- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാർട്ടിൻ ബോണ്ട് വാങ്ങാൻ ഇറങ്ങിപ്പുറപ്പെട്ടത് കേന്ദ്രം പിടികൂടിയതോടെ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെ, പട്ടികയിലെ ഡോണർമാരിൽ ഒന്നാമൻ 'ലോട്ടറി രാജാവ്' സാന്റിയാഗോ മാർട്ടിൻ ആണെന്ന് വ്യക്തമായി. മാർട്ടിൻ 1368 കോടിയുടെ ബോണ്ട് വാങ്ങാനായി ചാടിപ്പുറപ്പെട്ടത് 2019 ൽ കേന്ദ്രസർക്കാർ ഇയാളുടെ കമ്പനിയുടെ തട്ടിപ്പിനെ കുറിച്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ്. ഇന്ത്യൻ എക്സ്‌പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോട്ടറികൾ നടത്തുന്ന എട്ട് സംസ്ഥാനങ്ങൾക്കാണ് മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് നയിക്കുന്ന കമ്പനികളുടെ തട്ടിപ്പുകളും, ക്രമക്കേടുകളും ശ്രദ്ധയിൽ പെടുത്തി സന്ദേശം അയച്ചത്. ഈ കമ്പനികളെ അകറ്റി നിർത്താനും കേന്ദ്രം നിർദ്ദേശിച്ചിരുന്നു. 2019നും 2024 നും മധ്യേ, ഫ്യൂച്ചർ ഗെയിമിങ് 1300 കോടിയോളം രൂപയുടെ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.
പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങൾക്കാണ് ഫ്യൂച്ചർ ഗെയിമിങ്ങിനെ കുറിച്ച് 2019 സെപ്റ്റംബർ 23 ലെ കത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്ര-സംസ്ഥാന വിഭാഗം മുന്നറിയിപ്പ് നൽകിയത്. മറ്റു സംസ്ഥാനങ്ങളിൽ ബിഗ് സ്റ്റാർ ജി സർവീസസ് എന്ന കമ്പനി വഴിയായിരുന്നു മാർട്ടിന്റെ ഓപ്പറേഷൻ.
ഈ മുന്നറിയിപ്പ് മണത്തറിഞ്ഞ മാർട്ടിൻ 2019 ഒക്ടോബറിൽ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസ് വഴി ഒരുമാസം മാത്രം 190 കോടിയുടെ ബോണ്ടുകൾ വാങ്ങി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, വിവിധ രാഷ്ട്രീയ പാർട്ടികൾ 12,769 കോടിയുടെ ബോണ്ടുകൾ പണമാക്കി മാറ്റിയിട്ടുണ്ട്. അതിൽ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. തൃണമൂലും, കോൺഗ്രസും രണ്ടും, മൂന്നും സ്ഥാനങ്ങളിൽ.
മാർട്ടിനും, അയാളുടെ ലോട്ടറി കമ്പനികൾക്കും എതിരെ നിരവധി ഗുരുതര പരാതികൾ കിട്ടിയതോടെയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. അതിൽ ചിലത് ഇങ്ങനെയാണ്:
കൊൽക്കത്തയിൽ താമസിക്കുന്ന മാർട്ടിന്റെ ഓഫീസുകൾ എല്ലാം അയൽ സംസ്ഥാനങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ലോട്ടറി നിരോധനമുള്ള ബംഗാളിൽ അനധികൃതമായിട്ടായിരുന്നു വിൽപ്പന. സംസ്ഥാനത്ത് മാർട്ടിൻ ജിഎസ്ടി അടച്ചിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ അച്ചടി ശാലകളിൽ നിന്ന് എണ്ണമില്ലാത്ത രീതിയിൽ ലോട്ടറി ടിക്കറ്റുകൾ അടിച്ചിറക്കുകയായിരുന്നു.
പലതരത്തിലുള്ള തട്ടിപ്പുകേസുകൾ ഉൾപ്പെട്ട മാർട്ടിന് എതിരെ സിബിഐ അന്വേഷണം തുടരുകയാണ്. സമ്മാനം കിട്ടിയ ടിക്കറ്റുകളിൽ തട്ടിപ്പ് കാട്ടി 1000 കോടിയിലേറെ കണക്കിൽ പെടാത്ത സ്വത്ത് സമ്പാദിച്ചു.
കേരളത്തിൽ ലോട്ടറിയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ കാട്ടി. സംസ്ഥാനം അത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെ, കേരളത്തിൽ സിക്കിം സംസ്ഥാന ലോട്ടറി നിരോധിച്ചിരുന്നു.
ലോട്ടറി ടിക്കറ്റുകൾ സീരിയൽ നമ്പർ അനുസരിച്ചായിരുന്നില്ല. അതുകൊണ്ട് തന്നെ 2010ലെ ലോട്ടറി നിയന്ത്രണ ചട്ടം ലംഘിച്ചു. മാർട്ടിന്റെ ലോട്ടറി വ്യവസായത്തെ കുറിച്ച് അടിയന്തരമായി വിവരം സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2019 ആദ്യം മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമങ്ങിന് എതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചിരുന്നു. ആ വർഷം ജൂലൈയിൽ കമ്പനിയുടെ 250 കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. 2022 ഏപ്രിൽ രണ്ടിന് 409.92 കോടിയുടെ ജംഗമ സ്വത്തുക്കളും കണ്ടുകെട്ടി. സ്വത്തുക്കൾ കണ്ടുകെട്ടി അഞ്ചുദിവസത്തിന് ശേഷം ഏപ്രിൽ 7 ന് ഫ്യൂച്ചർ ഗെയിമിങ് 100 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായും, ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം കമ്പനി ആദ്യഭാഗം ബോണ്ടുകൾ വാങ്ങിയത് 2020 ഒക്ടോബർ 21 നാണ്.