- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേണുകസ്വാമിയെ കാമാക്ഷിപാളയത്തെത്തിച്ച ടാക്‌സി ഡ്രൈവർ കീഴടങ്ങി
ബെംഗളൂരു: കന്നഡ നടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസിൽ രേണുകസ്വാമിയെ (33) ദർശന്റെ നിർദേശപ്രകാരം ബംഗുളുരുവിൽ എത്തിച്ച ടാക്‌സി ഡ്രൈവർ കീഴടങ്ങി. രവി എന്നയാളാണ് ചിത്രദുർഗ ഡിവൈഎസ്‌പി ഓഫിസിലെത്തി കീഴടങ്ങിയത്. കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം. ടാക്‌സി അസോസിയേഷന്റെ ഇടപെടലിന് പിന്നാലെയാണ് ഒളിവിൽ പോയ രവി കീഴടങ്ങിയത്.
മരിച്ച രേണുകസ്വാമി നടൻ ദർശൻ തൊഗുദ്വീപയുടെ കടുത്ത ആരാധകനാണ്. കൊലപാതകത്തിന് പിന്നിൽ നടന്റെ ആരാധക സംഘടനയാണെന്ന ആരോപണം ഉയർന്നിരുന്നു. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി പവിത്ര ഗൗഡയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ രേണുക സ്വാമി എതിർത്തത്. ഇരുവരെയും ചേർത്ത് അപകീർത്തികരമായ കമന്റുകൾ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ദർശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പവിത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടർന്നു പിടികൂടി ബെംഗളൂരുവിൽ എത്തിച്ചത്.
ദർശന്റെ മാനേജർ പവന്റെ നിർദേശത്തെ തുടർന്നാണിത്. കഴിഞ്ഞ 8ന് രേണുകസ്വാമിയെ ചിത്രദർഗയിൽ നിന്നു കാണാതായതിനെ തുടർന്ന് അച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. 9 നു കാമാക്ഷിപാളയയിൽ നിന്നു മൃതദേഹം കണ്ടെടുത്തത് പരിസരത്തെ അപ്പാർട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനാണ്. മുഖമാകെ നായ കടിച്ച നിലയിലായിരുന്നു. മൃതദേഹം ചിത്രദുർഗ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ദർശനിലേക്ക് എത്തിയത്.
കൊലക്കേസുമായി ബന്ധപ്പെട്ട് ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും മറ്റ് 11 പേരും നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരിൽ രഘുവും (രാഘവേന്ദ്ര) മറ്റുള്ളവരും ചേർന്നാണ് ചിത്രദുർഗയിൽനിന്ന് രവിയുടെ ടാക്‌സിയിൽ ബെംഗളൂരൂവിലേക്കു തിരിച്ചത്. പിന്നാലെ ഒളിവിൽപ്പോയ രവി ചിത്രദുർഗയിലെ ടാക്‌സി അസോസിയേഷനുമായി ബന്ധപ്പെട്ടു. ഇവരാണ് പൊലീസിൽ കീഴടങ്ങാൻ രവിയോട് ആവശ്യപ്പെട്ടത്.
ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായിരുന്നു രേണുകസ്വാമി. രേണുകസ്വാമിയെ പിന്നീട് കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ദർശൻ ബെൽറ്റ് ഉപയോഗിച്ച് രേണുകസ്വാമിയെ അടിച്ചു. ബോധരഹിതനായപ്പോൾ സംഘത്തിലുള്ളവർ വടി കൊണ്ട് അടിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആഘാതത്തിൽ രേണുകസ്വാമിയുടെ എല്ലുകൾ ഒടിഞ്ഞു. പിന്നീട് മൃതദേഹം ഓടയിൽ തള്ളി. ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിൽ പ്രവർത്തിക്കുന്ന യുവാവാണ് നായ്ക്കൾ ഭക്ഷിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു.
ദർശനും മാനേജർ പവനും നടത്തിയ ഫോൺ കോളുകളും മറ്റു ഡിജിറ്റൽ രേഖകളുമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. രേണുകസ്വാമിയെ മർദ്ദിച്ച് അവശനാക്കിയ കൊലയാളി സംഘം തലയ്ക്ക് ക്ഷതമേൽപ്പിച്ചും ചുട്ടുപഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് കൈകാലുകളിൽ പരുക്കേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയത്. നേരത്തെ ദർശന്റെ 2 സിനിമകളുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ച വിജനമായ 5 ഏക്കർ പറമ്പിലെ ഷെഡിലാണ് കൊലപാതകം നടന്നത്. ദർശന്റെ വീടിനു 2 കിലോമീറ്റർ ചുറ്റളവിലാണിത്. 7 ദിവസത്തേക്ക് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്ത ദർശനെയും കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.