- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പോത്തൻകോട്ടേത് എസി മെക്കാനിക്കിന്റെ ഗൂഢാലോചന; തെളിവായി മുളക് പൊടിയും വെട്ടുകത്തിയും
പോത്തൻകോട്: ചേങ്കോട്ടുകോണത്ത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ നടന്നത് വ്യക്തമായ ആസൂത്രണം. രാത്രി എട്ടരയ്ക്കു ശേഷം ചേങ്കോട്ടുകോണം ഗുരുദേവപുരം കുണ്ടയത്ത് മേലെവിള സൗമസൗധത്തിൽ സരിതയുടെ (46) നേർക്കാണ് പൗഡിക്കോണം ചെല്ലമംഗലം പ്ലാവില വീട്ടിൽ എസ്. ബിനു (50)വിന്റെ ആക്രമണമുണ്ടായത്. ബിനു കിണറ്റിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. അക്രമത്തിലേക്കു നയിച്ച തർക്കമെന്തെന്ന അന്വേഷണത്തിലാണു പൊലീസ്. ക്രൂരമായ ആക്രമണമാണ് ഉണ്ടായത്.
കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്‌കൂട്ടറിലുണ്ടായിരുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും കരുതി. കിണറ്റിൽനിന്നു കയറ്റുന്നതിനിടെ ചിട്ടിപ്പൈസയുടെ കാര്യം ബിനു പറയുന്നുണ്ടായിരുന്നു. സാമ്പത്തിക തർക്കമാണോ, മറ്റെന്തെങ്കിലുമാണോ എന്ന് ഉറപ്പിച്ചിട്ടില്ല. ഇരുവരും അപകടനില തരണം ചെയ്തശേഷം മൊഴിയെടുക്കും. സരിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റു. ബിനുവിന് 50 ശതമാനവും.
സ്‌കൂട്ടർ നിർത്തി കയ്യിൽ കന്നാസുമായി എത്തിയ ബിനു വാക്കുതർക്കത്തിനുശേഷം പെട്രോൾ സരിതയുടെ ദേഹത്തൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. സരിത തടയുന്നതിനിടയിലാണു ബിനുവിന്റെ ദേഹത്തും പെട്രോൾ വീണു തീപിടിച്ചത്. തീയണയ്ക്കാൻ ഇയാൾ തറയിൽ കിടന്നുരുണ്ടു. വെള്ളമുള്ള കിണറ്റിലേക്ക് എടുത്തുചാടിയത് തീയണയ്ക്കാനാണെന്നും സംശയമുണ്ട്. സരിതയുടെ ബിരുദ വിദ്യാർത്ഥിയായ മകൾ വീട്ടിലുണ്ടായിരുന്നു. മകളുടെ നിലവിളി കേട്ടാണ് അയൽക്കാരെത്തി സരിതയെ ആശുപത്രിയിലാക്കിയത്. ബിനുവിന്റെ മക്കൾ പഠിക്കുന്ന സ്‌കൂളിലെ ആയയാണ് സരിത. കാലങ്ങളായി പരിചയമുണ്ട്.
ബിനുവിന്റെ കൈവശം അഞ്ച് ലിറ്റർ പെട്രോൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്‌നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ബിനുവിന്റെ സ്‌കൂട്ടറിൽനിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ സരിതയെ കണ്ടെത്തിയത്. ഉടൻ ചാക്കും തുണികളും പുതപ്പിച്ച് തീ കെടുത്തി. തുടർന്ന് ആംബുലൻസിൽ സരിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഈ സമയം വീടിന്റെ പിറകിൽ ദേഹമാസകലം തീപിടിച്ച നിലയിൽ നിൽക്കുന്ന ബിനുവിനെ നാട്ടുകാർ കണ്ടെത്തി. അതിനിടെ ഇയാൾ വീട്ടിലെ കിണറ്റിലേക്ക് ചാടി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി മെക്കാനിക്കാണ്. സ്വകാര്യ സ്‌കൂൾ ബസിലെ ആയയായി ജോലി ചെയ്യുകയാണ് സരിത. ഇവർക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്. പ്രതിയുടെ രണ്ടു മക്കളും സരിത ജോലി ചെയ്യുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. ഇവർ തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
സരിതയുടെ ഭർത്താവ് 10 വർഷം മുമ്പാണ് മരിച്ചത്. അതേസമയം സരിതയുടെ ടൂ വീലറിൽ പെട്രോൾ തീർന്നതിനാൽ തന്നോട് അഞ്ചു ലിറ്റർ പെട്രോൾ വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനു പൊലീസിനോട് പറഞ്ഞു. പെട്രോളുമായി എത്തിയപ്പോൾ സരിത അതുവാങ്ങി സ്വന്തം ശരീരത്തിലും തന്റെ ശരീരത്തിലും ഒഴിച്ച് തീകത്തിക്കുകയായിരുന്നെന്നും ബിനുവിന്റെ മൊഴി.
എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുക്കുന്നില്ല. പൊലീസ് നടത്തിയ പരിശോധനയിൽ ബിനുവിന്റെ സ്‌കൂട്ടറിൽ നിന്ന് വെട്ടുകത്തി, മണൽ കലർത്തിയ മുളുകുപൊടി എന്നിവ കണ്ടെടുത്തതാണ് ഇതിന് കാരണം.