മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ ലക്ഷ്യമിട്ടാണ് അക്രമികൾ വീടിന് പുറത്ത് വെടിയുതിർത്തതെന്ന് മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച്. ബിഹാർ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗർ പാൽ(21) എന്നിവരാണ് പ്രതികൾ. ഞായറാഴ്ച രാവിലെ ബാന്ദ്രയിലെ സൽമാന്റെ ഗ്യാലക്‌സി അപ്പാർട്ട്‌മെന്റിലെ വസതിക്ക് നേരേയാണ് നിറയൊഴിച്ചത്.

ഇരുവരെയും തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ കച്ച് ജില്ലയിലെ മാതാ നോ മധ ഗ്രാമത്തിൽ നിന്നാണ് പിടികൂടിയത്. പിന്നീട് ഇവരെ മുംബൈയിലേക്ക് കൊണ്ടുവന്നു. സംഭവസമയത്ത് വിക്കി ഗുപ്ത ബൈക്ക് ഓടിക്കുകയായിരുന്നു. പിന്നിലിരുന്ന സാഗർ പാലാണ് നടന്റെ വസതിക്ക് നേരേ വെടിവച്ചത്.
.
ഇരുവരെയും മജിസ്‌ട്രേറ്റേ് കോടതിയിൽ ഹാജരാക്കി. ഏപ്രിൽ 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആരാണ് വെടിവെപ്പിന് പിന്നിലെ സൂത്രധാരൻ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യാൽ ആവശ്യമാണെന്നും പൊലീസ് കോടതിയെ ധരിപ്പിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സൽമാനെ കൂടാതെ മറ്റാരെയെങ്കിലും ആക്രമിക്കാൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നോ എന്നും അന്വേഷിക്കണം. സംഭവത്തിൽ ഉൾപ്പെട്ട തോക്കും കണ്ടെടുത്തിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സൽമാന്റെ വീടിന് ഒരു കിലോമീറ്റർ അകലെ, മൗണ്ട് മേരി പള്ളിക്കടുത്ത് ഉപേക്ഷിച്ച നിലയിൽകണ്ടെത്തിയിരുന്നു.

അതിനിടെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉച്ചതിരിഞ്ഞ് സൽമാന്റെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

സംഭവം ഇങ്ങനെ

വെടിവെപ്പ് കഴിഞ്ഞയുടൻ തന്നെ ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. സിസി ടിവിയിൽ ഇവരുടെ ചിത്രങ്ങൾ പതിഞ്ഞു. ബാക്ക് പാക്കുകൾ എന്തി സ്പോർട്ടിങ് ക്യാപുകൾ വച്ചവരാണ് ഇരുവരും. ഇവർ നടന്റെ വസതിക്ക് നേരേ വെടിയുതിർക്കുന്നതും സിസിടിവിയിൽ കാണാം. ഇവരിൽ ഒരാൾ വെള്ള ടീ ഷർട്ടും കറുത്ത ജാക്കറ്റും ഡെനിം പാന്റ്സുമാണ് ധരിച്ചിരുന്നത്. മറ്റേയാൾ ചുവന്ന ടീ ഷർട്ടും ഡെനിം പാന്റ്സും.

ഇരുവരും കുപ്രസിദ്ധ ഗൂണ്ടാത്തലവനായ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറയുന്നു. ബിഷ്ണോയി ഇപ്പോൾ തിഹാർ ജയിലിലാണ്. ഗായകൻ സിദ്ധു മൂസേവാലയുടെയും, കർണി സേനാ തലവൻ സുഖ്ദേവ് സിഭ് ഗോഗാമെഡിയുടെയും കൊലപാതകങ്ങളിൽ പങ്കുള്ള അധോലോക നേതാവാണ് ബിഷ്ണോയി.

സംഭവത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അന്മോൾ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. ഇതൊരു ട്രെയിലറാണെന്നായിരുന്നു അന്മോൾ ബിഷ്‌ണോയി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും ഇതിനുശേഷം വെടിയുതിർക്കുന്നത് ആളില്ലാത്ത വീടുകളിലേക്കാവില്ലെന്നും കുറിപ്പിലുണ്ടായിരുന്നു.

അന്മോൾ ബിഷ്‌ണോയി നിലവിൽ കാനഡയിലോ യുഎസിലോ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. 18-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2021-ൽ ജോധ്പുർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അന്മോൾ വിദേശത്തേക്ക് മുങ്ങിയെന്നാണ് സൂചന.

വെടിവെപ്പിന്റെ ആസൂത്രണം യുഎസിൽ

അന്മോൾ ബിഷ്ണോയി യുഎസിൽ വച്ച് ഷൂട്ടർമാരെ തിരഞ്ഞെടുക്കുന്ന ദൗത്യം അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു അധോലോക തലവൻ രോഹിത് ഗോദാരയ്ക്ക് നൽകി. ഗോദാരയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ ഷൂട്ടർമാരുടെ ശൃംഖല തന്നെയെുണ്ട്. അതുകൊണ്ടാവാം ഇയാളെ ദൗത്യം ഏൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

അന്മോൾ ബിഷ്ണോയിയുടെ ഫേസ്‌ബുക്ക് പേജിന്റെ ഐപി വിലാസം കാനഡയിൽ ആണെന്ന് മനസ്സിലായിട്ടുണ്ട്. വിപിഎൻ ഉപയോഗിച്ച് സൃഷ്ടിച്ച പോസ്റ്റാണോ എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. രാജസ്ഥാനിലെ രാജു തേതുകൊലക്കേസ്, ഗോഗാമേദി വധക്കേസ് എന്നിങ്ങനെയുള്ള പ്രമാദമായ സംഭവങ്ങളിൽ ഉൾപ്പെട്ട രോഹിത് ഗോദാര ബിഷ്ണോയി ഗ്യാങ്ങിൽ മുഖ്യപങ്കു വഹിക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ ബിഷ്ണോയി ഗ്യാങ് ആയുധങ്ങളുടെ വിതരണം കൃത്യമായി ഉറപ്പാക്കുന്നുണ്ട്. തന്റെ ഇന്ത്യയിലെ കൂട്ടാളികൾ വഴി ഷൂട്ടർമാർക്ക് തോക്കും മറ്റും ഗോദാര എത്തിച്ചുകൊടുത്തു എന്നാണ് സംശയിക്കുന്നത്. കാലു എന്നറിയപ്പെടുന്ന വിശാലാണ് ഷൂട്ടർമാരിൽ ഒരാളെന്നും സംശയിക്കുന്നു. വിശാൽ, ഗുരുഗ്രാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായി സച്ചിൻ മുഞ്ചാലിന്റെ മാർച്ച് മാസത്തിലെ കൊലപാതവുമായി ബന്ധപ്പെട്ട് പൊലീസ് തേടുന്ന ക്രിമിനലാണ്. സോഷ്യൽ മീഡിയ പോസ്റ്റ് വഴി മുഞ്ചാലിന്റെ കൊലപാതകത്തിൽ പങ്കുള്ളതായി ഗോദാര സമ്മതിച്ചിരുന്നു.

വിശാലും കൂട്ടാളിയും റായ്ഗഡിൽ നിന്നൊരു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങിയാണ് സൽമാൻ ഖാന്റെ വസതിയിലേക്ക് പുറപ്പെട്ടത് പനവേലിൽ നിന്ന് മുംബൈയിലേക്ക് ബൈക്കിലാണ് അവരെത്തിയത്. ഈ ബൈക്കിന്റെ വിൽപ്പനയെ കുറിച്ചും അന്വേഷിച്ചുവരുന്നു. സാധാരണഗതിയിൽ സൽമാൻ ഖാന്റെ വസതിക്ക് മുമ്പിൽ ഉണ്ടാകാറുള്ള പൊലീസ് വാഹനം ഞായറാഴ്ച പുലർച്ചെ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സൽമാൻ ഖാന് മുമ്പും വധഭീഷണികൾ

ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ ഹിറ്റ് ലിസ്റ്റിലെ 10 പേരിൽ ആദ്യസ്ഥാനത്തുള്ളയാളാണ് സൽമാൻ ഖാൻ. 1998ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയിയുടെ പകയ്ക്ക് കാരണം. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, നീലം കോത്താരി, സൊനാലി ബേന്ദ്ര, തബു എന്നിവരായിരുന്നു അന്ന് സൽമാനോടൊപ്പം ഉണ്ടായിരുന്നത്. ഇവരും സൽമാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗാവ്‌റ എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടു. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനർജ്ജന്മമായാണ് ഇവർ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവർ കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാൻ ബിഷ്‌ണോയികൾ ഇടപെടാറുണ്ട്.

ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ള നിരന്തരമായ ഭീഷണിയെത്തുടർന്ന് സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 11 സുരക്ഷാ ഉദ്യോഗസ്ഥരാണ് സദാ സൽമാൻ ഖാന് അകമ്പടി സേവിക്കുന്നത്. ടീമിൽ രണ്ടു കമാൻഡോകളും, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരും ഉണ്ട്. രണ്ടുവാഹനങ്ങൾ എപ്പോഴും ഖാന്റെ വാഹനത്തിന് അകമ്പടി പോകും. ഒരെണ്ണം മുന്നിലും ഒരെണ്ണം പുറകിലും. സൽമാന്റെ കാർ പൂർണമായി ബുള്ളറ്റ് പ്രൂഫാണ്.

നേരത്തെ, യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി സൽമാന് നേരേ വധഭീഷണി ഉയർത്തി ഇ മെയിൽ അയച്ചിരുന്നു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം റോക്കി ഭായി എന്ന പേരിൽ രാജസ്ഥാനിൽ നിന്ന് ഭീഷണി കോൾ വനനിരുന്നു. പതിനാറ് വയസ്സുള്ള ഒരു ആൺകുട്ടിയാണ് അതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഏപ്രിൽ 30 ന് സൽമാനെ വകവരുത്തുമെന്നായിരുന്നു ഭീഷണി.

മുംബൈ ക്രൈംബ്രാഞ്ചിനെ കൂടാതെ, മഹാരാഷ്ട്ര എടിഎസും, എൻഐഎയും ഇപ്പോഴത്തെ വെടിവെപ്പ് കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് കേസ് കൈമാറിയെങ്കിലും, കേസ് എടിഎസിനോ, എൻഐഎക്കോ കൈമാറാൻ അഭ്യർത്ഥന വന്നിട്ടില്ല.