വൈക്കം: ഗോവയിൽ പുതുവത്സരാഘോഷത്തിനിടെ കൊല്ലപ്പെട്ട സഞ്ജയിന്റെ കൊലപാതകികൾക്ക് സുഖവാസം. ഗോവൻ പൊലീസ് കേസിൽ വേണ്ട രീതിയിൽ അന്വേഷണം നടത്തുന്നില്ല. കേരളവും സമ്മർദ്ദം ചെലുത്തുന്നില്ല. നീന്തൽ അറിയാത്ത സഞ്ജയിനെ ആരോ കൊന്ന് കടലിൽ തള്ളിയെന്ന് വ്യക്തമാണ്. എന്നാൽ ഈ രീതിയിൽ അന്വേഷണം നീളുന്നില്ല.

അതിനിടെ തന്റെ മകൻ കൊല്ലപ്പെട്ടതാണെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നും കടൂക്കര സന്തോഷ് വിഹാറിൽ സന്തോഷ് ആവശ്യപ്പട്ടു. സന്തോഷിന്റെ മകൻ സഞ്ജയിനെ (19) കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 4നാണ്. അയൽക്കാരായ 2 സുഹൃത്തുക്കൾക്കൊപ്പം 29നാണു സഞ്ജയ് ഗോവയിലേക്കു പോയത്. നവവൽസര പുലർച്ചെ കാണാതായി മുന്നാംപക്കമാണ് മൃതദേഹം കരയ്ക്കടിഞ്ഞത്.

നീന്തൽ അറിയാത്ത അവനൊരിക്കലും കടലിൽ ഇറങ്ങില്ല. ആരോ കൊന്ന ശേഷം കടലിൽ കൊണ്ടുപോയി തള്ളിയതാണെന്ന് ഉറപ്പാണ്. പാർട്ടിക്കിടെ വലിയ സംഘർഷം നടന്നിരുന്നതായി സമീപത്തെ ചായക്കടക്കാരനും പറഞ്ഞു. ഒത്തിരിപ്പേരെ തല്ലി സ്റ്റേജിന്റെ അടിയിൽ ഇട്ടിരുന്നെന്നാണു കടക്കാരൻ പറഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിൽ മരണത്തിനു മുൻപു മർദനമേറ്റതായി കണ്ടെത്തിയിട്ടുമുണ്ട്-അച്ഛൻ പറയുന്നു. എന്നാൽ ഗോവയിലെ മാഫിയ കരുത്തരാണ്. അതുകൊണ്ട് തന്നെ ആരും ഇത് അന്വേഷിക്കുന്നില്ല.

സഞ്ജയ് ഇന്റീരിയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്രോൾ പമ്പിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. ഗോവയിലേക്കു പോകാൻ പണം സമ്പാദിച്ചത് പെട്രോൾ പമ്പിലെ ജോലിയിൽ നിന്നാണ്. ഡിജെ പാർട്ടിക്കു പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോഴേ പോകരുതെന്നു കുടുംബം വിലക്കി. എന്നിട്ടും കേൾക്കാതെ കൂട്ടുകാരനുമൊത്ത് ഗോവയിലേക്ക് പോവുകയായിരുന്നു.

സന്തോഷിന്റെ 2 മക്കളിൽ ഇളയതാണു സഞ്ജയ്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സന്തോഷ് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ 30നു രാത്രി വീട്ടിലെത്തിയപ്പോഴാണു മകൻ ഗോവയിലേക്കു പോയ വിവരമറിഞ്ഞത്. ഡാൻസ് പാർട്ടി നടന്ന സ്ഥലത്തു നിന്നു 15 കിലോമീറ്റർ അകലെയാണു കടലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്.

വകത്തൂർ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഡിസംബർ 30 നാണു പുതുവത്സരം ആഘോഷിക്കാൻ സഞ്ജയ് ഗോവക്ക് പോയത്. പുതുവർഷ പാർട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാർ പറയുന്നത്. 19 വയസായിരുന്നു സഞ്ജയുടെ പ്രായം. നാട്ടുകാർ കൂടിയായ രണ്ട് പേരാണ് സഞ്ജയ്‌ക്കൊപ്പം ഗോവയ്ക്ക് പോയത്.

സഞ്ജയെ കാണാതായ വിവരം ജനുവരി ഒന്നിന് തന്നെ ഗോവ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാർ പറഞ്ഞു. മരണം ഉറപ്പിച്ച ശേഷവും ഗോവൻ പൊലീസിന് അന്വേഷണത്തിൽ താൽപ്പര്യമില്ല.സഞ്ജയ്യെ സുരക്ഷാ ജീവനക്കാർ മർദിച്ച് കൊന്ന് കടലിൽ തള്ളിയതാണെന്നാണ് പിതാവിന്റെ ആരോപണം. മർദനത്തിനുശേഷം സഞ്ജയ്യുടെ പണവും ഫോണും കവർന്നെന്നും പിതാവ് സന്തോഷ് പരാതിപ്പെട്ടു. എന്നിട്ടും നടപടിയുണ്ടായില്ല.

സഞ്ജയ്യുടെ നെഞ്ചിലും പുറത്തും മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. യുവാവ് വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദനമേറ്റിരുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ന്യൂയർ ആഘോഷത്തിനിടെ സഞ്ജയ് സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന.