൽ വിവിധ പദ്ധതികളിലേക്ക് ആകർഷിച്ച് കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായും പൊലീസ് സംശയിക്കുന്നു. തട്ടിപ്പിനായി വിവിധ തരത്തിലുള്ള വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ മെയിൽ വിലാസങ്ങൾ എന്നിവ സൃഷ്ടിച്ചതായി അന്വേഷണത്തിൽ അറിവായിട്ടുണ്ട്.
പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഇവർ വലിയ ഹോട്ടലുകളിലാണ് മീറ്റിംങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി നിക്ഷേപകരാണ് പൊലീസിനെ ബന്ധപ്പെടുന്നത്. നിക്ഷേപം കൊണ്ട് സ്ഥലം വാങ്ങിയതായും ദുബായിൽ എട്ട് സ്ഥലങ്ങളിലായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയതായും പൊലീസ് കണ്ടെത്തി. വടകരയിൽ ജുവലറി നടത്താനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു പിടിയിലായത്.
സ്ഥാപനത്തിന്റെ മറ്റു പ്രൊമോട്ടർമാരായ മലപ്പുറം കാളിക്കാവ് പാലക്കാതൊടി മുഹമ്മദ് ഫസൽ, തൃശൂർ പെരിങ്ങോട്ടുക്കര കുന്നത്തു പടിക്കൽ കെ.ആർ പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവർ അടക്കം അഞ്ചുപേർക്കെതിരെയാണ് കേസ്. തൃശൂർ വെസ്റ്റ്, ഈസ്റ്റ്, കൊല്ലം, പാലക്കാട് , നെടുപുഴ മലപ്പുറം സ്റ്റേഷനുകളിലായി നൂറോളം കേസുകളുണ്ട്. എന്നാൽ കഴിഞ്ഞവർഷം അറസ്റ്റിലായ ജോബിയുടെയും സ്മിതയുടെയും കഥമറ്റൊന്നാണ്.
വർഷങ്ങൾക്ക് മുമ്പ് തൃശൂരിൽ എസ്ജെ അസോഷ്യേറ്റ്സ് എന്ന പേരിലാരംഭിച്ച സ്ഥാപനത്തിലൂടെയാണു ജോബിയും സ്മിതയും ഓൺലൈൻ ട്രേഡിങ്ങിൽ പ്രവേശിച്ചത്. കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച ടോൾ ഡീൽ വെഞ്ചേഴ്സ് എന്ന കമ്പനിയിലൂടെയാണു നിക്ഷേപങ്ങൾ സ്വീകരിച്ചത്. ഈ സ്ഥാപനത്തെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഫ്യൂച്ചർ എന്ന പേരിൽ മറ്റൊരു ട്രേഡിങ് കമ്പനി തുടങ്ങിയത്. പണം നിക്ഷേപിക്കുന്നവർക്ക് ഇരട്ടിത്തുക വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
മറ്റൊരാളെ ചേർത്താൽ കമ്മിഷൻ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തു. കമ്പനിയുടെ പേരിലുള്ള മൊബൈൽ ആപ്ലിക്കേഷനിൽ തങ്ങളുടെ അക്കൗണ്ടിൽ ഡോളർ നിരക്കിൽ നിക്ഷേപം പെരുകുന്നതു കണ്ടാണു കൂടുതൽ പേരും തട്ടിപ്പിൽ വീണത്. എന്നാൽ, ബാങ്ക് അക്കൗണ്ടുമായി മൊബൈൽ ആപ്ലിക്കേഷനു ബന്ധമുണ്ടായിരുന്നില്ല. നെടുപുഴ പൊലീസിനെ സമീപിച്ച ഏതാനും പേരുടെ പരാതി പരിശോധിച്ചതിൽ നിന്നു മാത്രം 60 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നു സ്ഥിരീകരിച്ചു. 5000 മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ജോബിക്കും സ്മിതയ്ക്കും പിന്നിൽ 2 വൻ വ്യവസായികളുണ്ടെന്ന സൂചനയും പൊലീസിനു ലഭിച്ചു. ഇവർ ബന്ധുക്കളുടെ പേരിൽ ആഡംബര വീടുകളും ഫ്ളാറ്റുകളും നിർമ്മിച്ചതായി വിവരം ലഭിച്ചെങ്കിലും കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
ഒരുമാസമായി പ്രതികൾ കോയമ്പത്തൂരിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. തൃശൂർ സ്വദേശികളായ 2 പേർ കൂടി കേസിൽ പ്രതികളാണ്. മലപ്പുറത്തും കോഴിക്കോട്ടും ഇവർക്ക് ഓഫിസുകളുണ്ട്. ഭാര്യയും 2 മക്കളുമടങ്ങിയതാണു ജോബിയുടെ കുടുംബം. സ്മിതയുടെ ഭർത്താവ് നേരത്തെ മരിച്ചു. ഓൺലൈൻ ട്രേഡിങ്ങിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ തൃശൂർ, ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ പലവട്ടം ബിസിനസ് മീറ്റുകൾ സംഘടിപ്പിച്ചിരുന്നു. ഇതേ രീതിയാണ് ഇപ്പോൾ രാജേഷ് മലാക്കയും ഷിജോ പോളും നടത്തിയത്.
ട്രേഡിങ്ങിൽ പണം നിക്ഷേപിക്കുന്നവരുടെ മൊബൈൽ ഫോണിൽ ജോബിയും സ്മിതയും മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു നൽകും. നിക്ഷേപിക്കുന്ന തുകയ്ക്കു തുല്യമായ ഡോളർ ഈ ആപ്ലിക്കേഷനിലെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടും. മറ്റുള്ളവരെ ചേർക്കാൻ തുടങ്ങിയാൽ ഈ തുക പെരുകും.ആപ്പിന്റെ അക്കൗണ്ടിലുള്ള തുകയ്ക്കു ബാങ്ക് അക്കൗണ്ടുമായി ബന്ധമില്ലെന്നു പലരും തിരിച്ചറിഞ്ഞതു വൈകിയാണ്.
ഡോളർ പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോൾ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞു. ചിലർ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ ക്രിപ്റ്റോ കറൻസിയായി മാറ്റിയാൽ പിൻവലിക്കാമെന്നായി തട്ടിപ്പുകാർ. ഇതും പൊളിഞ്ഞതോടെ ജോബിയും സ്മിതയും സ്ഥാപനം പൂട്ടി മുങ്ങി.