- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശബരിമലയിൽ ദേവസ്വം വിജിലൻസിന്റെ മിന്നൽ പരിശോധന
ശബരിമല: ദേവസ്വം വിജിലൻസും ടെമ്പിൾ സ്പെഷൽ ഓഫീസറും നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത നെയ്യ് വിൽപ്പന പിടികൂടി. നെയ്യ് വിൽപ്പന കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തും നിന്നുമായി കണക്കിൽപ്പെടാത്ത 14,500 രൂപയും കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശബരിമലയിലെ പടിഞ്ഞാറെ നടയിൽ നെയ്യ് എക്സ്ചേഞ്ച് കൗണ്ടറിൽ ടെമ്പിൾ സ്പെഷൽ ഓഫീസറുടെയും ദേവസ്വം വിജിലൻസ്ആൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെയും മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്.
ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽപ്പെട്ട പറവൂർ ഗ്രൂപ്പിലെ തിരുമൂഴിക്കുളം സബ് ഗ്രൂപ്പിലെ തിരുമൂഴിക്കുളം ദേവസ്വത്തിലെ കീഴ്ശാന്തി ലാവണത്തിൽ ജോലി നോക്കുന്ന പി.സി. മനോജ് എന്ന ജീവനക്കാരനാണ്.
ഏപ്രിൽ 10 നാണ് ഇദ്ദേഹത്തെ ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പടിഞ്ഞാറെ നടയിൽ നെയ്യ് എക്സ്ചേഞ്ച് കൗണ്ടറിൽ ഡ്യൂട്ടി നോക്കി വരുമ്പോഴാണ് വിജിലൻസ് പരിശോധന നടന്നത്. ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് അനധികൃതമായി നെയ്യ് വിൽപ്പന നടത്തി പണം സ്വന്തമായി സമ്പാദിച്ചുവെന്നാണ് വിജിലൻസ് റിപ്പോർട്ട്.
കൗണ്ടറിൽ നിന്ന് കണക്കിൽപ്പെടാത്ത 12000 രൂപയും ഇയാൾ താമസിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സ് മുറിയിൽ നിന്നും 2565 രൂപയും കണ്ടെത്തിയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സന്നിധാനം പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. പരാതി പമ്പാ സ്റ്റേഷനിലേക്ക് കൈമാറി. ഇതു വരെ കേസ് എടുത്തിട്ടില്ലെന്ന് പമ്പ പൊലീസ് അറിയിച്ചു.