തിരുവനന്തപുരം: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികൾക്ക് ഈ തുങ്ങി മരണവുമായി ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം. ഫെയ്‌സ് ബുക്കിലൂടെയാണ് ആക്ഷേപം ഉന്നയിച്ചത്.

സന്ദീപ് വാര്യരുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ

രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികൾക്ക് പിണറായി സർക്കാർ വക തിരുവനന്തപുരം സെൻട്രൽ ജയിലിൽ സുഖവാസം . കൊലയാളികൾക്ക് നിയമവിരുദ്ധമായി നിത്യസന്ദർശകരെത്തുന്നു എന്നും വിവരമുണ്ട്. തടവുകാരെ മതം തിരിച്ച് പാർപ്പിക്കാനും നീക്കം നടന്നിട്ടുണ്ട് . ഇങ്ങഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണമാണ്. ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം. പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രതേക പരിരക്ഷ നൽകുന്നു. പ്രതിഷേധം ഉയരുക തന്നെ ചെയ്യും..ഇതാണ് സന്ദീപ് വാര്യരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ആലപ്പുഴ പുന്നപ്ര സ്വദേശി സൽമാൻ എന്നു വിളിക്കുന്ന സന്ദീപാ(44)ണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ടോയ്‌ലറ്റിനുള്ളിലാണ് സന്ദീപിനെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജയിലിലെ സ്റ്റോർ ബ്ലോക്കിൽ എത്തിച്ചപ്പോഴാണ് ടോയ്‌ലെറ്റിൽ കയറി തൂങ്ങിയതെന്ന് ജയിൽ അധികൃതർ പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് 2019ലാണ് സന്ദീപ്‌ െസൻട്രൽ ജയിലിൽ എത്തിയത്.

2023ൽ മാനസികരോഗത്തെത്തുടർന്ന് ഇയാളെ ഒരുമാസത്തോളം പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നും ചികിത്സയിലായിരുന്നതായും പൂജപ്പുര പൊലീസ് പറഞ്ഞു. ഈ വിശദീകരണത്തിനിടെയാണ് പുതിയ ആരോപണവുമായി ബിജെപി നേതാവ് എത്തുന്നത്.