- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാബിത്തിന്റെ മൊഴിയിൽ അന്വേഷണം തുടരുമ്പോൾ
കൊച്ചി: അവയവക്കടത്ത് കേസിലെ ഇരയായ പാലക്കാട് സ്വദേശി ഷമീറിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് ഷമീർ. അതുകൊണ്ട് തന്നെ ഷമീറിന് അപകടമൊന്നും സംഭവിച്ചില്ലെന്നാണ് നിഗമനം. എന്നാൽ ഷമീറിനെ ഇറാനിൽ എത്തിച്ചെന്നാണ് അവയവക്കടത്ത് കേസിലെ പ്രതി സാബിത്ത് നാസർ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എന്നാൽ വീട്ടുകാർക്ക് ഷമീറിനെ കുറിച്ചൊന്നും അറിയില്ല. ഇതിനിടെയാണ് ഇൻസ്റ്റാഗ്രാം സജീവത പോലസ് തിരിച്ചറിയുന്നത്.
ബാങ്കോക്കിൽ നിന്നു മലേഷ്യയിലേക്കു പോകുകയാണെന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. ഷമീർ ബാങ്കോക്കിൽ ഉണ്ടെന്നു സുഹൃത്തുക്കളും വാർഡ് കൗൺസിലറും പറഞ്ഞിരുന്നു. ഷമീറിന്റെ മുൻകാല പ്രവർത്തനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും പൊലീസ് പറയുന്നു. മകൻ അവയവദാനം നടത്തിയതായി അറിയില്ലെന്നാണു ഷമീറിന്റെ പിതാവ് പ്രതികരിച്ചത്. ഒരു വർഷത്തിലധികമായി ഷമീറുമായി ബന്ധമില്ല. സാമ്പത്തിക പ്രശ്നത്തിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങി പോയതാണ്. പാസ്പോർട്ട്, ആധാർ തുടങ്ങിയ രേഖകളും ഷമീർ കൊണ്ടുപോയിരുന്നെന്നും പിതാവ് പറഞ്ഞു. സാബിത്തിനെ പിടികൂടിയതോടെയാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ഷമീർ വൃക്ക ദാനം ചെയ്യാൻ നേരത്തെ ശ്രമിച്ചിരുന്നതായി പാലക്കാട് തിരുനെല്ലായി കൗൺസിലർ മൻസൂർ വെളിപ്പെടുത്തിയിരുന്നു. കൂട്ടുകാരന്റെ അമ്മയ്ക്ക് എന്ന് പറഞ്ഞാണ് വൃക്കദാനത്തിന് ശ്രമിച്ചതെന്നും ഷമീർ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നയാളാണെന്നും മൻസൂർ പറഞ്ഞു. കഴിഞ്ഞ 6 മാസമായി ഷമീർ നാട്ടിലില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും പറഞ്ഞ മൻസൂർ വീട്ടുകാരുമായി ഷമീറിന് ബന്ധമില്ലെന്നും പറഞ്ഞു.
പാലക്കാട് തിരുനെല്ലി സ്വദേശി ഷമീറിനെ വൃക്ക നൽകുന്നതിന് ഇറാനിലേക്ക് റിക്രൂട്ട് ചെയ്തെന്നാണ് സാബിത്ത് നാസറിന്റെ മൊഴി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതി 2019 മുതൽ അവയവക്കടത്തിന് ഇറാനിലേക്ക് ആളെ എത്തിച്ചു. ഇതിൽ 19പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നൽകാൻ തയ്യാറായി 2019ൽ ഹൈദാരാബദിലെത്തിയ സാബിത്ത് നാസർ ആ നീക്കം പാളിയെങ്കിലും അവയവ മാഫിയ സംഘങ്ങളുമായി ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയുമായി. വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സ്വാധീനിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്റുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവരുടെ ടിക്കറ്റ്, താമസം മുതൽ ചികിത്സാ ചിലവും പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ വരെയും നൽകും. വൻതുക ആശുപത്രിയിൽ ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജന്റിന്റെ പോക്കറ്റിലാവും.
സാബിത്തിന്റെ ചാവക്കാട് സ്വദേശിയായ പങ്കാളിക്കായുള്ള തെരച്ചിലാണ് അന്വേഷണ സംഘം. കൊച്ചിയിലുള്ള മറ്റൊരു സുഹൃത്തിൽ നിന്നും മൊഴിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ സാന്നിദ്ധ്യമുള്ള കേസിൽ എൻഐഎ ഉൾപ്പടെ കേന്ദ്ര അന്വേഷണ ഏജൻസികളും വിവരശേഖരണം തുടരുകയാണ്. കൂടുതൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന തെളിവ് കിട്ടിയാൽ എൻഐഎ കേസ് ഏറ്റെടുക്കും.
സാബിത്ത് 2019 മുതൽ റാക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആദ്യം 20 ഇരകളുടെ പട്ടികയാണ് പ്രതി അന്വേഷണ സംഘത്തിന് നല്കിയതെങ്കിലും മുപ്പതോളം പേരെ കൊണ്ടുപോയതായി പിന്നീട് മൊഴി മാറ്റി. ഇരകൾ യുവാക്കളായതിനാൽ ദുരൂഹതകൾ വർധിക്കുകയാണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.