- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തത്തിൽ അമിത അളവിൽ ആഴ്സനിക്-മെർക്കുറി-ലെഡ് എന്നിവയുടെ സാന്നിധ്യം; ചെറിയ അളവിൽ വിഷം കലർത്തി പതിയെ മരണത്തിലേക്കെത്തിക്കാനായിരുന്നു ശ്രമമെന്ന പരാതിയിൽ അന്വേഷണം സജീവം; സരിതാ എസ് നായർക്ക് സ്ലോ പോയിസൺ നൽകിയത് പഴയ വിശ്വസ്തനോ? അതിവേഗ അന്വേഷണവുമായി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ രാസവസ്തു കലർത്തി കൊല്ലാൻ ശ്രമം എന്ന പരാതിയിൽ അന്വേഷണം തുടങ്ങി. സ്ലോ പോയിസനിങ്ങിലൂടെ കൊല്ലാൻ ശ്രമമെന്നാണ് പരാതി. സരിത ഗുരുതര രോഗബാധിതയായി ചികിത്സതേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത് എന്നാണ് പരാതി. ചെറിയ അളവിൽ വിഷം കലർത്തി പതിയെ മരണത്തിലേക്കെത്തിക്കാനായിരുന്നു നീക്കം.
ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കേസിൽ തെളിവുകൾ ശേഖരിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം. വിനുകുമാറിന്റെ ഫോൺ രേഖകളും ക്രൈംബ്രാഞ്ച് എസ്‌പി സുനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പരിശോധിക്കും. 2018 മുതൽ ഇത്തരം ശ്രമങ്ങൾ നടക്കുന്നതായി സരിത എസ് നായർ പ്രതികരിച്ചിരുന്നു. ഇനി പഴയ സരിതയാകാൻ സാധിക്കില്ലെന്നും നാഡികൾ ദുർബലമാവുകയും കാലുകൾ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് സരിത എസ് നായർ പറയുന്നു.
രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെർക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് സരിതയുടെ പരാതി. മറ്റാരുടെയോ നിർദ്ദേശപ്രകാരം മുൻ ഡ്രൈവർ വിനുകുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. അതിവേഗ നടപടികളാണ് ഇക്കാര്യത്തിൽ പൊലീസ് എടുക്കുന്നത്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. തിരിച്ചറിയാത്ത ഒരാളെക്കൂടി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി വിനു കുമാറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സരിതയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴി പ്രാഥമിക അന്വേഷണ ഘട്ടത്തിൽ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.
മരണംവരെ സംഭവിക്കാവുന്ന അവസ്ഥയിലാണ് സരിതയുള്ളതെന്നും എഫ്ഐആറിൽ പറയുന്നു. 2018 മുതലാണ് കൊലപാതകശ്രമം ആരംഭിച്ചത്. രോഗം ഗുരുതരമായതോടെ പലവട്ടം കീമോ തെറാപ്പിയടക്കം നടത്തി. സിബിഐക്ക് മൊഴി നൽകി മടങ്ങുമ്പോൾ കരമനയിലെ ഒരു കൂൾബാറിൽ വച്ച് വിനുകുമാർ ജ്യൂസിൽ എന്തോ പൊടി കലർത്തി. അന്നത് കുടിച്ചില്ല. പീഡനക്കേസിൽ പ്രതിയായ ചിലരുമായി വിനുകുമാർ ഫോണിലൂടെയും നേരിട്ടും ഗൂഢാലോചന നടത്തിയിരുന്നതായും സരിതയുടെ മൊഴിയിലുണ്ട്. ഞാൻ ഇക്കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ പറഞ്ഞില്ല എന്നേ ഉള്ളൂ. 2018 ഒക്ടോബർ മുതൽ ഞാൻ ഇതിന്റെ പിടിയിലാണ്. സ്ലോ പോയിസണിങ് കൊണ്ടുണ്ടായ ന്യൂറോളജിക്കൽ പ്രശ്നങ്ങളാണ് ആദ്യം ഉണ്ടായത്. പിന്നെ അത് ഓട്ടോ ഇമ്യൂൺ അസുഖങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല-സരിത പറയുന്നു.
ഇപ്പോൾ ഞാൻ ഇമ്മ്യൂണോ തെറാപ്പിയിലാണ്. കാലുകളുടെ ചലന ശക്തി നഷ്ടപ്പെടുകയും ഞരമ്പുകളെല്ലാം വീക്കാവുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഞാൻ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. 2018 ഒക്ടോബർ തൊട്ട്, അതായത് സോളാർ കമ്മിറ്റി റിപ്പോർട്ട് സബ്മിറ്റ് ചെയ്തതിന് ശേഷം എസ്ഐടി രൂപീകരിച്ചു. അന്വേഷണ സംഘത്തിന് മൊഴി കൊടുക്കാൻ ഞാൻ ഒരു മാസത്തോളം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിലാണ് എനിക്ക് ആദ്യമായി പ്രശ്നം വന്ന് തുടങ്ങിയത്. അപ്പോൾ കൂടെ ഉണ്ടായിരുന്ന ആരെയും സംശയിച്ചില്ല. അവരും മറ്റുള്ളവരെ ചൂണ്ടിക്കാണിച്ച് കൊണ്ടിരുന്നു. പക്ഷേ എന്റെ കൂടെ നിന്നവർ തന്നെയാണ് അത് തന്നത് എന്ന് ഞാൻ ജനുവരിയിൽ ആണ് മനസ്സിലാക്കിയത്. അത് നേരിട്ട് കാണാനുള്ള സാഹചര്യം 2022 ജനുവരി മൂന്നാം തിയ്യതി ഉണ്ടാവുകയും ചെയ്തു-ഇതാണ് സരിതയുടെ വെളിപ്പെടുത്തൽ.
വളരെ അധികം അസുഖങ്ങളിലൂടെ ഞാൻ കടന്ന് പോയി. പലപ്പോഴും ഈ അസുഖങ്ങൾ കൊണ്ട് തന്നെയാണ് ഞാൻ പബ്ലിക്കിന്റെ മുന്നിലും മീഡിയയ്ക്ക് മുന്നിലും വന്ന് നിന്നത്. പക്ഷേ ഞാനത് മറ്റുള്ളവരോട് തുറന്ന് പറയാനുള്ള ഒരു അവസ്ഥയിൽ ആയിരുന്നില്ല. കാരണം ആരാണ് എന്റെ ശത്രു എന്ന് അറിയുന്നുണ്ടായിരുന്നില്ല. രാസവസ്തുക്കളുടെ സാന്നിധ്യം എന്റെ ശരീരത്തിൽ 2018ൽ തന്നെ കണ്ട് പിടിച്ചിരുന്നു. ഓരോ ബ്ലഡ് ടെസ്റ്റ് ചെയ്യുന്തോറും നെർവ്സ് ആണ് ദുർബലമായിക്കൊണ്ടിരിക്കുന്നത്. വിനുകുമാർ രാസവസ്തു കലർത്തുന്നതാണ് ജനുവരിയിൽ കണ്ണ് കൊണ്ട് കണ്ടത്. തന്റെ ഒപ്പമുണ്ടായിരുന്ന സമയത്തും കോൺഗ്രസ് നേതാക്കളുമായിട്ടും, നമുക്ക് എതിർ വശത്ത് നിൽക്കുന്നവരുമായിട്ടും നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഇടതുപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടതായി അറിയില്ല-സരിത വിശദീകരിക്കുന്നു.
എതിർവശത്തുള്ളവർ എന്ന് പറഞ്ഞത് ഞാൻ കേസ് കൊടുത്തവരെ കുറിച്ചാണ്. ആ കേസുമായി ബന്ധപ്പെട്ട് മൊഴി കൊടുക്കുന്ന സമയത്ത് തന്നെയാണ് ഈ അസുഖങ്ങളുടെ തുടക്കം. സിബിഐ അന്വേഷണത്തിനിടെയൊക്കെ വളരെ മോശമായ അവസ്ഥയിലായിരുന്നു. യാത്ര ചെയ്യാനൊന്നും പറ്റുന്നില്ലായിരുന്നു. ഇപ്പോഴും മോശം അവസ്ഥയിലാണ്. നടക്കാനൊന്നും ശരിക്കും പറ്റുന്നില്ല. ഡോക്ടർമാരുടെ ഇടപെടൽ മൂലമാണ് മരിക്കാതിരിക്കുന്നത്. അനുഭവിച്ച കാര്യങ്ങൾ പരാതിയായി നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഇതുവരെ അതൃപ്തിയൊന്നും ഇല്ല.
ഇനി പഴയ സരിതയാകാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ ഇനി ഒരിക്കലും പഴയ സരിത ആകില്ല. വെല്ലൂരും തിരുവനന്തപുരത്തുമായിട്ടാണ് ചികിത്സ. ഇൻഷൂറൻസ് ഉള്ളതുകൊണ്ട് പിടിച്ച് നിൽക്കുന്നു. ജീവൻ പിടിച്ച് നിർത്താൻ പരമാവധി ശ്രമിക്കുകയാണ് എന്നും സരിത എസ് നായർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ