ആലപ്പുഴ: ആലപ്പുഴയിൽ അറുപതുകാരിയെ സഹോദരൻ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ നടുങ്ങി പൂങ്കാവ് ഗ്രാമം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മ (61) യെ സഹോദരൻ ബെന്നി (63) കൊന്ന് കുഴിച്ചു മൂടിയത്. ഇത് വിശ്വസിക്കാൻ പോലും പ്രയാസത്തിലാണ് നാട്ടുകാർ. റോസമ്മയുടെ രണ്ടാം വിവാഹത്തിന്റെ പേരിൽ ഇവർ തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ഏറെനാൾ മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവിൽ സഹോദരൻ ബെന്നിയ്‌ക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാൾ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.

ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇരുവരുമെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന ചോദ്യവുമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. ഏറെനാൾ മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയ റോസമ്മയ്ക്ക് താങ്ങും തണലുമായി നിന്നത് സഹോദരനായിരുന്നു. അങ്ങനെയുള്ള ആൾ ഒരു ദേഷ്യത്തിന് പുറത്താണ് സഹോദരിയെ കൊലപ്പെടുത്തിയത്.

'ഏപ്രിൽ 18 മുതൽ റോസമ്മയെ കാണാനില്ലായിരുന്നു. എന്നാൽ ഈ വിവരം പൊലീസിൽ അറിയിച്ചിരുന്നില്ല'. പിന്നീട് ബെന്നി തന്നെ, താൻ സഹോദരിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിനെ വിവരം ധരിപ്പിക്കുന്നത്. പിന്നീട് പൊലീസ് ചെട്ടികാടുള്ള വീട്ടിലെത്തി പരിശോധന നടത്തി. 17ന് രാത്രിയാണ് റോസമ്മയെ കൊന്നതെന്നാണ് ബെന്നിയുടെ മൊഴി.

ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിൻഭാഗത്തു കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ നിന്ന് തന്നെയാണ് റോസമ്മയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. വളരെ വികാര നിർഭരമായിട്ടായിരുന്നു പ്രതിയായ ബെന്നി പ്രതികരിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലം പറഞ്ഞ് കൊടുത്തതും ബെന്നിയായിരുന്നു. പൊലീസിനോട് നടന്നത് എന്താണെന്നും കൊല ചെയ്ത രീതിയും പ്രതി വിശദീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വീടിന് പരിസരത്തുനിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ റോസമ്മയും ബെന്നിയും തമ്മിൽ സ്വർണം പണയം വെയ്ക്കുന്നതിന്റെ പേരിലും വഴക്കുണ്ടായതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും.