തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) രോഗികളുടെ വിവരങ്ങൾ ചോർന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആറും. എന്നാൽ കേസിൽ അന്വേഷണം എങ്ങുമെത്തുന്നില്ല. സിബിഐയോ എൻഐഎയോ അന്വേഷിക്കേണ്ട വിഷയമാണ് ഇതെന്ന വാദവും ശക്തമാണ്.

ഏപ്രിൽ 28നാണ് സൈബർ ആക്രമണം ഉണ്ടായതെന്നും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റേഡിയേഷൻ ട്രീറ്റ്മെന്റ്, ക്രിട്ടിക്കൽ പേഷ്യന്റെ കെയർ സംവിധാനം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ് ഐ ആർ. ഇത് മൂലം ആശുപത്രി പ്രവർത്തനത്തേയും രോഗീ പരിചരണത്തേയും അതീവ ഗുരുതരമായി ബാധിക്കുകയും ചെയ്തുവെന്നും എഫ് ഐ ആർ പറയുന്നു. ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊറിയൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാകുന്നത്. ചൈനീസ് ഇടപെടലും ഇതിന് പിന്നിൽ സംശയിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിൽ നിന്നാണ് ആർ സി സിയിലേത്. ആർ സിസിയിലെ 14 സെർവറുകളിൽ 11 എണ്ണത്തെയും സൈബർ ആക്രമണം ബാധിച്ചു. 20 ലക്ഷത്തിലധികം രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഹാക്കർമാർ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം ക്രിപ്‌റ്റോകറൻസിയിൽ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 100 മില്യൺ ഡോളർ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തുവെന്ന് ആരോപണമുണ്ട്. രാജ്യത്തു തന്നെ ഇത് അത്യപൂർവ്വ സംഭവമാണ്.

'തിരുവനന്തപുരത്തെ ആർസിസിയിലെ റേഡിയേഷൻ ഡിപ്പാർട്ട്‌മെന്റിലെ വിവരങ്ങളിലാണ് സൈബർ ആക്രമണം നടന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള പ്രീമിയം കാൻസർ കെയർ ഹോസ്പിറ്റലും റിസർച്ച് സെന്ററുമാണ് ഇത്. റേഡിയേഷൻ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രോഗികൾക്ക് റേഡിയേഷൻ നൽകുന്ന സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടു, ആക്രമണത്തിന് ഉത്തരവാദികളായ ഗ്രൂപ്പിനെ ഡെയ്‌സിൻ ടീം എന്നാണ് അറിയപ്പെടുന്നത്.

20 ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യ വിവരങ്ങൾ സൂക്ഷിക്കുന്ന രണ്ട് പ്രധാന സെർവറുകളാണ് തകർത്തത്. ലക്ഷക്കണക്കിന് രോഗികളുടെ ശസ്ത്രക്രിയ, റേഡിയേഷൻ, പാത്തോളജി ഫലങ്ങൾ അടങ്ങിയ വിവരങ്ങൾ ഇതിലുണ്ടായിരുന്നു. ആക്രമണത്തിൽ രോഗികളുടെ ചികിത്സയും തുടർ പരിശോധനാ വിവരങ്ങളും അട്ടിമറിക്കപ്പെട്ടു. ഇതുമൂലം രോഗികൾക്ക് തെറ്റായ റേഡിയേഷൻ ഡോസുകൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ഇതിന് ശേഷം ഹാക്കർമാർ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദേശത്ത് നിന്ന് ഇമെയിൽ അയച്ചു. കോടിക്കണക്കിന് രൂപയുടെ ക്രിപ്‌റ്റോകറൻസിയാണ് ഇവർ ആവശ്യപ്പെട്ടത്. ആക്രമണത്തെ തുടർന്ന് റേഡിയേഷൻ ചികിൽസ നിർത്തിയെന്നാണ് റിപ്പോർട്ട്. പേരുകൾ, പ്രായം, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, മെഡിക്കൽ ചരിത്രങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത യോഗ്യതാപത്രങ്ങൾ ഉൾപ്പെടെ, സെൻസിറ്റീവ് രോഗികളുടെ ഡാറ്റയാണ് ആക്രമിക്കപ്പെടുന്നത്. സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ചൈനീസ്, ഉത്തര കൊറിയൻ ഹാക്കർമാരുടെ പങ്ക് സംശയിക്കുന്നു.