- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രേണുക സ്വാമി നേരിട്ടത് അതിക്രൂര പീഡനം
ബെംഗളൂരു: കന്നഡ നടൻ ദർശനും നടി പവിത്ര ഗൗഡയും പ്രതികളായി രേണുക സ്വാമി കൊലപാതക കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെടും മുമ്പ് അതിക്രൂരമായി പീഡനം രേണുക സ്വാമി നേരിടേണ്ടി വന്നുവെന്നാണ് വ്യക്തമാകുന്നത്. ശരിക്കും കൊല്ലാക്കൊല ചെയ്യുകയായിരുന്നു ഇയാളെ. മൃഗീയമായ പീഡനം തന്നെയാണ് നേരിടേണ്ടി വന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ശരിക്കും ഞെട്ടിക്കുന്നതാണ്.
തലയ്‌ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രേണുകാ സ്വാമിയുടെ ദേഹത്താകെയുള്ള ഗുരുതരമായ 15 മുറിവുകൾ ഉണ്ട്. ഇത് അതിക്രൂരമായ പീഡനത്തിന് ഇരയായി എന്നതിന്റെ തെളിവാണ്. രേണുകാസ്വാമിയെ ഇലക്ട്രിക് ഷോക്ക് ഏൽപിക്കുകയും വാട്ടർ ഹീറ്ററിന്റെ കോയിൽ ചൂടാക്കി ദേഹത്ത് വച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ പോസ്റ്റുമോർട്ടത്തലും വ്യക്തമായിട്ടുണ്ട്.
രേണുകാസ്വാമിയുടെ തല ഷെഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അക്രമിസംഘത്തിലുള്ളവർ തന്നെയാണ് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിസംഘത്തിൽ നിന്ന് 10 മൊബൈൽ ഫോണുകളും 30 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കുറ്റമേൽക്കാൻ ദർശൻ കൊടുത്തതാണ് 30 ലക്ഷമെന്ന് അക്രമിസംഘം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ദർശനെയും പവിത്രയെയും പ്രകോപിപ്പിച്ചത് ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏതാനും നാളുകൾക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയിൽ രേണുക സ്വാമി കമന്റും ചെയ്തു. കൂടാതെ ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇതാണ് രേണുക സ്വാമിക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.
ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. കഴിഞ്ഞ വർഷം ആയിരുന്നു വിവാഹം. ഭാര്യ അഞ്ച് മാസം ഗർഭിണിയാണ്. ജൂൺ 8ന് ഉച്ചയ്ക്ക് ശേഷം രേണുക സ്വാമി, അമ്മയെ വിളിച്ച് ചില സുഹൃത്തുക്കൾക്ക് ഒപ്പം ആണെന്നും ജോലിക്ക് പോയില്ലെന്നും പറഞ്ഞിരുന്നു. അതിന് ശേഷം രേണുക സ്വാമിയുടെ ഫോൺ സ്വിച്ച് ഓഫായി.
രേണുക സ്വാമിയെ ദർശന്റെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് വന്നത് ആർ ആർ നഗറിലെ ഒരു ഷെഡിലേക്ക്. ഏക്കറുകൾ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസ്സുകാരന്റെയാണ്. ഇയാളുടെ മരുമകൻ ആണ് കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികൾ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്പാണിത്. ഇവിടേക്ക് 8ന് രാത്രിയോടെ രേണുക സ്വാമിയെ കൊണ്ട് വന്നു എന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. ഇവിടേക്ക് പിന്നീട് ദർശനും വന്നു. എല്ലാവരും ചേർന്ന് ഇയാളെ മർദ്ദിച്ചു. ഇതിൽ രേണുക സ്വാമി കൊല്ലപ്പെടുക ആയിരുന്നു. മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഒക്കെ ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
അതേസമയം കേസിൽ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നട നടി പവിത്ര ഗൗഡ, കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശന്റെ ഭാര്യയല്ലെന്നും അങ്ങനെയുള്ള തെറ്റിദ്ധാരണകൾ പരത്തുന്നത് ദർശന്റെ ഭാര്യയായ വിജയലക്ഷ്മിയെ വേദനിപ്പിക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകൻ അനിൽ ബാബു കഴിഞ്ഞ ദിവസം പറഞ്ഞു. അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ എത്തി ദർശനെ കണ്ടു പുറത്തിറങ്ങുമ്പോഴാണ് അനിൽ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
"അറസ്റ്റിനു പിന്നാലെ രണ്ടു തവണ ഞാൻ ദർശനെ കണ്ടു. ദർശന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണ് ഞാൻ അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായത്. പവിത്ര ദർശന്റെ ഭാര്യയാണെന്ന തരത്തിലുള്ള ചില മാധ്യമ വാർത്തകൾ കണ്ട് ദർശന്റെ ഭാര്യ വിജയലക്ഷ്മി വളരെ ദുഃഖിതയാണ്. അവർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ദർശൻ നിയമപരമായി വിവാഹം കഴിച്ചത് തന്നെയാണെന്നും താനല്ലാതെ മറ്റു ഭാര്യമാരൊന്നും ദർശനില്ലെന്നും വിജയലക്ഷ്മിക്ക് മാധ്യമങ്ങളെ നേരിൽ കണ്ട് പറയണമെന്നുണ്ട്. ദർശനും വിജയലക്ഷ്മിക്കും ഒരു മകനുണ്ട്. പവിത്ര ദർശന്റെ സഹപ്രവർത്തകയും സുഹൃത്തും മാത്രമാണ്. അവർ തമ്മിൽ മറ്റു ബന്ധങ്ങളൊന്നുമില്ല" അനിൽ പറഞ്ഞു.
പൊലീസും മറ്റ് അധികൃതരും പവിത്രയെ ദർശന്റെ ഭാര്യയെന്ന നിലയിലാണ് അഭിസംബോധന ചെയ്തതെന്ന് പറഞ്ഞപ്പോൾ അത് അവർക്ക് തെറ്റുപറ്റിയാതുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. "പവിത്ര ദർശന്റെ ഭാര്യയാണെന്ന് തെളിയിക്കുന്ന യാതൊരു രേഖകളുമില്ല. അവർ വിവാഹം കഴിച്ചിരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകൾ ഉണ്ടാകുമായിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും തന്നെയില്ല. ദർശൻ ഒരാളെ മാത്രമാണ് വിവാഹം ചെയ്തത്, അത് വിജയലക്ഷ്മിയാണ്." അനിൽ കൂട്ടിച്ചേർത്തു.
2017ൽ ദർശനൊപ്പമുള്ള വിഡിയോ പവിത്ര ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിരുന്നു. ദർശനൊപ്പമുള്ള ജീവിതം 10 വർഷം പൂർത്തിയായെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും വിഡിയോയുടെ അടിക്കുറിപ്പായി പവിത്ര കുറിക്കുകയും ചെയ്തു. തുടർന്ന് പവിത്രയും വിജയലക്ഷ്മിയും തമ്മിൽ സമൂഹമാധ്യമത്തിൽ വാക്‌പോര് ഉണ്ടാകുകയും പവിത്ര തന്റെ കുടുംബം തകർക്കുകയാണെന്ന് വിജയലക്ഷ്മി ആരോപിക്കുകയും ചെയ്തിരുന്നു.